Media
പ്രവാസികള്‍ക്കുള്ള ഏകോപിത തൊഴില്‍ പദ്ധതിക്ക് 100 കോടി; പ്രവാസി പെന്ഷന് 3500 രൂപയാക്കി

തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏകോപിത പ്രവാസി തൊഴിൽ പദ്ധതി പ്രഖ്യാപിച്ച് കേരള ബജറ്റ്. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സമാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു.
പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും. മടങ്ങിവരുന്നവർക്ക് നൈപുണ്യ പരിശീലനം നൽകി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ വിളിച്ചുചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവർക്ക് 350 രൂപയായും പെൻഷൻ 3500 രൂപയായും ഉയർത്തി. നാട്ടിൽ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെൻഷൻ 3000 രൂപയായും വർധിപ്പിച്ചു. കോവിഡ് അനന്തര കാലത്ത് പ്രവാസി ചിട്ടി ഊർജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Media
വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരില്‍ നാട്ടില്‍ സ്വത്തുക്കള്‍ ഉണ്ടോ ? എങ്കില്‍ അതു വില്ക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം

വിദേശ പൗരത്വം എടുത്തിട്ടുള്ള ഇന്ത്യാക്കാർക്ക് ഇനി നാട്ടിലുള്ള സ്വത്തുക്കൾ ക്രയവിക്രയം ചെയ്യുവാനും പണയപ്പെടുത്തുവാനുമൊക്കെ ഇനിമുതൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമായി വരും. ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് (ഫെറ) 1973 ലെ സെക്ഷൻ 31 ഉയർത്തിപ്പിടിച്ചാണ് ജസ്റ്റിസ് എ എം ഖാൻവില്‍ക്കർ അദ്ധ്യക്ഷം വഹിച്ച സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഇതനുസരിച്ച്, ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് ഇന്ത്യയിലെ സ്വത്തുക്കൾ വിൽക്കുവാനോ പണയപ്പെടുത്തുവാനോ റിസർവ് ബാങ്കിന്റെ പ്രത്യേകാനുമതി ആവശ്യമാണ്.
ഇത്തരത്തിലുള്ള സ്വത്തുക്കൾ കൈമാറ്റം ചെയ്യുമ്പോൾ, റിസർവ് ബാങ്ക് അനുമതി നൽകുന്നതുവരെ കൈമാറ്റത്തിന് നിയമപരമായ സാധുത ലഭിക്കുകയില്ല എന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര, അജയ് രസ്തോഗി എന്നിവർ ഉൾപ്പെട്ട ബഞ്ച വ്യക്തമാക്കി. എന്നിരുന്നാലും, ഇതുവരെ നടന്ന ഇടപാടുകൾ വീണ്ടും പുനപരിശോധിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ബെങ്കലൂരുവിലെ ഒരു സ്വത്തുകൈമാറ്റവുമായി ബന്ധപ്പെടുത്തി നടന്ന കേസിലാണ് ഈ സുപ്രധാന വിധി വന്നത്. 1977-ൽ ചാൾസ് റൈറ്റ് എന്നൊരു വിദേശിയുടെ വിധവ റിസർവ് ബാങ്ക് അനുമതി വാങ്ങാതെ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. അനുമതി വേണമെന്ന് ഉറപ്പിച്ചു പറയുമ്പോഴും പഴയ കാര്യങ്ങൾ കുത്തിപ്പൊക്കേണ്ടതില്ല എന്നതീരുമാനത്തിൽ ഈ സ്ഥലത്തിന്റെ ഇടപാട് നിയമവിധേയമാക്കുകയും ചെയ്തു.
ഒ സി ഐ കാർഡുള്ള ഇന്ത്യാക്കാരുടെ പല അവകാശങ്ങളും എടുത്തുകളഞ്ഞ് സർക്കാർ പുതിയ നിയമം കൊണ്ടുവരുന്ന ഘട്ടത്തിൽ തന്നെയാണ് വിദേശ ഇന്ത്യാക്കാർക്ക് മറ്റൊരു തിരിച്ചടിയായി ഈ വിധി വന്നിരിക്കുന്നത്. ഇതനുസരിച്ച്, നിങ്ങൾ വിദേശ പൗരത്വം എടുത്തിട്ടുണ്ടെങ്കിൽ , നാട്ടിലെ സ്വത്തിൽ എന്തെങ്കിലും ക്രയവിക്രയങ്ങൾ നടത്തുന്നതിനു മുൻപായി റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി എടുത്തിരിക്കണം. അത് എടുക്കാതിരിക്കുന്നിടത്തോളം കാലം ഈ സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് നിയമപരമായ സാധുത ഉണ്ടായിരിക്കില്ല.
നിരവധി മലയാളികളെ നേരിട്ട് ബാധിക്കുന്ന ഒരു കാര്യം തന്നെയാണിത്, പ്രത്യേകിച്ച് മദ്ധ്യ കേരളത്തിൽ. ഗൾഫ് മലയാളികൾക്ക് അവിടങ്ങളിലെ പൗരത്വമില്ലാത്തതിനാൽ എൻ ആർ ഐ സ്റ്റാറ്റസ് ആണ് ഉള്ളത്. എന്നാൽ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിൽ എത്തിച്ചേർന്നവർ, ഒരു നിശ്ചിത കാലാവധി തീരുമ്പോൾ അവിടത്തെ പൗരന്മാരായി മറുകയാണ് പതിവ്. ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ എന്ന പ്രത്യേക സ്റ്റാറ്റസ് ആയിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്.
ഇരട്ടപൗരത്വം എന്ന ആശയം ചർച്ചയിൽ നിൽക്കുന്ന സമയത്ത് ഒ സി ഐ കാർഡുള്ളവർക്ക് ഇന്ത്യൻ പൗരന്മാര്ക്കുള്ള എല്ലാ അവകാശങ്ങളും, വോട്ടവകാശം ഒഴികെ, നൽകിയിരുന്നു. ഇതനുസരിച്ച്, നാട്ടിൽ സ്ഥലം വാങ്ങിക്കൂട്ടിയിട്ടുള്ളവർനിരവധിയാണ്. ഇനി സ്വത്തുക്കളുടെ കാര്യത്തിൽ മുന്നോട്ട് പോവുക ഇവരെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയ കാര്യമാകും, പ്രത്യേകിച്ച് റിസർവ് ബാങ്കിന്റെ അനുമതിയൊക്കെ വാങ്ങുക എന്ന കാര്യമുള്ളപ്പോൾ. . തീർച്ചയായും ഇത് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു തിരിച്ചടിക്ക് കാരണമായേക്കാം.
കടപ്പാട് :മറുനാടൻ മലയാളി
Media
കുവൈത്ത് കര്‍ഫ്യൂ; നിയമലംഘകര്‍ക്ക് കടുത്ത പിഴയും തടവും ശിക്ഷ

കുവൈറ്റ് സിറ്റി : കുവൈത്തിൽ കർഫ്യു നിയമലംഘകർക്ക് കടുത്ത പിഴയും തടവും ശിക്ഷ. ഞായറാഴ്ച്ച വൈകിട്ട് അഞ്ചു മണി മുതലാണ് കുവൈത്തിൽ ഭാഗിക കർഫ്യൂ പ്രാബല്യത്തിലാവുന്നത്. കർഫ്യുവിൽ നിന്നും 23 വിഭാഗങ്ങളെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം സുരക്ഷാ വിഭാഗമാണ് ഇതു സംബന്ധിച്ച പട്ടിക പുറത്തു വിട്ടത്.
ജഡ്ജിമാർ, അറ്റോർണി ജനറൽ, അറ്റോർണി ജനറലിന്റെ സഹായികൾ, പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർമാർ, ജനപ്രതിനിധികളുടെ അഭിഭാഷകർ. മന്ത്രിമാർ, ദേശീയ അസംബ്ലി സ്പീക്കറും ദേശീയ അസംബ്ലി അംഗങ്ങളും, കൂടാതെ കുവൈറ്റ് ആർമി, നാഷണൽ ഗാഡ്, ജനറൽ ഫയർ ഫോഴ്സ്, തൊഴിൽ, ഗതാഗത മന്ത്രാലയം, ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവയുമായി കരാർ ചെയ്യുന്ന കരാർ കമ്പനികളിലെ തൊഴിലാളികൾ, ക്ലീനിംഗ് കമ്പനികളുടെ പ്രോജക്റ്റുകളുടെ മാനേജർമാരും സൂപ്പർവൈസർമാരും, കുവൈറ്റ് മുനിസിപ്പാലിറ്റിയുമായി കരാർ ഉള്ള ക്ലീനിംഗ് കമ്പനികളുടെ തൊഴിലാളികൾ, ശുചിത്വ സംവിധാനങ്ങൾ, സെമിത്തേരി ജീവനക്കാർ, സഹകരണ സംഘങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ, പച്ചക്കറികൾ, എന്നിവയുടെ എല്ലാ വിതരണക്കാരും, അബ്ദലി, വഫ്ര ഫാമുകളിൽ നിന്ന് പച്ചക്കറികളും പഴങ്ങളും സഹകരണ സംഘങ്ങളിലേക്ക് കൊണ്ടുപോകുന്നവർ, മാർക്കറ്റിംഗ് സേവനങ്ങൾക്കായി വഫർ കമ്പനിയിലെ തൊഴിലാളികൾ, കുവൈറ്റ് ഫ്ളവർ മിൽസ്, ഫ്ളവർ ആൻഡ് ബേക്കറീസ് കമ്പനി, കുവൈറ്റ് കാറ്ററിംഗ് കമ്പനി, എല്ലാ ഗവർണറേറ്റുകളിലെയും വാട്ടർ പമ്പിംഗ് സ്റ്റേഷനുകൾ ജീവനക്കാർ, സർക്കാർ ഏജൻസികളുമായി കരാറുള്ള മലിനജല നിർമ്മാർജ്ജന ജോലിക്കാർ മിനിസ്ട്രി ഓഫ് വർക്സ് ആൻഡ് പബ്ലിക് അതോറിറ്റി ഫോർ റോഡ് ആൻഡ് ട്രാസ്പോർട്ട് മന്ത്രാലയത്തിന്റെയും പൊതു അതോറിറ്റിയുടെയും എഞ്ചിനീയർമാർ മിനിസ്ട്രി ഓഫ് വാട്ടർ ആൻഡ് എലെക്ട്രിസിറ്റി മന്ത്രാലയത്തിലെ ജീവനക്കാരും, കുവൈറ്റ് തുറമുഖ കോർപ്പറേഷനിലെ തൊഴിലാളികൾ, കുവൈറ്റ് എയർവേയ്സ് ജീവനക്കാർ, തുടങ്ങിയ 23 വിഭാഗങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് കനത്ത സുരക്ഷാ നടപടികൾ കർഫ്യൂവിന്റെ ഭാഗമായി ഒരുക്കുന്നത്. ഇത് സംബന്ധിച്ചു ആഭ്യന്തര മന്ത്രാലയവും നാഷണൽ ഗാർഡും സംയുക്തമായിട്ടാണ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളത്.
കർഫ്യൂ സമയത്ത് ഇറങ്ങി നടക്കാനോ സൈക്കിൾ ഉപയോഗിക്കാനോ ആരെയും അനുവദിക്കില്ല. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ പ്രത്യേക സുരക്ഷാ ടീമുകളെയും അധികൃതർ നിയോഗിച്ചിട്ടുണ്ട്. കർഫ്യൂ ലംഘിച്ചാൽ തടവും പതിനായിരം ദിനാർ വരെ പിഴ ശിക്ഷയും ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെയാണ് അധികൃതർ കർഫ്യൂ അടക്കമുള്ള കർശന നടപടികളിലേക്ക് കടക്കുന്നത് എന്നും സർക്കാർ വക്താവ് അറിയിച്ചു.
കടപ്പാട് :കേരളാ ന്യൂസ്