Connect with us

Life

വില്‍പ്പത്രം എഴുതിയില്ലെങ്കില്‍ എന്ത് സംഭവിക്കും? വില്‍പ്പത്രത്തെക്കുറിച്ച് അറിയേണ്ടതെല്ലാം…. മുരളി തുമ്മാരുകുടി എഴുതുന്നു

Published

on

 

മരണം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നതിന്റെ തെളിവുകള്‍ നമ്മള്‍ ദിനംപ്രതി കാണുകയാണ്. മരണശേഷം നമ്മുടെ ആസ്തി ബാധ്യതകള്‍ എന്താണെന്നോ അത് എന്ത് ചെയ്യണമെന്നോ നമ്മുടെ ഉറ്റവര്‍ക്ക് അറിയില്ലെങ്കില്‍ അത് പ്രായോഗികവും നിയമപരവുമായ പല പ്രശ്‌നങ്ങളുമുണ്ടാക്കും. ഇത്തരം സാഹചര്യം നമ്മുടെ ചുറ്റും സ്ഥിരം കാണുന്നതാണെങ്കില്‍ പോലും കേരളത്തില്‍ വില്‍പത്രം എഴുതുന്നവരുടെ എണ്ണം പൊതുവില്‍ വളരെ കുറവാണ്. ആയിരത്തില്‍ ഒരാള്‍ എങ്കിലും വില്‍പത്രം എഴുതുന്നുണ്ടോ എന്നത് സംശയമാണ്. അതുകൊണ്ടാണ് ഞാനും എന്റെ സുഹൃത്ത് അഡ്വക്കേറ്റ് അനില്‍കുമാറും ചേര്‍ന്ന് ഈ ലേഖനം എഴുതാന്‍ തീരുമാനിച്ചത്.

1. എന്താണ് വില്‍പത്രം?

മരണശേഷം ഒരാളുടെ ആസ്തി – ബാധ്യതകള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതില്‍ അയാളുടെ താല്പര്യങ്ങള്‍ എഴുതിയ പ്രമാണത്തിനാണ് വില്‍പത്രം എന്ന് പറയുന്നത്.

2. എന്തിന് ആളുകള്‍ വില്‍പത്രം എഴുതണം?

കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങളിലും കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ചും ഗൃഹനാഥന്റെ ആസ്തി – ബാധ്യതകള്‍ എന്തൊക്കെയാണെന്ന് മറ്റ് അംഗങ്ങള്‍ക്ക് (പങ്കാളികള്‍ക്ക് പോലും) പലപ്പോഴും ശരിയായ ധാരണയില്ല. ഒരാള്‍ പെട്ടെന്ന് മരിച്ചാല്‍ അയാളുടെ ആസ്തി – ബാധ്യതകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലെന്ന് മാത്രമല്ല, അവ എന്തൊക്കെയാണെന്ന് പോലും അറിയാത്തത് ജീവിച്ചിരിക്കുന്നവര്‍ക്ക് നിയമക്കുരുക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നു. ബന്ധുക്കള്‍ സ്വത്തിന് വേണ്ടി തമ്മില്‍ത്തല്ലുകയും കേസുകൊടുക്കുകയും ചെയ്യുന്ന സാഹചര്യം വരെയുണ്ടാകുന്നു. വില്‍പത്രം എഴുതുന്നതിലൂടെ ഇതെല്ലാം ഒഴിവാക്കാം.

3. വില്‍പത്രം എഴുതിയില്ലെങ്കില്‍ നമ്മുടെ ആസ്തികള്‍ക്ക് എന്ത് സംഭവിക്കും?

ആസ്തികള്‍ എങ്ങനെ വിഭജിക്കപ്പെടുമെന്നത് ലിംഗം, മതം, പ്രായം, വിവാഹിതരാണോ, കുട്ടികള്‍ ഉണ്ടോ, ഉണ്ടെങ്കില്‍ ആണ്‍കുട്ടികളാണോ പെണ്‍കുട്ടികളാണോ, എന്നതിനെ ഒക്കെ ആശ്രയിച്ചിരിക്കും. സ്ത്രീയുടെയും പുരുഷന്റെയും സ്വത്തുക്കള്‍ വിഭജിക്കപ്പെടുന്നതും ഭിന്നമായിട്ടാണ്. ഹിന്ദു – മുസ്ലിം – ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മിലും വ്യത്യാസമുണ്ട്. ഹിന്ദുക്കളില്‍ തന്നെ കേരളത്തിലെ നിയമമല്ല മറ്റു സംസ്ഥാനങ്ങളില്‍ നിലവിലുള്ളത്. കേരളത്തില്‍ 1976 നവംബര്‍ 30 ന്  മുന്‍പും ശേഷവും ജനിച്ച കൂട്ടുകുടുബ ഹിന്ദുക്കള്‍ക്ക് വ്യത്യസ്ത അവകാശങ്ങളാണുള്ളത്.

ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഈ നിയമങ്ങളെപ്പറ്റി അറിവില്ല എന്നതാണ് വസ്തുത. മരണ ശേഷം ആസ്തികള്‍ പങ്കാളിക്കും മക്കള്‍ക്കും സ്വാഭാവികമായി വന്നുചേരുമെന്ന് നമ്മള്‍ കരുതുന്നു. പക്ഷെ നിയമം അങ്ങനെയല്ല. നമ്മുടെ മരണശേഷം നിയമപരമായി അവകാശമുള്ളവര്‍ ആ അവകാശം ഉന്നയിക്കും, അത് ലഭിച്ചില്ലെങ്കില്‍ അവര്‍ കോടതിയെ സമീപിക്കും. അതോടെ നമ്മുടെ കുട്ടികള്‍ക്കും പങ്കാളികള്‍ക്കും സ്വത്ത് ലഭിക്കില്ലെന്ന് മാത്രമല്ല ബന്ധുക്കളുമായി കേസുണ്ടാകുകയും നല്ല ബന്ധങ്ങള്‍ തകരുകയും ചെയ്യും. അതുകൊണ്ട് വില്‍പത്രം എഴുതിവെക്കേണ്ടത് സ്വത്തിന് മാത്രമല്ല കുടുബ സമാധാനത്തിനും പ്രധാനമാണ്.

4. നമ്മുടെ ബാങ്ക് ഡെപ്പോസിറ്റുകളില്‍ നോമിനിയെ വെച്ചിട്ടുണ്ടെങ്കില്‍ പിന്നെ അതിനായി വില്‍പത്രമെഴുതേണ്ട കാര്യമുണ്ടോ ?

ഉണ്ട്, കാരണം ബാങ്കിലെ നോമിനിക്ക് നമ്മുടെ പണം എടുത്ത് ഉപയോഗിക്കാനുള്ള അധികാരമില്ല. നമ്മുടെ മരണശേഷം ആ പണം നിയമപരമായ അവകാശികള്‍ക്ക് പങ്കുവെച്ചു കൊടുക്കുക എന്നതുമാത്രമാണ് നോമിനിയുടെ ഉത്തരവാദിത്തം. നോമിനി അത്തരത്തില്‍ ഒരു അവകാശി ആണെങ്കില്‍ ആ അവകാശത്തിനനുസരിച്ചുള്ള വിഹിതമേ അയാള്‍ക്ക് കിട്ടൂ.

5. വില്‍പത്രം എഴുതിക്കഴിഞ്ഞാല്‍ നമുക്ക് സ്വത്തിലുള്ള അവകാശവും സ്വാതന്ത്ര്യവും നഷ്ടപ്പെടില്ലേ? പങ്കാളിയും മക്കളും നമ്മളെ ശ്രദ്ധിക്കാതിരിക്കുയോ ദ്രോഹിക്കുകയോ ചെയ്യില്ലേ?

ഇല്ല, വില്‍പത്രം എഴുതിക്കഴിഞ്ഞാലും നമ്മുടെ സ്വത്തിലും സന്പാദ്യത്തിലും നമുക്കുള്ള അവകാശങ്ങള്‍ നമ്മള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഗുണഭോക്താവിന് ലഭിക്കുന്നില്ല. വില്‍പത്രം എഴുതി എന്നതുകൊണ്ട് നമ്മുടെ പങ്കാളിക്കോ മറ്റുള്ളവര്‍ക്കോ അതില്‍ പ്രത്യേകിച്ച് ഒരധികാരവും കൈവരുന്നില്ല.

6. ഒരിക്കല്‍ എഴുതിയ വില്‍പത്രം മാറ്റി എഴുതാമോ?

തീര്‍ച്ചയായും, ഒരിക്കല്‍ എഴുതിയ വില്‍പത്രത്തിന് ഭേദഗതി വരുത്തുകയോ, പൂര്‍ണമായി റദ്ദ് ചെയ്ത് പുതിയ വില്‍പത്രം എഴുതുകയോ ചെയ്യാം. ഇത് എത്ര പ്രാവശ്യം വേണമെങ്കിലും ചെയ്യാം. നിങ്ങളുടെ ആസ്തികള്‍ കൂടുന്നതനുസരിച്ച് അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വില്‍പത്രം പുതുക്കി എഴുതുന്നതാണ് നല്ലത്. വിവാഹം, പുനര്‍ വിവാഹം, അടുത്ത ബന്ധുക്കളുടെ മരണം, കൂടുതല്‍ അപകടസാദ്ധ്യതകള്‍ ഉള്ള പ്രദേശത്തേക്ക് പോകുന്നത്, ഇതൊക്കെ വില്‍പത്രം മാറ്റിയെഴുതാനുള്ള അവസരമാണ്. ഓരോ വില്‍പത്രത്തിലും അതെഴുതിയ തിയതി ഉണ്ടായിരിക്കണം. ഓരോ ആസ്തികളുടെയും ഏറ്റവും അവസാനം എഴുതിയ വില്‍പത്രമാണ് നിയമപരമായി നിലനില്‍ക്കുന്നത്.

7. ഏത് പ്രായത്തിലാണ് വില്‍പത്രം എഴുതേണ്ടത് ?

പ്രായപൂര്‍ത്തി ആവുകയും സ്വന്തമായി ആസ്തികള്‍ ഉണ്ടാവുകയും ചെയ്യുന്ന മുറക്ക് വില്‍പത്രം എഴുതാം. സന്പാദ്യം ആയില്ലെങ്കില്‍ പോലും മരണശേഷം ഏതെങ്കിലും വിധത്തില്‍ (ഇന്‍ഷുറന്‍സില്‍ നിന്നോ തൊഴില്‍ സ്ഥാപനത്തില്‍ നിന്നോ) ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ ആര്‍ക്കാണ് നല്‍കേണ്ടതെന്ന് എഴുതിവെക്കാമല്ലോ.

8. വില്‍പത്രം എഴുതാന്‍ എന്തൊക്കെയാണ് വേണ്ടത്?

വില്‍പത്രം എങ്ങനെ ആയിരിക്കണം എന്നതിന് ഇന്ത്യയില്‍ കര്‍ശനമായ നിബന്ധനകളില്ല. നിങ്ങളുടെ ആസ്തി – ബാധ്യതകള്‍ എന്തെന്നും അവ ആര്‍ക്ക് ഏത് തരത്തില്‍ നല്‍കാനാണ് തീരുമാനിച്ചതെന്നും കൃത്യമായി നിഷ്‌കര്‍ഷിക്കുന്ന ഒന്നായിരിക്കണം അത്. എഴുതി തയ്യാറാക്കിയതോ, കന്പ്യൂട്ടര്‍ പ്രിന്റോ ആകാം. അതില്‍ നിങ്ങള്‍ ദിവസവും വര്‍ഷവും കാണിച്ച് പേരും മേല്‍വിലാസവും എഴുതി ഒപ്പ് വെച്ചിരിക്കണം. നിങ്ങള്‍ പൂര്‍ണ്ണ മാനസിക ആരോഗ്യത്തോടെയും മറ്റാരുടെയും നിര്‍ബന്ധത്തിന് വഴങ്ങാതെയുമാണ് വില്‍പത്രത്തില്‍ ഒപ്പ് വെക്കുന്നതെന്നും രണ്ടു പേര്‍ സാക്ഷ്യപ്പെടുത്തണം. നിങ്ങളും സാക്ഷികളും ഒരേ സമയത്തു തന്നെ വേണം വില്‍പത്രത്തില്‍ ഒപ്പ് വെയ്ക്കാന്‍. അങ്ങനെയാണ് ചെയ്തതെന്ന് അതില്‍ രേഖപ്പെടുത്തുകയും വേണം. അഞ്ചു പൈസയുടെ ചിലവില്ലാത്ത കാര്യമാണ്.

9. അപ്പോള്‍ വില്‍പത്രം എഴുതുന്നത് മുദ്രപ്പത്രത്തില്‍ വേണമെന്നില്ലേ?

തീര്‍ച്ചയായും ഇല്ല. എന്ന് മാത്രമല്ല വില്‍പത്രം എഴുതാന്‍ നിയമപരമായി വക്കീലിന്റെയോ ആധാരമെഴുത്തുകാരന്റെയോ ആവശ്യവുമില്ല. എന്നാല്‍ നിങ്ങളുടെ മരണശേഷം വില്‍പത്രം കോടതി കയറാനുള്ള സാധ്യതയുള്ളതിനാല്‍ ഈ വിഷയത്തില്‍ പരിചയമുള്ള വക്കീലന്മാരുടെ സഹായം തേടുന്നതാണ് ഉത്തമം. ഓരോ ആസ്തിയുടെയും കൃത്യമായ കണക്കുകളും, എങ്ങനെയാണ് അത് ഓരോരുത്തരുടെയും പേരില്‍ കൃത്യമായി എഴുതി വെക്കേണ്ടത് എന്നും അവര്‍ നിങ്ങള്‍ക്ക് പറഞ്ഞു തരുകയും ഉറപ്പാക്കുകയും ചെയ്യും.

10. വില്‍പത്രം രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമുണ്ടോ?

നിയമപരമായി രജിസ്റ്റര്‍ ചെയ്ത വില്‍പത്രത്തിനും രജിസ്റ്റര്‍ ചെയ്യാത്ത വില്‍പത്രത്തിനും തുല്യ സാധുതയാണ്. എന്നാല്‍ നിങ്ങളുടെ മരണശേഷം വില്‍പത്രം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും അതില്‍ ഒപ്പ്  വെച്ചത് നിങ്ങള്‍ തന്നെയാണോ, സ്വബോധത്തോടെയാണോ എന്നൊക്കെ തര്‍ക്കങ്ങള്‍ വരികയും ചെയ്താല്‍, രജിസ്റ്റര്‍ ചെയ്ത പ്രമാണത്തിന് തെളിവു ഭാരം കുറവാണ്.

11. വില്‍പത്രം രജിസ്റ്റര്‍ ചെയ്യുന്‌പോള്‍ അതില്‍ എഴുതിയിരിക്കുന്നതെന്താണെന്ന് ആളുകള്‍ അറിയില്ലേ?

വില്‍പത്രം എന്നത് ഒരു സ്വകാര്യ രേഖയാണ്. രജിസ്റ്റര്‍ ചെയ്താലും അതിന്റെ കോപ്പി നമ്മള്‍ ജീവിച്ചിരിക്കുന്‌പോള്‍, മറ്റാര്‍ക്കും ലഭിക്കുവാന്‍ (ബന്ധുക്കള്‍ക്ക് ഉള്‍പ്പടെ) അവകാശമില്ല. കൂടുതല്‍ പ്രൈവസി വേണമെങ്കില്‍ വില്‍പത്രം തയ്യാറാക്കി സീല്‍ ചെയ്ത് ജില്ലാ രജിസ്ട്രാറുടെ അടുത്ത് ഡെപ്പോസിറ്റ് ചെയ്യുകയും ചെയ്യാം. നമ്മുടെ മരണശേഷം മാത്രമേ അത് തുറക്കുകയുള്ളൂ.

12. ആരെയാണ് സാക്ഷികളാക്കേണ്ടത്?

നിങ്ങളുടെ മരണശേഷം വില്‍പത്രത്തില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളില്‍ ആരെങ്കിലും തര്‍ക്കം ഉന്നയിച്ചാല്‍ ആ സമയത്ത് കോടതിയിലെത്തി, ആ വില്‍പത്രം എഴുതിയത് നിങ്ങള്‍ തന്നെയാണെന്നും പൂര്‍ണ്ണ മാനസിക ആരോഗ്യത്തോടെയും മറ്റാരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങാതെയുമാണ് എന്ന് തെളിയിക്കേണ്ടി വരുന്നിടത്താണ് സാക്ഷിയുടെ പ്രാധാന്യം വരുന്നത്. അതുകൊണ്ടുതന്നെ നിങ്ങളെക്കാള്‍ പ്രായം കുറഞ്ഞതും, നിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് തന്നെ ജീവിക്കുന്നതും, കോടതിക്ക് വിശ്വാസ്യത തോന്നുന്നതും ആയവരെ സാക്ഷികളാക്കുന്നതാണ് നല്ലത്. വക്കീലന്മാര്‍, ഡോക്ടര്‍മാര്‍, സമൂഹം ആദരിക്കുന്നവര്‍ എന്നിവരെ സാക്ഷിയാക്കുന്നത് വിശ്വാസ്യത കൂട്ടും. നിങ്ങളുടെ വില്‍പത്രം കൊണ്ട് നേരിട്ടോ അല്ലാതെയോ ഗുണം ലഭിക്കുന്ന ആരും സാക്ഷികളാകാതിരിക്കുന്നതാണ് നല്ലത്.

13. മരണശേഷം ശരീരം എന്ത് ചെയ്യണം, അവയവങ്ങള്‍ ദാനം ചെയ്യണോ എന്നൊക്കെയുള്ള കാര്യങ്ങള്‍ വില്‍പത്രത്തില്‍ എഴുതാമോ?

ഇത്തരം കാര്യങ്ങള്‍ വില്‍പത്രത്തില്‍ എഴുതുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. പക്ഷെ ഇന്ത്യയില്‍ മരണശേഷം ശരീരത്തിന്റെ അവകാശി നിയമപരമായി നമ്മള്‍ അല്ലാത്തതിനാല്‍ വില്‍പത്രത്തില്‍ എഴുതിയത് കൊണ്ട് മാത്രം കാര്യങ്ങള്‍ നമ്മുടെ താല്പര്യപ്രകാരം നടപ്പാകുമെന്ന് ഉറപ്പു വരുത്താന്‍ നിയമപരമായി സാധ്യമല്ല. നിങ്ങളുടെ പങ്കാളിയുടെ അല്ലെങ്കില്‍ മക്കളുടെ സമ്മതമാണ് ഇക്കാര്യത്തില്‍ പ്രധാനം. അവരോട് കാര്യങ്ങള്‍ പറയുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുകയാണ് മരണശേഷം ശരീരാവയവങ്ങള്‍ ദാനം ചെയ്യുക  എന്ന ആഗ്രഹം സാധിക്കുവാനുള്ള ഒരേയൊരു വഴി.

14. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ വില്‍പത്രങ്ങള്‍ എഴുതാമോ?

ഒന്നില്‍ കൂടുതല്‍ വില്‍പത്രങ്ങള്‍ എഴുതുന്നതിന് തടസ്സമില്ല എന്നിരുന്നാലും ഒരേ ആസ്തികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള കാര്യം വ്യത്യസ്തമായിട്ടാണ് എഴുതുന്നതെങ്കില്‍ ഏറ്റവും പുതിയ വില്‍പത്രം മാത്രമേ നിലനില്‍ക്കൂ. അതേസമയം വ്യത്യസ്ത ആസ്തികള്‍ കൈകാര്യം ചെയ്യുന്നതിന് വ്യത്യസ്ത വില്‍പത്രം ഉണ്ടായത് കൊണ്ട് കുഴപ്പമില്ല താനും.

15. വിദേശത്ത് വെച്ച് എഴുതിയ വില്‍പത്രങ്ങള്‍ക്ക് ഇന്ത്യയില്‍ സാധുതയുണ്ടോ?

വിദേശത്ത് വെച്ച് എഴുതി എന്നതുകൊണ്ട് മാത്രം അതിന് സാധുതക്കുറവില്ല. പക്ഷെ, വില്‍പത്രത്തിന്റെ ഏറ്റവും വലിയ പ്രസക്തി നമ്മുടെ നിര്‍ദ്ദേശങ്ങളില്‍ സ്വത്തിന്റെ സ്വാഭാവിക അവകാശികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുന്‌പോഴാണ്. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ വിദേശത്ത് എഴുതിയ വില്‍പത്രം നാട്ടിലെ കോടതികളില്‍ തെളിയിക്കാന്‍ ബുദ്ധിമുട്ട് വരും. ഓരോ രാജ്യത്തെയും ആസ്തികളെ സംബന്ധിച്ച വില്‍പത്രങ്ങള്‍ അതാത് രാജ്യത്ത് വെച്ചാകുക തന്നെയാണ് കൂടുതല്‍ അഭികാമ്യം.

16. സ്വന്തമായി ആസ്തികളുണ്ടെങ്കിലും അവ വില്‍പത്രത്തില്‍ എഴുതാന്‍ വിലക്കോ പരിമിതികളോ ഉള്ളവരുണ്ടോ?

ഇന്ത്യയിലെ സാഹചര്യത്തില്‍ മൂന്നു തരത്തിലുള്ള സാഹചര്യത്തില്‍ സ്വന്തമായി ആസ്തികള്‍ ഉണ്ടെങ്കിലും വില്‍പത്രം എഴുതാന്‍ പരിമിതികള്‍ ഉള്ളവരുണ്ട്.
(a) പൂര്‍ണ്ണമായ മാനസിക ആരോഗ്യം ഇല്ലാത്തവരും ഓര്‍മ്മ നഷ്ടപ്പെട്ടവരും – ജന്മനാ ബുദ്ധിപരമായ വെല്ലുവിളികള്‍ ഉളളവര്‍ക്കും അപകടം കൊണ്ടോ രോഗം കൊണ്ടോ പ്രായം കൊണ്ടോ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും വില്‍പത്രം എഴുതാന്‍ പരിമിതികളുണ്ട്. അവര്‍ വില്‍പത്രം എഴുതിയാലും കോടതി അംഗീകരിക്കണമെന്നില്ല.

(b) ഇന്ത്യയിലെ വ്യക്തിനിയമം എല്ലാവര്‍ക്കും ഒരു പോലെയല്ല എന്ന് പറഞ്ഞല്ലോ. ഇന്ത്യയിലെ നിയമ വ്യവസ്ഥകള്‍ അംഗീകരിച്ചിരിക്കുന്ന മുസ്ലിം വ്യക്തിനിയമങ്ങള്‍ അനുസരിച്ച് മുസ്ലീങ്ങള്‍ക്ക് അവരുടെ മൊത്തം സ്വത്തും വില്‍പത്രത്തിലൂടെ ആളുകള്‍ക്ക് എഴുതി നല്കാന്‍ സാധ്യമല്ല. ആദ്യമായി മരണാനന്തര കര്‍മ്മ /പരലോകപുണ്യ ചെലവുകള്‍, ബാധ്യതകള്‍ എന്നിവ ഒഴിവാക്കിയുള്ളതാണ് ആകെ സ്വത്ത്. അതില്‍ തന്നെ മൂന്നില്‍ ഒരു ഭാഗം സ്വത്തു മാത്രമേ സ്വാഭാവിക അവകാശികള്‍ അല്ലാത്തവര്‍ക്ക് എഴുതി നല്കാന്‍ സാധിക്കൂ. അതില്‍ത്തന്നെ സുന്നി നിയമപ്രകാരം വില്‍പത്രത്തില്‍ പറയുന്ന ഗുണഭോക്താവ് അവകാശിയാണെങ്കില്‍ മറ്റ് അവകാശികളുടെ സമ്മതംകൂടി വേണം.

(c) ചില ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദു കുടുംബങ്ങളില്‍ മറ്റുള്ളവര്‍ക്ക് ചില സ്വാഭാവികമായ അവകാശങ്ങളുണ്ട്, ഇത് വില്‍പത്രം വഴി മാറ്റിയെഴുതാന്‍ സാധിക്കില്ല.

17. ആരാണ് വില്‍ എക്‌സിക്യൂട്ടര്‍?

നമ്മള്‍ വില്‍പത്രത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ നിയമപരമായി അധികാരമുള്ള ആളാണ് വില്‍ എക്‌സിക്യൂട്ടര്‍. വില്‍ എഴുതുന്ന സമയത്ത് തന്നെ നമുക്ക് അതാരാണെന്ന് തീരുമാനിച്ച് എഴുതിവെക്കാം. സാക്ഷിയുടെ കാര്യം പറഞ്ഞത് പോലെ തന്നെ പ്രായപൂര്‍ത്തിയായ പൂര്‍ണ്ണ മാനസിക ആരോഗ്യമുള്ള ആളായിരിക്കണം. നമ്മുടെ മരണശേഷമാണല്ലോ വില്ലിന്റെ ആവശ്യം വരുന്നത്, അതുകൊണ്ട് തന്നെ നമ്മളെക്കാള്‍ പ്രായം കുറഞ്ഞവരായിരിക്കുന്നതാണ് നല്ലത്. വില്‍പത്രം വഴി ഗുണമുണ്ടാകുന്ന ആളുകള്‍ ആകാതിരിക്കുന്നതാണ് നല്ലത്. വില്‍ നടപ്പാക്കുന്നതിന് അവര്‍ക്ക് വേണമെങ്കില്‍ ഒരു തുക എഴുതി വെക്കാവുന്നതേ ഉള്ളൂ. നമ്മുടെ മരണത്തിന് മുന്‍പ് എക്‌സിക്യൂട്ടര്‍ മരിച്ചു പോവുകയോ ഓര്‍മ്മയോ മാനസികാരോഗ്യമോ നഷ്ടപ്പെടുകയോ ചെയ്താല്‍ വില്‍പത്രം മാറ്റി എഴുതണം. വില്‍പത്രത്തിന് ഒരു എക്‌സിക്യൂട്ടര്‍ വേണമെന്ന് നിര്‍ബന്ധമില്ല.

18. വില്‍ പ്രൊബേറ്റ് ചെയ്യുക എന്നാല്‍ എന്താണ്?

ഒരാളുടെ മരണശേഷം വില്‍ നടപ്പിലാക്കാന്‍ കോടതിയുടെ ഔദ്യോഗിക അനുമതി നേടുന്ന നിയമപ്രക്രിയയാണ് പ്രൊബേറ്റ്. വില്‍ എഴുതിയ ആളുടെ മരണശേഷം എക്‌സിക്യൂട്ടര്‍ക്കോ മറ്റേതെങ്കിലും ആള്‍ക്കോ വില്‍ പ്രൊബേറ്റ് ചെയ്യണമെന്ന ആവശ്യത്തോടെ ജില്ലാ കോടതിയെ സമീപിക്കാം. കോടതി വില്‍പത്രത്തിലെ സാക്ഷികളെ വിസ്തരിച്ച ശേഷം വില്‍പത്രത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ എക്‌സിക്യൂട്ടര്‍ക്ക് അവകാശം നല്‍കും. ഒരിക്കല്‍ തെളിയിച്ച വില്‍പത്രം വീണ്ടും തെളിയിക്കേണ്ടതില്ല.

19. എനിക്ക് താല്പര്യമുള്ള ഒരു വില്‍പത്രം കപടമാണെന്ന് തോന്നിയാല്‍ ഞാന്‍ എന്ത് ചെയ്യണം?

സ്വത്തും പണവും ഉള്‍പ്പെട്ടതിനാല്‍ സ്വത്തിന്റെ അവകാശിയെ തെറ്റിദ്ധരിപ്പിച്ച് രേഖകള്‍ ഉണ്ടാക്കുന്നതും, സ്വത്തവകാശിക്ക് മാനസികമായ ബുദ്ധിമുട്ടുള്ള കാലത്തോ ഓര്‍മ്മ നഷ്ടപ്പെട്ട കാലത്തോ അവരെക്കൊണ്ട് വില്‍പത്രം എഴുതിക്കുന്നതും, അവരുടെ കള്ളയൊപ്പിടുന്നതും അസാധാരണമല്ല. നിങ്ങള്‍ക്ക് താല്പര്യമുള്ള ഒരു വില്‍പത്രത്തില്‍ ഇത്തരം കുതന്ത്രങ്ങള്‍ ഉണ്ടെന്ന് സംശയം തോന്നിയാല്‍ അത് കോടതി മുന്‍പാകെ ബോധിപ്പിച്ച് വില്‍പത്രത്തിന്റെ നിയമ സാധുത ചോദ്യം ചെയ്യാം. കോടതി വില്‍പത്രത്തിലെ സാക്ഷികളെ വിസ്തരിച്ച ശേഷം വില്‍പത്രം സാധുത ഉള്ളതാണോ അല്ലയോ എന്ന് വിധിക്കും.

നമ്മുടെ ജീവിതം എത്രമാത്രം പ്രവചനാതീതമാണെന്നതിന്റെ തെളിവുകള്‍ ഓരോ ദിവസവും കാണുന്നതുകൊണ്ട് നാളെ ചെയ്യാം എന്ന് കരുതി മാറ്റിവെക്കേണ്ട ഒന്നല്ല വില്‍പത്രം. ഇന്ന് തന്നെ ഈ കാര്യത്തെപ്പറ്റി ചിന്തിക്കൂ, ഏറ്റവും വേഗത്തില്‍ പരിചയത്തിലുള്ള ഒരു വക്കീലിനെ കണ്ട് വേണ്ട കാര്യങ്ങള്‍ എഴുതിവെക്കൂ. വിദേശത്ത് ജീവിക്കുന്ന മലയാളികളും കേരളത്തില്‍ സ്വത്തുള്ള വിദേശ പൗരന്മാരും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

Life

എവറസ്റ്റ് കൊടുമുടി വേഗത്തില്‍ വളരുന്നതിന്റെ ഉത്തരം നല്‍കി ചൈനീസ് ശാസ്ത്രജ്ഞന്‍

Published

on

ബീജിങ്: സമുദ്രനിരപ്പില്‍ നിന്ന് 5.5 മൈല്‍ (8.85 കി.മീ) ഉയരമുള്ള ലോകത്തിലെ ഏറ്റവും പൊക്കമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ശാസ്ത്രലോകം. എവറസ്റ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ വളരുകയാണെന്നും അതിനുള്ള കാരണം കണ്ടെത്തിയെന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. സമീപത്തുള്ള രണ്ട് നദീതടങ്ങളുടെ സംഗമവുമായി ബന്ധപ്പെട്ടാണ് എവറസ്റ്റിന്റെ വളര്‍ച്ചയുടെ വേഗമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

89,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോസി നദി അരുണ്‍ നദിയുമായി ലയിച്ചതോടെ എവറസ്റ്റിന് ഏകദേശം 49-164 അടി (1,550 മീറ്റര്‍) ഉയരം ലഭിച്ചുവെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. നദികള്‍ കാലക്രമേണ ഗതി മാറിയതിനാല്‍ കോസി അരുണിനെ കീഴടക്കുകയും ത്വരിതഗതിയിലുള്ള മണ്ണൊലിപ്പിന് കാരണമാകുകയും ചെയ്തു.

ഓരോ വര്‍ഷവും ഏകദേശം 0.01-0.02 ഇഞ്ച് (0.20.5 മില്ലിമീറ്റര്‍) എന്ന തോതില്‍ എവറസ്റ്റ് വളരുകയാണ്. ഈ ഭൂമിശാസ്ത്രപരമായ പ്രക്രിയയെ ഐസോസ്റ്റാറ്റിക് റീബൗണ്ട് എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഈ പ്രക്രിയ എവറസ്റ്റിനടുത്തുള്ള പ്രദേശത്തെ ഭാരം കുറയാന്‍ കാരണമായെന്നാണ് ബീജിംഗിലെ ചൈന യൂണിവേഴ്സിറ്റി ഓഫ് ജിയോസയന്‍സസിലെ ജിയോ സയന്റിസ്റ്റ് ജിന്‍-ജെന്‍ ഡായ് പറയുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് ഐസോ അല്ലെങ്കില്‍ ഉരുകിയ പാറകള്‍പോലുള്ള കനത്ത ഭാരം നീക്കം ചെയ്യുമ്പോള്‍ അതിനടിയിലുള്ള ഭൂമി പതുക്കെ ഉയരുമെന്നും ഡായ് കൂട്ടിച്ചേര്‍ത്തു.

എവറസ്റ്റിന്റെ വാര്‍ഷിക ഉയര്‍ച്ച നിരക്കിന്റെ ഏകദേശം 10% ഐസോസ്റ്റാറ്റിക് റീബൗണ്ട് ആണെന്ന് കണക്കാക്കുന്നു. മണ്ണൊലിപ്പ് തുടരുന്നതിനാല്‍, ഐസോസ്റ്റാറ്റിക് റീബൗണ്ട് കാരണമുള്ള എവറസ്റ്റിന്റെ ഉയര്‍ച്ച നിരക്ക് ഇനിയും വര്‍ധിച്ചേക്കാം. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏകദേശം 50 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് യുറേഷ്യയുമായി കൂട്ടിയിടിച്ചപ്പോഴാണ് എവറസ്റ്റ് ഉള്‍പ്പെടുന്ന ഹിമാലയന്‍ പര്‍വതനിരകള്‍ ജന്മമെടുത്തത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Life

വൈദ്യുതിബന്ധം നിലയ്ക്കും, ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറാകും; ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ്

Published

on

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ് എത്തുന്നുവെന്ന് നാസ. ഇലക്ട്രോണിക് ആശയവിനിമ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ഇന്ത്യയിലും സോളാര്‍ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

വരാനിരിക്കുന്ന സോളാര്‍ കൊടുങ്കാറ്റ് ടെലികമ്മ്യൂണിക്കേഷനെയും ഉപഗ്രഹങ്ങളെയും തടസ്സപ്പെടുത്തിയേക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ഡയറക്ടര്‍ ഡോ.അന്നപൂര്‍ണി സുബ്രഹ്മണ്യന്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍ ഇത് നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉപഗ്രഹ ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇസ്രോയിലെ വിദഗ്ധര്‍ അറിയിച്ചു.

വരുന്ന കുറച്ച് ദിവസങ്ങള്‍ ഭൂമിക്ക് നിര്‍ണായകമാണ്. സൗരക്കാറ്റ് ഭൂമിയില്‍ പതിക്കാന്‍ കുറച്ച് ദിവസങ്ങള്‍ എടുക്കും. കാന്തികമണ്ഡലത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോ.അന്നപൂര്‍ണി പറഞ്ഞു. സൂര്യനില്‍ നിന്ന് സൗരയൂഥത്തിലേക്ക് കണങ്ങളും കാന്തികക്ഷേത്രങ്ങളും മറ്റ് വസ്തുക്കളും പൊട്ടിത്തെറിച്ചുണ്ടാകുന്ന സ്‌ഫോടനത്തെയാണ് സൗരക്കാറ്റ് എന്ന് വിളിക്കുന്നത്.

സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമിട്ടെത്തുമ്പോള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ ജിയോമാഗ്‌നെറ്റിക് കൊടുങ്കാറ്റ് എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു. ഇത് വൈദ്യുതിബന്ധം നിലയ്ക്കാനും ആശയവിനിമയ സംവിധാനങ്ങളെ തകരാറിലാക്കാനും കാരണമാകും. അറോറകളും ദൃശ്യമാകും. ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും സൗരക്കാറ്റില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനാല്‍ തന്നെ ഇവ ഭൂമിയിലെ ജീവജാലങ്ങളെ നേരിട്ട് ബാധിക്കില്ലെന്നതും ശ്രദ്ധയേമാണ്.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഭൂമിയില്‍ പതിച്ച സൗരക്കാറ്റിന്റെ ഫലമായി വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ഉടനീളം അറോറ ഡിസ്‌പ്ലേകള്‍ സൃഷ്ടിച്ചിരുന്നു. സൗരകണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവുമായി ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന പ്രകാശത്തെയാണ് അറോറ ഡിസ്‌പ്ലേ എന്നുവിളിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Life

ചന്ദ്രന്‍ ഇനി തനിച്ചല്ല! പങ്കാളിയായി ‘മിനി മൂണ്‍’

Published

on

ചന്ദ്രന് കൂട്ടായി ഛിന്നഗ്രഹം ‘മിനി മൂണ്‍’ എത്തുന്നു. താത്കാലികമായി എത്തുന്ന മിനി മൂണ്‍ സെപ്റ്റംബര്‍ 29 മുതല്‍ നവംബര്‍ 25 വരെ രണ്ട് മാസത്തേക്ക് ഭൂമിയെ വലം വെയ്ക്കും. 2024 പിറ്റി 5 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തിന് 33 അടിയോളം നീളമുണ്ട്.

നാസയുടെ ധനസഹായത്തോടെയുള്ള ഛിന്നഗ്രഹ നിരീക്ഷണ സംവിധാനമായ ആസ്റ്ററോയ്ഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റത്തിലെ ഗവേഷകര്‍, ദക്ഷിണാഫ്രിക്കയിലെ സതര്‍ലാന്‍ഡില്‍ സ്ഥാപിച്ച നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇതിനെ 2024 PT5 എന്നാണ് പേരിട്ടിരിക്കുന്നത്.

ഓരോ വര്‍ഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്തുകൂടി കടന്നു പോകാറുണ്ട്. പക്ഷേ 2024 പിറ്റി5 ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുമെന്നതാണ് പ്രത്യേകത.

ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത ഛിന്നഗ്രഹത്തെ ‘മിനി മൂണ്‍’ എന്ന് വിളിക്കുന്നു. അതേസമയം ഛിന്നഗ്രഹം 2024 PT5 സാങ്കേതികമായി ഒരു ചെറിയ ചന്ദ്രനല്ലെന്നും, കാരണം അത് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഒരു പൂര്‍ണ്ണ ഭ്രമണം പൂര്‍ത്തിയാക്കുന്നില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എന്തായാലും ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹം കാണുന്നത് വളരെ അപൂര്‍വമാണ്. മിക്ക സംഭവങ്ങളിലും ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ കടന്നുപോകുകയോ അല്ലെങ്കില്‍ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കത്തുകയോ ചെയ്യുന്നതാണ് പതിവ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National5 hours ago

വിതുര പെന്തക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് നേതൃത്വത്തിൽ നടന്ന പരസ്യയോഗത്തിന് അനുഗ്രഹ സമാപ്തി

വിതുര പെന്തക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് (VPPF) ൻ്റെ നേതൃത്വത്തിൽ 2025 ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മുതൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്രയുടെ ഭാഗമായി...

Travel5 hours ago

റെയിൽവേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കും, ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

ദില്ലി: ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. 2025 ജൂലൈ 1 മുതൽ നിരക്കുകളിലെ വർധനവ് പ്രാബല്യത്തിൽ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്...

world news6 hours ago

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി വിവാഹം

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി വിവാഹം നടത്തി. ജൂൺ 11 ന് നടന്ന സംഭവത്തിൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ അഭിഭാഷകൻ...

National6 hours ago

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ കോട്ടയം സെന്റർ “മിഷൻ 10” ലക്ഷ്യത്തിലേക്ക്

കോട്ടയം : ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കേരള റീജിയൻ കോട്ടയം സെന്ററിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് സമീപം നാല്പത്തി മലയിൽ പുതിയ സഭ പ്രവർത്തനം...

us news6 hours ago

എല്ലാ ക്ലാസ് മുറികളിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കും; നിയമത്തില്‍ ഒപ്പുവെച്ച് ടെക്സാസ് ഗവർണർ

ടെക്സാസ്: പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിൽ അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിന്റെ ഗവർണർ ഗ്രെഗ് ആബട്ട് ഒപ്പുവച്ചു. 2025-2026 അധ്യായന വർഷത്തിന്റെ...

us news1 day ago

‘Bible before boots’: Natalie Grant helps launch Museum of Christian & Gospel Music in Nashville

When the Museum of Christian & Gospel Music opens its doors this October in downtown Nashville, award-winning singer-songwriter Natalie Grant...

Trending

Copyright © 2019 The End Time News