Media
സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും

സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും. ‘നെക്ടർ ഓഫ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെകെ ശൈലജ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും.
റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ സഹകരണത്തോടെയാണ് മുലപ്പാൽ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ശേഖരിക്കുന്ന പാൽ 6 മാസം വരെ ബാങ്കിൽ കേടുകൂടാതെ സൂക്ഷിക്കാനാവും. ജനറൽ ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങൾക്ക് മാത്രമാണ് പ്രാരംഭ ഘട്ടത്തിൽ സൗജന്യമായി മുലപ്പാൽ ലഭ്യമാക്കുക. പിന്നീട് പാൽ ശേഖരണത്തിനും വിതരണത്തിനുമായി ആശുപത്രികളുടെ ശൃംഖലയുണ്ടാക്കാനാണ് പദ്ധതി.
Sources:𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭
Media
പുതുക്കിയ വെള്ളക്കര വര്‍ധന പ്രാബല്യത്തില്‍; നിരക്കില്‍ അഞ്ചു ശതമാനം വര്‍ധന

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വെള്ളക്കര വർധന പ്രാബല്യത്തിൽ. ഏപ്രിൽ ഒന്ന് മുതലുള്ള അടിസ്ഥാന കുടിവെള്ള നിരക്കിൽ അഞ്ചു ശതമാനം വർധന ജല അതോറിറ്റി നടപ്പാക്കും. ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് കുറഞ്ഞ നിരക്ക് 4 രൂപ എന്നത് 4 രൂപ 20 പൈസയാകും. പ്രതിമാനം 10000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് എട്ട് സ്ലാബ് അടിസ്ഥാനമാക്കി ബില്ലിൽ അഞ്ചു ശതമാനം ഉയരും.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ ഉയർത്തുന്നതിനായി ഇടതുസർക്കാർ അംഗീകരിച്ച ഒരു ഉപാധിയാണ് വെള്ളക്കര വർധന. ഏപ്രിൽ ഒന്നുമുതൽ വെള്ളക്കരം അടിസ്ഥാന നിരക്ക് അഞ്ചു ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ ഫെബ്രുവരി പത്തിന് ഉത്തരവിറക്കിയിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഉത്തരവ് രഹസ്യമാക്കിവച്ചെങ്കിലും പുറത്തുവന്നതോടെ നിരക്കുവർധന തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പിന്റെ വിശദീകരണം.
എന്നാൽ വെള്ളക്കരം വർധിപ്പിക്കാനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജല അതോറിറ്റി ഈ മാസം മുതൽ കുടിവെള്ള നിരക്ക് പുതുക്കി നിശ്ചയിച്ചു. ഗാർഹികം, ഗാർഹികേതരം, വ്യവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രിൽ മാസം മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ഉന്നത ജല അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.
ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിനുള്ള കുറഞ്ഞ നിരക്ക് 4 രൂപ 20 പൈസയാകും. പ്രതിമാസം 10000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് നിലവിൽ എട്ട് സ്ലാബുകൾ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത നിരക്കുകളാണ്. ഇത് 1000 ലിറ്ററിന് അഞ്ചു രൂപ മുതൽ 14 രൂപ വരെ എന്ന നിലവിലെ താരിഫിൽ പ്രതിഫലിക്കും.
ജലവിഭവ വകുപ്പ് നേരത്തെ ഉത്തരവിറക്കിയതിനാൽ വർധന നടപ്പിലാക്കാൻ ഇനി ജല അതോറിറ്റി പുതിയ ഉത്തരവ് ഇറക്കേണ്ടതില്ല.
കടപ്പാട് :കേരളാ ന്യൂസ്
Media
പതിനാറ് രാജ്യങ്ങളിൽ ഇഫ്താർ വിതരണം നടത്താനൊരുങ്ങി സൗദി അറേബ്യ

റിയാദ്: പതിനാറ് രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുന്ന പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി സൗദി അറേബ്യ. കൊവിഡ് പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് സൗദി 16 രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തു.
വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ക്കനുസരിച്ച് അതത് രാജ്യങ്ങളിലെ സൗദി എംബസികളുമായും ഇസ്ലാമിക് മന്ത്രാലയ കേന്ദ്രങ്ങളുമായും ഏകോപിപ്പിച്ചാണ് വിതരണം നടത്തുക. ലോകമെമ്പാടമുള്ള മുസ്ലിംകളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമികകാര്യ മന്ത്രാലയം നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് എല്ലാ പിന്തുണയും നല്കുന്ന സല്മാന് രാജാവിനും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഇസ്ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍ അശൈഖ് നന്ദി അറിയിച്ചു. ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ഓരോ രാജ്യങ്ങളിലെയും ഗുണഭോക്താക്കളുടെയും വിതരണ തൊഴിലാളികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വേണ്ട കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.