National
ഇന്ത്യയിലെ മതപരിവർത്തന നിരോധന നിയമങ്ങളും ക്രൈസ്തവ പീഡനങ്ങളും
കെസിബിസി ജാഗ്രത കമ്മീഷൻ നിയമിച്ച വിശകലന സമിതി തയ്യാറാക്കിയ പഠന റിപ്പോർട്ട്.
ഇന്ത്യയൊട്ടാകെ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിവരുന്ന സംഘടനയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷൻ (UCF). വർഷം കഴിയും തോറും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ പീഡനങ്ങളുടെ എണ്ണവും രൂക്ഷതയും വർധിച്ചുവരുന്നത് UCF റിപ്പോർട്ടുകളിൽനിന്ന് വ്യക്തമാണ്. ഹെൽപ് ലൈൻ നമ്പർ വഴിയായി വിവരം ലഭിക്കുന്ന സംഭവങ്ങളാണ് മുഖ്യമായും അവർ അന്വേഷണ വിധേയമാക്കുകയും രേഖപ്പെടുത്തുകയും ചെയ്തുവരുന്നത്. ഏറ്റവും ഒടുവിൽ, കഴിഞ്ഞ വർഷം ആ സംഘടനയുടെ പഠനങ്ങളുടെ വെളിച്ചത്തിൽ ലഭ്യമായ കണക്കുകൾ പ്രകാരം, 2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 14 വരെയുള്ള 334 ദിവസങ്ങളിൽ 687 അക്രമസംഭവങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവക്കെതിരെ നടന്നിട്ടുണ്ട്. എന്നാൽ, റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങൾ വളരെയേറെയായിരിക്കാമെന്നാണ് അനുമാനം. 2023 ലെ റിപ്പോർട്ടിൽ മണിപ്പൂരിലെ ക്രൈസ്തവ വേട്ടയുടെ കണക്കുകൾ ഉൾപ്പെടുത്തപ്പെട്ടിട്ടില്ല എന്നുള്ളത് ശ്രദ്ധേയമാണ്.
യുസിഎഫിന്റെ റിപ്പോർട്ട് പ്രകാരം, 334 ദിവസങ്ങൾക്കിടയിൽ നടന്ന 687 അക്രമ സംഭവങ്ങളിൽ 484 എണ്ണവും (70%) ഉത്തരപ്രദേശ് (287), ഛത്തീസ്ഘട്ട് (148), ജാർഖണ്ഡ് (49) എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സംസ്ഥാനങ്ങളെല്ലാം മതപരിവർത്തന നിരോധന നിയമങ്ങൾ നടപ്പാക്കപ്പെട്ടിട്ടിട്ടുള്ള സംസ്ഥാനങ്ങളാണ്. മതപരിവർത്തനം സംബന്ധിച്ച വ്യാജ ആരോപണങ്ങളെ തുടർന്നുള്ള അക്രമസംഭവങ്ങളാണ് ഇവയിൽ ഏറെയും. ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾക്ക് വ്യാപകമായി മതപരിവർത്തന നിരോധന നിയമങ്ങൾ മറയാക്കപ്പെടുന്നു എന്നുള്ളതിൽനിന്ന്, ഈ നിയമങ്ങളുടെ പ്രത്യാഘാതങ്ങളും ഭീകരതയും നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
സുപ്രീം കോടതി മുൻ ജഡ്ജിയും, ത്രിപുര, ഛത്തീസ്ഘട്ട് ഹൈക്കോടതികളുടെ മുൻ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് ദീപക് ഗുപ്തയുടെ അഭിപ്രായം ശ്രദ്ധേയമാണ്: “ഒരു വ്യക്തി മതം മാറുന്നുണ്ടോ എന്നത് സംസ്ഥാന സർക്കാർ അറിയേണ്ടതില്ല.” വ്യക്തി സ്വാതന്ത്ര്യവും മൗലികാവകാശവും പ്രകാരം ഒരു വ്യക്തിയുടെ വിശ്വാസം, ആഹാരം, വസ്ത്രം തുടങ്ങിയ വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ സർക്കാർ ചിന്തിക്കേണ്ട വിഷയങ്ങളല്ല. എന്നാൽ, അതിന് വിരുദ്ധമായ ഒരു സാഹചര്യം ഉടലെടുക്കുന്നതും, ഒരുവൻ വിശ്വസിക്കുന്ന മതത്തിന്റെപേരിൽ വിവേചനവും അനീതിയും നേരിടുന്നതും പല സംസ്ഥാനങ്ങളിലും ഇന്ന് വാർത്തയല്ലാതായിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ്, ധരിച്ചിരുന്ന സന്യാസ വസ്ത്രത്തെയും ക്രൈസ്തവ വിശ്വാസത്തെയും പ്രതി ആസാമിൽ വച്ച് ഒരു കത്തോലിക്ക സന്യാസിനി അവഹേളിക്കപ്പെടുകയുണ്ടായത്. ബസിൽ യാത്രചെയ്യുകയായിരുന്ന അവരെ ബസ് ഡ്രൈവറും കണ്ടക്ടറും സഹയാത്രികരും ചേർന്ന് അപമാനിക്കുകയും വിജനമായ സ്ഥലത്ത് നിർബ്ബന്ധിച്ച് ഇറക്കിവിടുകയുമുണ്ടായത് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യുകയുണ്ടായി. 2021 മാർച്ചിൽ, ദീർഘദൂര ട്രെയിൻ യാത്രികരായിരുന്ന കത്തോലിക്കാ സന്യാസിനിമാർ ഉത്തർപ്രദേശിൽ വച്ച് ആക്രമിക്കപ്പെടുകയും ട്രെയിനിൽനിന്ന് ബലമായി പിടിച്ചിറക്കി മതപരിവർത്തന നിരോധന നിയമം ചുമത്തി ജയിലിലടയ്ക്കാൻ ശ്രമം നടത്തുകയും ചെയ്ത സംഭവവവും വിവാദമായിരുന്നു.
പലയിടങ്ങളിലും അതിന്യൂനപക്ഷമായ ക്രൈസ്തവ വിഭാഗങ്ങൾ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത് പതിവാകുമ്പോഴും, പ്രസ്തുത സംസ്ഥാനങ്ങളിലെ സർക്കാരുകൾ ആക്രമികൾക്ക് എതിരെ നടപടി സ്വീകരിക്കാൻ മടിക്കുന്നത് എന്തുകൊണ്ട് എന്നുള്ളത് ഉത്തരമില്ലാത്ത ഒരു ചോദ്യമായി തുടരുകയാണ്. ക്രൈസ്തവർക്കെതിരെ വ്യാപകമായ ദുഷ്പ്രചാരണങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും അതിന് ആനുപാതികമായി മതപരിവർത്തനം എന്ന വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള കള്ളക്കേസുകളും കുത്തനെ ഉയരുമ്പോഴും മതപരിവർത്തന നിരോധന നിയമങ്ങൾ നടപ്പാക്കിയിരിക്കുന്ന സംസ്ഥാന ഭരണകൂടങ്ങൾ അപകടകരമായ നിശബ്ദതയിൽ തുടരുകയാണ്.
മതപരിവർത്തന നിരോധന നിയമങ്ങളുടെ ചരിത്രം
ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ വേണ്ടി നടപ്പിൽവരുത്തിയിട്ടുള്ള നിയമങ്ങളെയാണ് മതപരിവർത്തന നിരോധന നിയമങ്ങൾ എന്ന് വിളിക്കുന്നത്. നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ എന്ന് പൊതുവെ അറിയപ്പെടുന്നെങ്കിലും “മത സ്വാതന്ത്ര്യ നിയമം (Right to freedom of religion)” എന്നാണ് മിക്കവാറും സംസ്ഥാനങ്ങളിലും ഈ നിയമത്തിന് പേര് നൽകപ്പെട്ടിരിക്കുന്നത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ്, ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ ഇവിടെയുള്ള ചില നാട്ടുരാജ്യങ്ങളിൽ മതപരിവർത്തനങ്ങൾ നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ള നിയമങ്ങൾ നിലവിലുണ്ടായിരുന്നു. അത്തരം പ്രദേശങ്ങളിൽ മിഷൻ പ്രവർത്തനങ്ങൾ നടത്താൻ മിഷനറിമാർക്ക് ലൈസൻസ് നിർബ്ബന്ധിതമാക്കിയിരുന്നു. റായ്‌ഗഡ് സ്റ്റേറ്റ് കൺവെർഷൻ ആക്ട് 1936, സർഗുജ സ്റ്റേറ്റ് അപ്പോസ്റ്റസി ആക്ട് 1942, ഉദയ്പൂർ സ്റ്റേറ്റ് ആന്റി കൺവെർഷൻ ആക്ട് 1946 എന്നിവ ഉദാഹരണങ്ങളാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രൈവറ്റ് ബില്ലുകൾ വഴി മതപരിവർത്തനത്തിന് നിരോധനവും നിയന്ത്രണവും ഏർപ്പെടുത്താനുള്ള നിയമം കൊണ്ടുവരാനുള്ള നീക്കങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല. 1960 ൽ പിന്നാക്ക സമുദായ മത സംരക്ഷണ ബിൽ എന്ന പേരിൽ ഹൈന്ദവ വിഭാഗങ്ങളിൽ പെട്ടവർ ഇന്ത്യയ്ക്ക് വെളിയിൽനിന്നുള്ള മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നത് തടയാൻ ലക്‌ഷ്യം വച്ചുള്ള ബിൽ അവതരിപ്പിക്കപ്പെടുകയുണ്ടായിരുന്നു. 1979 ലും അപ്രകാരമൊരു ബിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി.
അത്തരം നീക്കങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ് 2015 ൽ രാജ്യവ്യാപകമായ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായെങ്കിലും ഹർജ്ജി കോടതി തള്ളി. വീണ്ടും ഇതേ ആവശ്യവുമായി അതേ വ്യക്തി തന്നെ 2022 ൽ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഒരു ഘട്ടത്തിൽ ഹർജ്ജിക്കാരൻ ഹർജ്ജി പിൻവലിക്കുകയാണുണ്ടായത്. ഇത്തരമൊരു കേന്ദ്ര നിയമം നിർമ്മിക്കുക സാധ്യമെല്ലെന്നും, ഭരണഘടന പ്രകാരം (State List, Entry 1, Schedule7th) ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് നിയമനിർമ്മാണം നടത്താമെന്നുമായിരുന്നു കേന്ദ്ര നിയമമന്ത്രാലയം സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. കേന്ദ്രത്തിന് അത്തരമൊരു നിയമ നിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്യാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.
മതപരിവർത്തന നിരോധന നിയമങ്ങൾ
നിലവിൽ ഒഡീഷ, ഛത്തീസ്ഘട്ട്, മധ്യപ്രദേശ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ജാർഖണ്ട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ട്, ഹരിയാന തുടങ്ങി ഒൻപത് സംസ്ഥാനങ്ങളിലാണ് മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നിലവിൽ വന്നിട്ടുള്ളത്. കർണ്ണാടകയിലെ ബിജെപി സർക്കാർ മതപരിവർത്തന വിരുദ്ധ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നുവെങ്കിലും കഴിഞ്ഞ വർഷം അധികാരത്തിൽ വന്ന കോൺഗ്രസ്സ് സർക്കാർ ഈ നിയമം റദ്ദാക്കുകയുണ്ടായി. അരുണാചൽപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ നിയമം കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെയും വിജയിച്ചിട്ടില്ല. ത്രിപുര, ആസാം പോലുള്ള സംസ്ഥാനങ്ങളിൽ നിയമ നിർമ്മാണത്തിനുള്ള ശ്രമങ്ങൾ തുടരുന്നു. സമീപഭാവിയിൽ കൂടുതൽ സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നതിൽ തർക്കമില്ല.
മതപരിവർത്തന നിരോധന നിയമങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ
ഒരു വ്യക്തി താൻ വിശ്വസിക്കുന്ന മതം ഒരു അധികാരിക്ക് മുന്നിൽ അവതരിപ്പിക്കുകയും ഭരണകൂടം അത് അംഗീകരിച്ചു തരാൻ ഒട്ടേറെ കടമ്പകൾ കടക്കുകയും വേണ്ടതായി വരുന്ന സാഹചര്യം വ്യക്തി സ്വാതന്ത്ര്യത്തെയും മൗലികാവകാശത്തെയും ചോദ്യം ചെയ്യുന്ന ഒന്നാണ്. ആ വ്യക്തിയുടെ അപേക്ഷ പ്രകാരം കളക്ടർ തീരുമാനമെടുത്താലേ പ്രസ്തുത വ്യക്തിക്ക് തന്റെ വിശ്വാസത്തിൽ തുടരാൻ കഴിയൂ എന്ന് വിവിധ മതപരിവർത്തന നിരോധന നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നു. മതംമാറ്റത്തിന് ശേഷവും തന്റെ ആവശ്യം സ്ഥാപിച്ചുകിട്ടാൻ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ കളക്ടർക്ക് മുന്നിൽ വ്യക്തി സത്യവാങ്മൂലം സമർപ്പിക്കുന്നതോടൊപ്പം അത് പൊതുവായി പരസ്യപ്പെടുത്തുകയും വേണം. ഭരണഘടനയുടെ ആർട്ടിക്കിൾ 25-ൽ ഇപ്രകാരം പറയുന്നു: All persons are equally entitled to freedom of conscience and the right freely to profess, practise and propagate religion. ഇതിൽ ഓരോ വ്യക്തിക്കും സ്വന്തം മനഃസാക്ഷിക്ക് അനുസൃതമായി മതവിശ്വാസിയായിരിക്കുന്നതിനും വിശ്വാസവും ആചാരങ്ങളും പരസ്യമായി അനുവർത്തിക്കുന്നതിനും, പ്രഖ്യാപിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യൻ ഭരണഘടന നൽകിയിട്ടുള്ളത് എന്നിരിക്കെ, നിലവിലുള്ള മതപരിവർത്തന നിരോധന നിയമങ്ങളിലെ ചില വ്യവസ്ഥകളും, അടിച്ചേൽപ്പിക്കലുകളും ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന് നിസംശയം പറയാം. മാത്രവുമല്ല, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പലപ്പോഴും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളാൽ സംരക്ഷിക്കപ്പെടുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ലംഘിക്കുന്നു എന്നതും വ്യക്തമാണ്. ഈ നിയമങ്ങൾ സ്വന്തം മതം തിരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ന്യൂനപക്ഷ മതങ്ങളെ അടിച്ചമർത്താൻ ഉപയോഗിക്കുകയും ചെയ്യാം. കൂടാതെ, വ്യക്തി സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം തുടങ്ങിയ മൗലിക അവകാശങ്ങളുടെ നിഷേധത്തിനും ഈ നിയമങ്ങൾ കാരണമാകാം.
അടുത്തകാലത്തായി വിവാഹത്തിന് മുന്നോടിയായുള്ള മതം മാറ്റത്തെയും വിവിധ മതപരിവർത്തന നിരോധന നിയമങ്ങൾ വഴിയായി നിരോധിച്ചിട്ടുണ്ട്. എളുപ്പത്തിൽ വിവാഹം നടത്തുന്നതിനായി മതപരിവർത്തനം ഒരു മാർഗ്ഗമാക്കുന്നു എന്നതിനാലാണ് നിയമത്തിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും, പൂർണ്ണ മനസോടെയും ആഗ്രഹത്തോടെയുമുള്ള മതപരിവർത്തനങ്ങൾക്കും ഇത് തടസമായി മാറുകയും, കേസുകൾക്ക് കാരണമാവുകയും ചെയ്യുന്നു. അത്തരം സാഹചര്യങ്ങളിൽ വിവാഹവും അസാധുവായി പ്രഖ്യാപിക്കപ്പെടുകയും റദ്ദാക്കപ്പെടുകയും ചെയ്യും. അവിടെയും വ്യക്തിയുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു വസ്തുതയെ ഗുജറാത്ത് ഹൈക്കോടതി ചോദ്യം ചെയ്തിട്ടുണ്ട്.
മതപരിവർത്തന നിരോധന നിയമങ്ങൾ പ്രകാരം ഒരു കുറ്റകൃത്യം അഥവാ ആരോപണം നിയമപരമായി ഉന്നയിക്കാൻ കഴിയുന്നത് ഇരയായ വ്യക്തിക്കോ അയാളുടെ മാതാപിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ ആണെങ്കിൽ, സമീപകാലങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ ബഹുഭൂരിപക്ഷത്തിനും പിന്നിൽ പ്രാദേശിക ഹിന്ദുത്വ സംഘടനാ പ്രവർത്തകരാണ്. വ്യാജമായ ആരോപണങ്ങളാണ് കേസുകളിലേയ്ക്ക് എത്തുന്നതും, നിരപരാധികളാണ് ജയിലിൽ അടയ്ക്കപ്പെടുന്നതും. വളരെ വർഷങ്ങളായി മാതൃകാപരമായി നടന്നുവരുന്ന ഒട്ടേറെ സ്ഥാപനങ്ങൾ ആശങ്കകളുടെ നിഴലിൽ അകപ്പെട്ടിരിക്കുന്നു. ബൈബിളോ പ്രാർത്ഥന പുസ്തകങ്ങളോ എവിടെനിന്നെങ്കിലും കണ്ടെത്തുന്നത് പോലും മതപരിവർത്തന നിരോധന നിയമപ്രകാരം കുറ്റം ചുമത്തുന്നതിനും വൈദികരെയും സന്യസ്തരെയും അറസ്റ്റ് ചെയ്യുന്നതിനും കാരണമായി മാറിയ സംഭവങ്ങൾ ഒട്ടേറെയുണ്ട്. അനീതി നിറഞ്ഞതും നിയമവിരുദ്ധവുമായ ഇത്തരം ഇടപെടലുകൾ ഭരണകൂടങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്.
നിർബന്ധിത മതപരിവർത്തനം തടയുക എന്നതാണ് ഇത്തരം നിയമങ്ങളുടെ ലക്ഷ്യമായി പറയുന്നതെങ്കിലും, ന്യൂനപക്ഷങ്ങളെ വിശിഷ്യാ, ക്രിസ്ത്യൻ മിഷണറിമാരെയാണ് ഇത്തരം നിയമം ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. ഒരാൾ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനോ നിർബ്ബന്ധിതമായി “ഘർവാപ്പസി” എന്ന പേരിൽ മതപരിവർത്തനം നടത്തുന്നതിനോ ഈ നിയമങ്ങൾ ഒന്നും തന്നെ ബാധകമല്ല എന്നത് വിചിത്രമാണ്. പലയിടങ്ങളിലും തലമുറകളായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പലരും ഒറ്റയ്ക്കും കൂട്ടത്തോടെയും തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നിർബന്ധമായി മതപരിവർത്തനം ചെയ്യപ്പെടുന്നത് ഈ നിയമങ്ങളുടെ പരിധിയിൽ വരുന്നില്ല അഥവാ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നില്ല എന്ന വാസ്തവത്തിൽ നിന്നാണ് ഇത്തരം നിയമങ്ങൾക്ക് പിന്നിലെ കുടിലതയും കപടതയും നാം തിരിച്ചറിയേണ്ടത്.
ചില മതവിഭാഗങ്ങളോട്, പ്രത്യേകിച്ച് ന്യൂനപക്ഷ മതങ്ങളോട്, വിവേചനം കാണിക്കാൻ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ ഉപയോഗിക്കാം. ഒട്ടേറെ സന്ദർഭങ്ങളിൽ, ഒരു പ്രത്യേക സമൂഹത്തിലെ പ്രബല മതത്തെ സംരക്ഷിക്കുന്നതിനോ ന്യൂനപക്ഷ മതങ്ങളെ അടിച്ചമർത്തുന്നതിനോ വേണ്ടി മതപരിവർത്തന വിരുദ്ധ നിയമങ്ങൾ ദുരുപയോഗിക്കപ്പെടുന്നു. ഇത്തരം നിയമങ്ങൾ ഭൂരിപക്ഷ മതവിഭാഗത്തെ സംരക്ഷിക്കാൻ പക്ഷപാതപരമായി ഉപയോഗിക്കുന്നുവെങ്കിൽ, അവ സാമൂഹികവും സാംസ്കാരികവുമായ വിഭജനത്തിന് കാരണമാകും. രാജ്യത്തിൻ്റെ സാംസ്കാരികവും സാമൂഹികവുമായ ഐക്യം സംരക്ഷിക്കാനും മതംമാറ്റത്തിലെ ബലപ്രയോഗവും കൃത്രിമങ്ങളും തടയാനും നിയമങ്ങൾ ആവശ്യമാണെന്ന വാദമാണ് പലപ്പോഴും മതപരിവർത്തന നിരോധന നിയമങ്ങളെ അനുകൂലിച്ചുകൊണ്ടു ചിലർ വാദിക്കുന്നത്. എന്നിരുന്നാലും, ഈ നിയമങ്ങൾ പ്രായോഗിക തലത്തിൽ ന്യൂനപക്ഷ മതങ്ങളെ അടിച്ചമർത്താനും, പൗരന്മാരുടെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം പരിമിതപ്പെടുത്താനുമുള്ള ഒരു ആയുധമായി ഉപയോഗിക്കപ്പെടുന്നു എന്നതാണ് വാസ്തവം.
മതപരിവർത്തന നിരോധന നിയമങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമ്പോൾ
ആദ്യ കേസ്: ഒഡീഷയിലും മധ്യപ്രദേശിലും മതപരിവർത്തന നിരോധന നിയമങ്ങൾ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ ആ നിയമങ്ങളിലെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാണിച്ചുകൊണ്ടും നിയമത്തിന്റെ നിലനിൽപ്പ് ചോദ്യംചെയ്‌തുകൊണ്ടും സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന് മുന്നിൽ ഒരു ഹർജ്ജി (Stanislaus vs Madhya Pradesh, 1977 SCR (2) 611) സമർപ്പിക്കപ്പെടുകയുണ്ടായി. ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്ന മതപ്രചാരണത്തിനും മത സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഈ നിയമങ്ങൾ തടയുന്നു എന്ന വസ്തുതയാണ് ഹർജിക്കാരനായ സ്റ്റനിസ്ലാവോസ് ചൂണ്ടിക്കാണിച്ചത്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ ഒന്നായ മത പ്രചരണത്തിനുള്ള (സുവിശേഷ പ്രഘോഷണം) സ്വാതന്ത്ര്യം തടയപ്പെടുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള ആ കേസിലെ വിധി പ്രസ്താവം വളരെ നിർണ്ണായകമാണ്. ചീഫ് ജസ്റ്റിസ് എ എൻ റോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ച്, നിലവിലുണ്ടായിരുന്ന മതപരിവർത്തന നിരോധന നിയമങ്ങൾ തടയുകയുണ്ടായില്ലെങ്കിലും മത പ്രചാരണത്തിനുള്ള അവകാശം (Right to propagate) എന്നതിലെ “Propagate” എന്ന വാക്കിന് വ്യക്തത നൽകുകയുണ്ടായി. മതപ്രചാരണം എന്നത് മൗലികാവകാശമാണ് എന്നത് കോടതി വ്യക്തമാക്കിയതിനൊപ്പം, മതംമാറ്റുക എന്ന പ്രവൃത്തി മൗലിക അവകാശങ്ങളുടെ പരിധിയിൽ വരികയില്ല എന്ന് കൂട്ടിച്ചേർത്തു.
നിലവിലെ കേസുകൾ: മതപരിവർത്തന നിരോധന നിയമങ്ങളുടെ ഭരണഘടനാ ലംഘനങ്ങൾ, നീതിനിഷേധം, മൗലികാവകാശ നിഷേധം തുടങ്ങിയവ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിക്കും വിവിധ ഹൈക്കോടതികൾക്കും മുന്നിൽ നിരവധി ഹർജ്ജികൾ പരിഗണനയിലുണ്ട്. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (CJP)എന്ന സംഘടന ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമത്തിനെതിരെ 2020 ഡിസംബറിൽ സുപ്രീംകോടതിയിൽ ഹർജ്ജി സമർപ്പിച്ചിട്ടുണ്ട്. തെളിവില്ലാത്ത ചില വാദഗതികളാണ് നിർമനിർമ്മാണത്തിന് പിന്നിലെന്നാണ് അവരുടെ മുഖ്യ വാദം. ഓൾ ഇന്ത്യ ക്രിസ്ത്യൻ കൗൺസിൽ, ഇന്ത്യൻ സോഷ്യൽ ആക്ഷൻ ഫോറം, ലീഗൽ റൈറ്റ്സ് ഒബ്‌സർവേറ്ററി എന്നിങ്ങനെയുള്ള സംഘടനകളും കേസുകളുമായി മുന്നോട്ടുപോകുന്നുണ്ട്.
ഇത്തരത്തിൽ കേസുകൾ നിലനിൽക്കുമ്പോഴും വിധിക്ക് കാത്തുനിൽക്കാതെ വിവിധ സംസ്ഥാനങ്ങൾ പുതിയ മതപരിവർത്തന നിരോധന നിയമങ്ങളും നിലവിലുള്ളവയുടെ പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോവുകയാണ്. കൂട്ടിച്ചേർക്കപ്പെടുന്ന വ്യവസ്ഥകൾ ന്യൂനപക്ഷ വിഭാഗങ്ങൾ, പ്രത്യേകിച്ച് ക്രൈസ്തവർക്ക് വലിയ വെല്ലുവിളി ഉയർത്തുന്നവയാണ്.
മതപരിവർത്തന നിരോധന നിയമം വർഗീയവാദികളുടെ ആയുധമാകുമ്പോൾ
ഏറ്റവും കർശനമായ വ്യവസ്ഥകളോടെ മതപരിവർത്തന നിയമങ്ങൾ പ്രാബല്യത്തിലുള്ള സംസ്ഥാനങ്ങളാണ് ഉത്തർപ്രദേശും മധ്യപ്രദേശും. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും ഏറെ പിന്നിലല്ല. വിവിധ സംസ്ഥാനങ്ങളിൽ നിസ്വാർത്ഥ സേവനം ചെയ്ത് ജീവിക്കുന്ന എണ്ണമറ്റ കത്തോലിക്കാ സന്യസ്തരും വൈദികരും എപ്പോൾ വേണമെങ്കിലും മതപരിവർത്തനനിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുമെന്നോ, മതപരിവർത്തനം ആരോപിക്കപ്പെട്ട് ആക്രമിക്കപ്പെടുമെന്നോ ഉള്ള ഭീതിയിലാണ് ജീവിക്കുന്നത്. സർക്കാർ സംവിധാനങ്ങളൊന്നും എത്തിപ്പെടാത്ത നിരവധി ആദിവാസി മേഖലകളിലും നിരാലംബരായ പാവപ്പെട്ടവർക്കിടയിലും ജീവിച്ച് അവർക്ക് വിദ്യാഭ്യാസവും, ചികിൽസയും നൽകി അവരെപോലെ തന്നെ ജീവിച്ചു മരിക്കുന്ന അനേകർക്കെതിരെ ഉയരുന്ന ദുരാരോപണങ്ങൾ തികച്ചും വാസ്തവവിരുദ്ധവും ആസൂത്രിതമായി കെട്ടിച്ചമയ്ക്കപ്പെട്ടതുമാണ്. ഒരിക്കൽ കുറ്റം ചുമത്തപ്പെട്ടാൽ, അത് ചെയ്തിട്ടില്ല എന്ന് സ്ഥാപിക്കേണ്ട ഉത്തരവാദിത്തം കൂട്ടരോപിതന്റേത് മാത്രമാണ്. കോടതിയിൽ നിരപരാധിത്വം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാനുണ്ടാവില്ല എന്നുള്ളതാണ് മതപരിവർത്തന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ പ്രധാന വെല്ലുവിളി.
ഇത്തരം പ്രദേശങ്ങളിൽ ക്രൈസ്തവ വിശ്വാസത്തിലേക്ക് അപൂർവ്വം ചിലരെങ്കിലും കടന്നുവന്നിട്ടുണ്ടെങ്കിൽപോലും ആരോപിക്കപ്പെട്ടിട്ടുള്ളതുപോലെ നിർബന്ധിതമായോ കബളിപ്പിച്ചോ മതപരിവർത്തനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അത്തരം അന്വേഷണങ്ങളോ പഠനങ്ങളോ നടത്താതെ ചില സംഘടനകളുടെ ബുദ്ധികേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന നിർബന്ധിത മതപരിവർത്തനമെന്ന പ്രചാരണം വർഗീയയും വിഭാഗീയതയും ലക്ഷ്യമാക്കിയുള്ളതാണ് എന്നത് വ്യക്തമാണ്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഘട്ട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ ഇതിനകം ഒട്ടേറെ അക്രമസംഭവങ്ങളാണ് മതപരിവർത്തന ആരോപണങ്ങളെ തുടർന്ന് ഉണ്ടായിട്ടുള്ളത്. തീവ്ര ഹിന്ദുത്വ സംഘടനകൾക്ക് സാന്നിധ്യമുള്ള പലയിടങ്ങളിലും സർക്കാർ സംവിധാനങ്ങൾ പോലും പ്രകടമായ ക്രൈസ്തവ വിരുദ്ധതയ്ക്ക് ദുരുപയോഗിക്കപ്പെടുന്നതായി കാണുന്നു.
വ്യാജമായ കേസുകളാണ് മിഷണറിമാർക്ക് എതിരെയുള്ളത് എന്നത് അധികാരികളിൽ പലർക്കും ബോധ്യമുണ്ടെങ്കിലും വർഗീയ തീവ്രവാദികളായ നേതാക്കന്മാരാൽ തെറ്റിദ്ധരിക്കപ്പെട്ട ആൾക്കൂട്ടത്തിന്റെ ആരവങ്ങളെയും തീവ്രഹിന്ദുത്വ വാദികളുടെ സമ്മർദ്ദത്തെയും അതിജീവിക്കാൻ കഴിയാതെ വരുന്നു എന്നാണ് അടുത്തകാലത്ത് ഉണ്ടായ പല സംഭവങ്ങളും തെളിയിക്കുന്നത്. നിരപരാധികളുടെമേൽ മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളിലാണ് മിക്കവാറും കേസ് രജിസ്റ്റർ ചെയ്യുന്നത്. തത്ഫലമായി ദിവസങ്ങളോളം പലർക്കും ജയിലിൽ കഴിയേണ്ടതായി വരുന്നു.
സ്വന്തം തീരുമാനപ്രകാരവും പൂർണബോധ്യത്തോടെയും ക്രൈസ്തവവിശ്വാസം സ്വീകരിച്ചവർ പീഡിപ്പിക്കപ്പെടുകയും അതിക്രമങ്ങൾക്ക് ഇരയാവുകയും നിർബന്ധിതമായി ഹിന്ദു മതത്തിലേക്ക് പരിവർത്തനത്തിന് വിധേയരാക്കപ്പെടുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ പലപ്പോഴായി വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ് . അങ്ങനെ മിഷണറിമാരെയും ക്രൈസ്തവ മതം സ്വബോധ്യത്തിൽ സ്വീകരിച്ച വ്യക്തികളെയും ലക്ഷ്യമാക്കിയുള്ള ആസൂത്രിതമായ നീക്കമാണ് ഇപ്പോൾ നടന്നു വരുന്നത്.
മതസ്വാതന്ത്ര്യം അവകാശമാണ്
നിർബന്ധിത മതപരിവർത്തനത്തെ എതിർക്കുമ്പോഴും, മതസ്വാതന്ത്യം നിഷേധിക്കാൻ ഇവിടെ ആർക്കും അവകാശമില്ല എന്നതാണ് വാസ്തവം. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതും, വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായും, പൂർണ സ്വാതന്ത്ര്യത്തോടെ ദൈവാന്വേഷണം നടത്താനും ബോധ്യങ്ങൾ ഉൾക്കൊള്ളാനും സ്വതന്ത്രമായ താൽപ്പര്യത്തോടെ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുമുള്ള അവകാശം എല്ലാവർക്കും ഉണ്ടായിരിക്കേണ്ടതാണ്. സ്വന്തം വിശ്വാസത്തെയും ബോധ്യങ്ങളെയും പ്രഘോഷിക്കാനും ഓരോരുത്തർക്കും പൂർണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. വ്യാജ പ്രചരണങ്ങളും തൽപ്പരകക്ഷികളുടെ ആഖ്യാനങ്ങളും ഭരണകൂടങ്ങളെയും നീതിപീഠത്തെയും സ്വാധീനിക്കാനോ അത്തരക്കാർ നിയമപാലകർക്കും സമൂഹത്തിനും മുകളിൽ സമ്മർദ്ധം ചെലുത്തുന്ന ശക്തികളായിത്തീരാണോ ഒരിക്കലും പാടില്ല. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പക്ഷത്ത് നിന്ന് വിധികൾ കൽപ്പിക്കാനും നിലപാടുകൾ സ്വീകരിക്കാനും നീതിപീഠങ്ങൾ ആർജവം പ്രകടിപ്പിക്കുകയും, വർഗീയതയ്ക്ക് വളംവെക്കുന്ന നിലപാടുകളിൽ നിന്ന് ഭരണകൂടങ്ങൾ അകന്നു നിൽക്കുകയും ചെയ്താൽ മാത്രമേ, സമീപകാലങ്ങളായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുതയും മതമൗലികവാദവും ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കപ്പെടുകയുള്ളു.
കത്തോലിക്കാ സഭയുടെ വിശ്വാസ പ്രചരണ നിലപാടുകൾ
ഏതെങ്കിലും വിധത്തിലുള്ള സമ്മർദ്ദങ്ങൾ ചെലുത്തിയോ പ്രലോഭിപ്പിച്ചോ മതംമാറ്റുക എന്ന ലക്ഷ്യത്തോടെയല്ല കത്തോലിക്കാ മിഷണറിമാർ ഇന്ന് മിഷൻ പ്രദേശങ്ങളിൽ സേവനനിരതരാകുന്നത്. തങ്ങളുടെ ജീവിതത്തിലൂടെയും പ്രവർത്തനമാതൃകകളിലൂടെയും ക്രൈസ്തവ ദർശനങ്ങൾ പ്രഘോഷിക്കുകയും ക്രിസ്തുവിനെ പകർന്ന് നൽകുകയും സ്നേഹാധിഷ്ഠിതമായി സേവനനിരതരാകുകയും ചെയ്യുന്നവരാണ് കത്തോലിക്കാ മിഷണറിമാർ. രക്‌തസാക്ഷിത്വം വഹിച്ച മിഷണറിയായ സി. റാണി മരിയ, വി. മദർ തെരേസ പോലെയുള്ള അനേകായിരം മിഷണറിമാരുടെ പ്രവർത്തന മാതൃകകൾ ഉദാഹരണങ്ങളാണ്. ഈ ജീവിത മാതൃകകൾ നിരീക്ഷിച്ചും, ക്രിസ്തു ദർശനങ്ങളിൽ ആകൃഷ്ടരായും ആരെങ്കിലും ക്രിസ്ത്യാനി ആകുവാൻ തീരുമാനിച്ചാൽപോലും, സമയമെടുത്തുള്ള നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കുംശേഷം മാത്രമാണ് ഒരാളെ കത്തോലിക്കാസഭയിലേക്ക് സ്വീകരിക്കുന്നത്. എന്നിട്ടും മതപരിവർത്തന നിരോധന നിയമപ്രകാരം വ്യാജ കേസുകളിൽ അകപ്പെടുന്ന കത്തോലിക്കാ മിഷണറിമാരും വിശ്വാസികളും ഈയടുത്ത നാളുകളിൽ കൂടുതലായി നിയമ നടപടികൾക്ക് ഇരയാക്കപ്പെടുന്നു എന്നത് ദൗർഭാഗ്യകരമാണ്.
Sources:marianvibes
National
ഐപിസി ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 2025 ജനുവരി 2 വ്യാഴം രാവിലെ 10 മണിക്ക്
ഇൻഡ്യാ പെന്തകോസ്ത് ദൈവസഭ ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 2025 ജനുവരി 2 വ്യാഴം രാവിലെ 10.00 മണിക്ക് അടിമാലി താജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയും ഐ പി സി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് മുഖ്യസന്ദേശം നൽകുകയും ചെയ്യുന്നു. മേഖലയിലെ എല്ലാ ദൈവദാസന്മാരും ദൈവജനവും ഈ യോഗത്തിൽ സംബന്ധിക്കുമെന്ന് ഐപിസി ഇടുക്കി മേഖല സെക്രട്ടറി അഡ്വ.ജോൺലി ജോഷ്വാ അറിയിച്ചു.
Sources:gospelmirror
National
പ്രാർത്ഥനാ ധ്വനി കേരള കൗൺസിൽ കുടുംബ സംഗമത്തിന് അനുഗ്രഹ സമാപ്തി
പ്രാർത്ഥനാ ധ്വനി കേരള കൗൺസിൽ കുടുംബസംഗമം 2024 ഡിസംബർ 9 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ആലപ്പുഴ ആറാട്ടുവഴി IPC പ്രയർ സെന്ററിൽ വച്ച് വളരെ അനുഗ്രഹമായി നടത്തപ്പെട്ടു. കേരള ചാപ്റ്റർ ചെയർമാൻ Pr. ഹാർട്ലി സാമൂവേൽ അധ്യക്ഷത വഹിച്ചു. ആലപ്പുഴ യൂണിറ്റ് ചെയർമാൻ Pr. മാത്യു ബെഞ്ചമിൻ പ്രാർത്ഥിച്ച് മീറ്റിങ്ങിന് തുടക്കം കുറിച്ചു. Pr. സോണി ആലപ്പുഴ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി. ആലപ്പുഴ യൂണിറ്റ് കോർഡിനേറ്റർ Br. കുഞ്ഞുമോൻ തോമസ് സ്വാഗതം ആശംസിച്ചു.
Evg. പി. എസ് ജോസഫ് മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് പ്രാർത്ഥനാ ധ്വനി ഇൻറർനാഷണൽ ഡയറക്ടർ Pr. ബെൻസൺ ഡാനിയൽ ഗുജറാത്ത് ദൈവവചന ശുശ്രൂഷ നിർവഹിച്ചു. Pr. മനോജ് പീറ്ററിന്റെ പ്രാർത്ഥനയോടെ ആദ്യ സെക്ഷൻ അനുഗ്രഹീതമായി പര്യവസാനിച്ചു.
ഇടവേളക്ക് ശേഷം പ്രാർത്ഥനാ ധ്വനി കേരള കൗൺസിൽ ഔദ്യോഗിക മീറ്റിംഗ് നടത്തപ്പെട്ടു. കൊല്ലം യൂണിറ്റ് ചെയർമാൻ Pr. രാജു പി. പി പ്രാർത്ഥിച്ച് ഈ മീറ്റിങ്ങിന് തുടക്കം കുറിച്ചു. കേരള ചാപ്റ്റർ കോർഡിനേറ്റർ Pr. മനോജ് എബ്രഹാം റാന്നി 2023-2024 പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അതേ തുടർന്ന് കേരള ചാപ്റ്റർ ചെയർമാൻ Pr. ഹാട്ർലി സാമൂവേൽ 2024-2025 പ്രവർത്തന വർഷത്തേക്കുള്ള ഭാവി പരിപാടികൾ “വിഷൻ 2025” അവതരിപ്പിച്ചു.
കേരള കൗൺസിലിൽ ഒഴിവ് വന്ന ഔദ്യോഗിക സ്ഥാനങ്ങളിലേക്കുള്ള ചുമതലക്കാരുടെയും കൗൺസിൽ അംഗങ്ങളുടെയും തിരഞ്ഞെടുപ്പിന് Pr. ബെൻസൺ ഡാനിയേൽ നേതൃത്വം നൽകി. കേരള ചാപ്റ്ററിന്റെ പുതിയ കോർഡിനേറ്റർ ആയി Pr. സിജി ജോൺസൺ കോട്ടയം തെരഞ്ഞെടുക്കപ്പെട്ടു. പ്രയർ കോർഡിനേറ്റേഴ്സ് ആയി Evg.പി. എസ്. ജോസഫ്, Sr. മിനി ജൂബി എന്നിവരെ തിരഞ്ഞെടുത്തു. മിഷൻ കോർഡിനേറ്റേഴ്സ് ആയി Br. കുഞ്ഞുമോൻ ജോർജ്ജ് അടൂർ, Br. പി. വി സാം ആലപ്പുഴ എന്നിവരെ തിരഞ്ഞെടുത്തു. മീഡിയ കോർഡിനേറ്റർ ആയി Br. മോൻസി സക്കറിയ പത്തനാപുരം, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായി Evg. സാബു തോമസ് ആലപ്പുഴ, Sr. ജെസി മനോജ് ആലപ്പുഴ, പാസ്റ്റർ തോമസ് T വർഗീസ് കോട്ടയം എന്നിവരെ തിരഞ്ഞെടുത്തു.കൂടാതെ കൗൺസിൽ അംഗങ്ങളായി ആയി Br. സജു വി ചെറിയാൻ നിരണം, Sr. ബീന ആലപ്പുഴ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഓരോ പ്രവർത്തകർക്കും ഔദ്യോഗിക ഭാരവാഹികൾക്കും ഉള്ള ചുമതലയെ പറ്റി ഇൻറർനാഷണൽ ഡയറക്ടർ Pr. ബെൻസൺ ഡാനിയേൽ വിശദികരിച്ചു. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഭാരവാഹികൾക്കും അംഗങ്ങൾക്കും വേണ്ടി ജനറൽ കോർഡിനേറ്റർ Evg. സാജൻ ജോർജ്ജ് സമർപ്പണ പ്രാർത്ഥന നടത്തി. പ്രാർത്ഥനാ ധ്വനി കേരള കൗൺസിൽ പുറത്തിറക്കിയ 2025 ലെ കലണ്ടർ ജനറൽ കോർഡിനേറ്റർ Evg. സാജൻ ജോർജ്ജ് Pr. ബെൻസൺ ഡാനിയേലിനു നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.
ബഹ്റൈൻ ചാപ്റ്റർ കോർഡിനേറ്റർ Evg. സാം മാത്യു, ജനറൽ കോർഡിനേറ്റർ Evg. സാജൻ ജോർജ്ജ് എന്നിവർ ആശംസകൾ അറിയിച്ചകൊണ്ട് സംസാരിച്ചു.
അതിനെ തുടർന്ന് മിഷൻ കോർഡിനേറ്റർ Br. ജോജു മാത്യു കൃതഞ്ജത രേഖപ്പെടുത്തി. തുടർന്ന് കേരള ചാപ്റ്റർ മിഷൻ കോർഡിനേറ്റർ Pr. സുനിൽ പി കോശി പത്തനാപുരം പ്രാർത്ഥിക്കുകയും Pr. ഹാർട്ലി സാമുവേൽ ആശിർവാദം നൽകുകയും ചെയ്തതോടുകൂടി മീറ്റിംഗ് അവസാനിച്ചു.
http://theendtimeradio.com
National
102 – മത് തിരുവല്ലാ കൺവൻഷൻ പന്തലിന്റെ പണി ആരംഭിച്ചു
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ 102 – മത് തിരുവല്ലാ ജനറൽ കൺവൻഷൻ 2025 ജനുവരി 20 മുതൽ 26 വരെ തിരുവല്ല, രാമൻചിറ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. കേരളാ സ്റ്റേറ്റ് നൂറ്റിരണ്ടാമത് വാർഷിക ജനറൽ കൺവൻഷന്റെ പന്തലിന്റെ പണി സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി പ്രാർത്ഥിച്ച് ആരംഭിച്ചു.
Sources:fb
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie4 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden