Media
91ാം സങ്കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിച്ചു, ഇപ്പോള്‍ ജീവിക്കുന്നത് ദൈവകൃപയാല്‍’: കോവിഡ് അതിജീവിച്ച അമേരിക്കന്‍ മലയാളി ഡോക്ടറുടെ കണ്ണീരില്‍ കുതിര്‍ന്ന സാക്ഷ്യം

ന്യൂജേഴ്സി: കൊറോണ വൈറസ് ബാധിച്ച് മരണത്തെ മുന്നിൽ കണ്ട അവസ്ഥയിൽ നിന്നും അത്ഭുതകരമായ സൗഖ്യം പ്രാപിച്ച അമേരിക്കയിലെ മലയാളി ഡോക്ടറുടെ വിശ്വാസ സാക്ഷ്യം ചര്‍ച്ചയാകുന്നു. ന്യൂജേഴ്സിയിൽ ഡോക്ടറായി സേവനം ചെയ്യുന്ന തിരുവല്ല സ്വദേശിനി ഡോക്ടർ ജൂലി ജോൺ, പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിലാണ് രോഗം മൂര്‍ച്ഛിച്ച് ഗുരുതരമായപ്പോള്‍ സങ്കീര്‍ത്തനം 91 ചൊല്ലി പ്രാര്‍ത്ഥിച്ചുവെന്നും ദൈവകൃപയാലാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും തുറന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
കൊറോണ വൈറസ് മൂർദ്ധന്യാവസ്ഥയിൽ എത്തിയ സമയത്തെ തന്റെ അനുഭവങ്ങൾ വിവരിച്ച് കഴിഞ്ഞ ദിവസം ജൂലി നൽകിയ അഭിമുഖം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിന്നു. ദൈവമാണ് തന്നെ സുഖപ്പെടുത്തിയതെന്ന് ഡോ. ജൂലി ഉറച്ചുവിശ്വസിക്കുന്നു. സിഎൻഎൻ ചാനലിന് നൽകിയ അഭിമുഖത്തിലും, പിന്നീട് മനോരമ ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിലും ദൈവ കൃപയാലാണ് താന്‍ ജീവിക്കുന്നതെന്ന് അവര്‍ പരസ്യമായി ഏറ്റുപറയുന്നുണ്ട്.
അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തു കൊണ്ടിരിന്ന ഡോ. ജൂലി വീട്ടിൽ മക്കളോടൊപ്പം ആയിരുന്ന സമയത്താണ് വൈറസ് ബാധയുടെ ഏറ്റവും പ്രധാന ലക്ഷണങ്ങളിൽ ഒന്നായ ശ്വാസതടസം അനുഭവിച്ചറിഞ്ഞത്.
ഇതിനെ കുറിച്ച് ജൂലി നിറകണ്ണുകളോടെ വിവരിച്ചത് ഇങ്ങനെ, മക്കളോടൊപ്പം കിടക്കുമ്പോഴാണ് ശ്വാസതടസം ശ്രദ്ധയിൽ പെട്ടത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ ശ്വാസം നിന്നു പോകുന്ന അവസ്ഥ. പെട്ടന്നു രോഗലക്ഷണമാണെന്നു തിരിച്ചറിഞ്ഞപ്പോൾ മരണഭയത്തെ മറികടക്കാൻ ഞാൻ നിലത്തു മുട്ടുകുത്തി സാഷ്ടാംഗം പ്രണമിച്ചു തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം ചൊല്ലി ദൈവത്തിന്റെ ചിറകിന്റെ കീഴിൽ എന്നെ കാത്തുപാലിക്കണമെന്നു പ്രാർത്ഥിച്ചു.
ദൈവം എന്റെ പ്രാർത്ഥന കേൾക്കണമെന്നും എനിക്ക് അല്പം കൂടെ സമയം അനുവദിക്കണമെന്നും ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. കണ്ണീരോടെ ഡോ. ജൂലി സിഎൻഎൻ ചാനലില്‍ സംസാരിക്കുമ്പോൾ അവതാരകന്റെ മുഖവും ദുഃഖപൂരിതമായിരിന്നു.
ദൈവം ആഗ്രഹിക്കുംപോലെ തുടർന്നും ജോലിയിൽ പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് അവരുടെ അഭിമുഖം അവസാനിക്കുന്നത്. വൈറസിൽ നിന്നും പൂർണമായും മോചനം പ്രാപിച്ചു പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ ഒരുങ്ങുകയാണ് ഇന്നു ഡോ. ജൂലി ജോൺ.
യേശു ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ പ്രത്യാശയര്‍പ്പിച്ച് കൊറോണ വൈറസിനെ അതിജീവിച്ച നിരവധിയാളുകളുടെ വിശ്വാസ സാക്ഷ്യം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡോക്ടര്‍ ജൂലി.
Media
കണ്ടൽക്കാടിന്റെ സൗന്ദര്യം നടന്നാസ്വദിക്കാൻ ‘അൽ ഗുറം’

അബുദാബി: കണ്ടൽക്കാടിന്റെ കാഴ്ചയാസ്വദിച്ച് നടക്കാൻ അബുദാബിയിൽ പുതിയ പാർക്ക് ‘അൽഗുറം’ തുറന്നു.
ശൈഖ് സായിദ് റോഡിൽ അബുദാബിയിലേക്ക് വരുന്ന ഭാഗത്താണ് വെള്ളക്കെട്ടിനും കണ്ടൽക്കാടിനും അഭിമുഖമായി മനോഹരമായ നടപ്പാതയടക്കമുള്ള പാർക്ക് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി നവീകരണം നടന്നുകൊണ്ടിരുന്ന കോർണിഷാണ് പുതിയ ഒട്ടേറെ സവിശേഷതകളുമായി സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. എല്ലാവർക്കും പ്രവേശിക്കാവുന്ന വിശ്രമ, വ്യായാമ, വിനോദകേന്ദ്രങ്ങൾ അൽ ഗുറം പാർക്കിന്റെ പ്രത്യേകതയാണെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
സന്ദർശകർക്കായി വ്യായാമ, യോഗ ഇടങ്ങൾ, 3.5 കിലോമീറ്റർ നടപ്പാത, സൈക്ലിങ് ട്രാക്കുകൾ എന്നിവയ്ക്കുപുറമേ കയാക്കിങ് ആസ്വദിക്കാനും അവസരമുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ, പുസ്തകങ്ങൾ വായിക്കുന്നതിനുള്ള ഇടങ്ങൾ എന്നിവയും കോർണിഷിൽ ഒരുക്കിയിട്ടുണ്ട്. ഇവിടത്തെ പ്രശസ്തമായ ഡോൾഫിൻ പാർക്ക് നവീകരിച്ചതിന് പുറമേ ബാർബിക്യൂ സ്റ്റേഷനുകളും പൊതുശൗചാലയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കുടുംബങ്ങൾക്കായി ഒട്ടേറെ വിനോദകേന്ദ്രങ്ങളുടെ നിർമാണമാണ് അബുദാബിയിൽ പുരോഗമിക്കുന്നത്. അബുദാബി ക്രൂയിസ് ടെർമിനലിനൊപ്പം റീം ഐലൻഡിലെ അൽ ഫേ പാർക്ക്, മാർസ മിന എന്നിവയും സഞ്ചാരികൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
കടപ്പാട് :കേരളാ ന്യൂസ്
Media
ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നു. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഓൺലൈൻ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരുന്നു. ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കാൻ നിയമ വേണമെന്നാവശ്യപ്പെട്ട് തൃശ്സൂർ സ്വദേശി പോളി വടയ്ക്കൻ നൽകിയ പൊതു താൽപ്പര്യ ഹർജിയിൽ നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നീക്കം.
കടപ്പാട് :കേരളാ ന്യൂസ്