Media
കേന്ദ്രസർക്കാരിന്‍റെ പുതിയ ചട്ടം: സാമൂഹിക മാധ്യമങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ ഇവയാണ്

ന്യൂഡൽഹി:പരാതി സ്വീകരിക്കാനും പരിഹരിക്കാനും സാമൂഹിക മാധ്യമങ്ങൾ ഗ്രീവൻസ് ഓഫീസറെ നിയമിച്ച് അവരുടെ പേരും വിലാസവും നൽകണമെന്ന് ഉള്ളടക്കത്തെ നിയന്ത്രിക്കാൻ കേന്ദ്രം തയ്യാറാക്കിയ ചട്ടം ശുപാർശചെയ്യുന്നു. ഈ ഓഫീസർ 24 മണിക്കൂറിനുള്ളിൽ പരാതി സ്വീകരിച്ച് 15 ദിവസത്തിനുള്ളിൽ പരിഹരിക്കണം.
* ഉപയോക്താക്കളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തണം. വ്യക്തികളുടെ സ്വകാര്യഭാഗങ്ങൾ, നഗ്നത, ലൈംഗിക നടപടികൾ, മോർഫ് ചെയ്ത് വ്യാജമായി ചിത്രീകരിച്ച ദൃശ്യങ്ങൾ എന്നിവയടങ്ങിയ ഉള്ളടക്കത്തിന് ഇത് ബാധകമാണ്. ആക്ഷേപത്തിന് ഇരയായ വ്യക്തിക്കോ മറ്റാർക്കെങ്കിലുമോ പരാതിനൽകാം.
പ്രബലമായ സാമൂഹിക മാധ്യമങ്ങൾ അധികമായി സ്വീകരിക്കേണ്ട നടപടികൾ
* ചട്ടങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നടത്തിപ്പ് ഏജൻസികളുമായി ഏകോപനത്തിനും തർക്കപരിഹാര സംവിധാനം നടപ്പാക്കാനും ഓഫീസർമാരെ നിയമിക്കണം. മൂന്ന് പേരും ഇന്ത്യക്കാരായിരിക്കണം.
* പരാതികളും സ്വീകരിച്ച നടപടികളും വ്യക്തമാക്കി സാമൂഹിക മാധ്യമസ്ഥാപനം പ്രതിമാസ റിപ്പോർട്ട് അയക്കണം.
* രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, സുഹൃദ് ബന്ധമുള്ള വിദേശരാജ്യങ്ങൾ, പൊതുക്രമം എന്നിവക്കെതിരായ ഉള്ളടക്കം സംബന്ധിച്ചുള്ള പരാതികളിൽ ഉള്ളടക്കത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കണം. ബലാത്സഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, ലൈംഗിക ദൃശ്യങ്ങൾ, കുട്ടികൾക്കെതിരേയുള്ള ലൈംഗീകാക്രമണത്തിനുള്ള ദൃശ്യങ്ങൾ തുടങ്ങിയ ഉള്ളടക്കം സംബന്ധിച്ച പരാതികളിലും ഈ നിർദേശം ബാധകമായിരിക്കും. ഈ ഉള്ളടക്കങ്ങൾ 36 മണിക്കൂറിനുള്ളിൽ നീക്കണം.
* കോടതി, സർക്കാർ, സർക്കാർ ഏജൻസികൾ എന്നിവർ തടയുന്ന നിയമവിരുദ്ധമായ ഒരു വിവരവും പ്രസിദ്ധീകരിക്കരുത്.
* പ്രബലമായ സാമൂഹിക മാധ്യമങ്ങൾക്ക് ഇന്ത്യയിൽ നേരിട്ട് മേൽവിലാസമുണ്ടായിരിക്കണം.
ഡിജിറ്റൽ മീഡിയക്കും ധാർമികമൂല്യ ചട്ടം
* ഒ.ടി.ടി. പ്ലാറ്റ്ഫോം, വാർത്താ പോർട്ടൽ, ഡിജിറ്റൽ മീഡിയ എന്നിവയ്ക്ക് സ്വയംനിയന്ത്രണ സംവിധാനം, കോഡ് ഓഫ് എതിക്സ്, മൂന്ന് തലത്തിലുള്ള തർക്കപരിഹാര സംവിധാനം എന്നിവ വേണം.
* ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ വയസ്സിന്റെ അടിസ്ഥാനത്തിൽ സ്വയം വർഗീകരണം നടത്തണം. സിനിമകൾക്ക് സമാനമായി വയസ്സ് അടിസ്ഥാനമാക്കി ഉള്ളടക്കത്തെ അഞ്ച് വിഭാഗങ്ങളായി തരംതിരിക്കണം. യു വിഭാഗം (യൂണിവേഴ്സൽ), യു/എ ഏഴു വയസ്സോ അതിൽ കൂടുതലോ പ്രായം, യു/എ 13 വയസ്സോ അതിൽ കൂടുതലോ പ്രായം, യു/എ 16 വയസ്സോ അതിൽ കൂടുതലോ പ്രായം, പ്രായപൂർത്തിയായവർക്കുള്ള എ വിഭാഗം എന്നിങ്ങനെയായിരിക്കണം തരംതിരിവ്. പേരന്റൽ ലോക് സംവിധാനം ഒരുക്കണം.
* പ്രസാധകർക്ക് ഒന്നോ രണ്ടോ സ്വയംനിയന്ത്രണ സമിതികളെ നിയോഗിക്കാം. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ വിരമിച്ച ജഡ്ജിമാരോ ഉന്നത വ്യക്തിത്വങ്ങളോ ആയിരിക്കണം സമിതിയെ നയിക്കേണ്ടത്.
* വാർത്താവിതരണ മന്ത്രാലയം ഒരു മേൽനോട്ട സംവിധാനത്തിന് രൂപംകൊടുക്കും.
കടപ്പാട് :കേരളാ ന്യൂസ്
Media
പുതുക്കിയ വെള്ളക്കര വര്‍ധന പ്രാബല്യത്തില്‍; നിരക്കില്‍ അഞ്ചു ശതമാനം വര്‍ധന

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വെള്ളക്കര വർധന പ്രാബല്യത്തിൽ. ഏപ്രിൽ ഒന്ന് മുതലുള്ള അടിസ്ഥാന കുടിവെള്ള നിരക്കിൽ അഞ്ചു ശതമാനം വർധന ജല അതോറിറ്റി നടപ്പാക്കും. ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് കുറഞ്ഞ നിരക്ക് 4 രൂപ എന്നത് 4 രൂപ 20 പൈസയാകും. പ്രതിമാനം 10000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് എട്ട് സ്ലാബ് അടിസ്ഥാനമാക്കി ബില്ലിൽ അഞ്ചു ശതമാനം ഉയരും.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ ഉയർത്തുന്നതിനായി ഇടതുസർക്കാർ അംഗീകരിച്ച ഒരു ഉപാധിയാണ് വെള്ളക്കര വർധന. ഏപ്രിൽ ഒന്നുമുതൽ വെള്ളക്കരം അടിസ്ഥാന നിരക്ക് അഞ്ചു ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ ഫെബ്രുവരി പത്തിന് ഉത്തരവിറക്കിയിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഉത്തരവ് രഹസ്യമാക്കിവച്ചെങ്കിലും പുറത്തുവന്നതോടെ നിരക്കുവർധന തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പിന്റെ വിശദീകരണം.
എന്നാൽ വെള്ളക്കരം വർധിപ്പിക്കാനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജല അതോറിറ്റി ഈ മാസം മുതൽ കുടിവെള്ള നിരക്ക് പുതുക്കി നിശ്ചയിച്ചു. ഗാർഹികം, ഗാർഹികേതരം, വ്യവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രിൽ മാസം മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ഉന്നത ജല അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.
ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിനുള്ള കുറഞ്ഞ നിരക്ക് 4 രൂപ 20 പൈസയാകും. പ്രതിമാസം 10000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് നിലവിൽ എട്ട് സ്ലാബുകൾ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത നിരക്കുകളാണ്. ഇത് 1000 ലിറ്ററിന് അഞ്ചു രൂപ മുതൽ 14 രൂപ വരെ എന്ന നിലവിലെ താരിഫിൽ പ്രതിഫലിക്കും.
ജലവിഭവ വകുപ്പ് നേരത്തെ ഉത്തരവിറക്കിയതിനാൽ വർധന നടപ്പിലാക്കാൻ ഇനി ജല അതോറിറ്റി പുതിയ ഉത്തരവ് ഇറക്കേണ്ടതില്ല.
കടപ്പാട് :കേരളാ ന്യൂസ്
Media
പതിനാറ് രാജ്യങ്ങളിൽ ഇഫ്താർ വിതരണം നടത്താനൊരുങ്ങി സൗദി അറേബ്യ

റിയാദ്: പതിനാറ് രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുന്ന പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി സൗദി അറേബ്യ. കൊവിഡ് പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് സൗദി 16 രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തു.
വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ക്കനുസരിച്ച് അതത് രാജ്യങ്ങളിലെ സൗദി എംബസികളുമായും ഇസ്ലാമിക് മന്ത്രാലയ കേന്ദ്രങ്ങളുമായും ഏകോപിപ്പിച്ചാണ് വിതരണം നടത്തുക. ലോകമെമ്പാടമുള്ള മുസ്ലിംകളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമികകാര്യ മന്ത്രാലയം നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് എല്ലാ പിന്തുണയും നല്കുന്ന സല്മാന് രാജാവിനും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഇസ്ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍ അശൈഖ് നന്ദി അറിയിച്ചു. ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ഓരോ രാജ്യങ്ങളിലെയും ഗുണഭോക്താക്കളുടെയും വിതരണ തൊഴിലാളികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വേണ്ട കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.