Business
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
കൊമേഴ്സ് ഇന്ത്യയിലെ ഏറ്റവും പഴയ വിദ്യാഭ്യാസ ധാരകളിൽ ഒന്നാണ് .കൊമേഴ്‌സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886-ൽ മദ്രാസിലാണ് . കാലക്രമേണ കൊൽക്കത്ത,ഡൽഹി,ബോംബെ തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. കേരളത്തിൽ കൊമേഴ്‌സ് വിദ്യാഭ്യാസം ആരംഭിച്ചത് 1946-ൽ എറണാകുളത്താണ്. ബിസിനസ്സ് സംവിധാനത്തിൻ്റെ ദ്രുതഗതിയിലുള്ള വികാസത്തോടെ, വാണിജ്യത്തിൻ്റെ പ്രാധാന്യം വിദ്യാഭ്യാസം വർധിപ്പിക്കുകയും ക്രമേണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻറ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്ററ് അക്കൗണ്ടൻറ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ എന്നിവ സ്ഥാപിക്കുകയും ചെയ്തു.പരമ്പരാഗത വിദ്യാഭ്യാസം അക്കാദമിക്ക് വൈദഗ്ധ്യത്തിന് അടിത്തറയിടുമ്പോൾ, കൊമേഴ്‌സ് വിദ്യാഭ്യാസത്തെ പ്രൈമറി സ്കൂൾ പാഠ്യപദ്ധതികളിലേക്ക് സംയോജിപ്പിക്കുന്നതിലൂടെ സാമ്പത്തിക സാക്ഷരരും, ബിസിനസ്സ് വിദഗ്‌ധരുമായ ഒരു തലമുറയെ വളർത്തിയെടുക്കാൻ സാധിക്കുന്നു. അത്രമേൽ സാധ്യതകൾ തുറന്നിടുന്ന ഈ വിഭാഗം പ്രാഥമിക വിദ്യാഭ്യാസത്തിൽ ഉൾകൊള്ളിക്കേണ്ടത് അനിവാര്യമാണ്.
ആഗോളവത്കരണവും നൈപുണ്യവികസനവും
കൊമേഴ്സ് വിദ്യാഭ്യാസം നവീകരിക്കുകയും , ജനകീയമാക്കുകയും ചെയ്യേണ്ടത് മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയുടെ അടിയന്തിര ആവശ്യമാണ്. സേവനനികുതിയും ആദായ നികുതിയുമൊക്കെ ആഗോള നിലവാരത്തിലേക്ക് ഉയരുന്നതും, സങ്കീർണമാകുന്നതും മനസ്സിലാക്കി വിദഗ്ധരായ ആളുകളെ പ്രശ്നപരിഹാരത്തിന് നിയോഗിക്കേണ്ടതാണ്. ഇതിനാവശ്യമായ നൈപുണ്യം നേടാൻ കൊമേഴ്സ് വിദ്യാഭ്യാസത്തിൻ്റെ നിലവാരം ഉയർത്തിയേ മതിയാകു. തൊഴിലില്ലായ്മ ലോകത്തെമ്പാടും ഉണ്ടെങ്കിലും വിദഗ്ധരായ ആളുകൾക്കുവേണ്ടി സർക്കാരുകളും, കോർപ്പറേറ്റുകളും പരതുകയാണ്. ഈ സാഹചര്യങ്ങളും കൂടി വിലയിരുത്തിയാൽ മറ്റേത് വിജ്ഞാന ശാഖകളെക്കാളും പ്രാധാന്യം കൊമേഴ്സ് വിദ്യാഭ്യാസത്തിന് ഉണ്ടെന്ന് നിസ്സംശയം പറയാൻ കഴിയും.
ആവശ്യകതകൾ
കൊമേഴ്‌സ് വിദ്യാഭ്യാസത്തിലൂടെ ബജറ്റിംഗ്, സമ്പാദ്യശീലം, നിക്ഷേപം, പണത്തിൻ്റെ മൂല്യം എന്നിവയെക്കുറിച്ച് പഠിപ്പിക്കാൻ കഴിയും. ഇതിലൂടെ കുട്ടികൾക്ക് യുക്തിപരമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ ഭാവിയിൽ സാധിക്കും. അക്കൗണ്ടിംഗ്, നികുതി കണക്കാക്കലുകൾ തുടങ്ങിയ പ്രായോഗിക കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുന്നതിലൂടെ ഭാവിയിലും, ഉന്നതവിദ്യാഭ്യാസത്തിലും മികവ് പുലർത്താൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള പ്രായോഗിക കഴിവുകൾ നേടുന്നതിലൂടെ തൊഴിൽ അവസരങ്ങൾ വർധിക്കുന്നതിനോടൊപ്പം തന്നെ സ്വയംതൊഴിൽ കണ്ടെത്തുവാനും കുട്ടികളെ സഹായിക്കുന്നു.
കുട്ടികൾ സാധാരണയായി അവരുടെ കരിയറിനെക്കുറിച്ച് ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്നത് 12 മുതൽ 18 വയസ്സുവരെയുളള പ്രായത്തിലാണ്. ഈ കാലഘട്ടത്തിലാണ് വിദ്യാർത്ഥികൾ അവരുടെ താത്പര്യങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ചുമെല്ലാം ബോധവാന്മാരാകുന്നത്. കൊമേഴ്സിനെക്കുറിച്ച് യാതൊരുവിധ അറിവും ലഭിക്കാത്ത കുട്ടികൾക്ക് അക്കൗണ്ടിംഗ്, സംരംഭകത്വം,മാനേജ്മെൻ്റ് തുടങ്ങിയ മേഖലകളിലെ അവരുടെ തൊഴിലവസരങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ട്. കൊമേഴ്സ് വിഷയങ്ങളുമായി പ്രാഥമിക വിദ്യാഭ്യാസകാലത്ത് ഉണ്ടാകുന്ന സമ്പർക്കത്തിലൂടെ കുട്ടികൾക്ക് ആ മേഖലയിൽ താൽപ്പര്യവും അഭിനിവേശവും ഉണ്ടാകുകയും ഭാവിയിലെ വിജയത്തിന് വഴിയൊരുക്കുകയും ചെയ്യും. സയൻസ് വിഭാഗത്തിലെ വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി , ബയോളജി തുടങ്ങിയവയും ഹ്യുമാനിറ്റീസ് വിഭാഗത്തിലെ ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്സ് എന്നീ വിഷയങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കൊമേഴ്സ് പ്ലസ് ടുവിൽ തെരഞ്ഞെടുക്കുന്ന ഒരു വിദ്യാർത്ഥിക്ക് അതുമായി ബന്ധപ്പെട്ട അടിസ്ഥാന ധാരണ നൽകുന്ന ഒരു വിഷയങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിൽ നൽകുന്നില്ല. അതുകൊണ്ടു തന്നെ കൊമേഴ്സുമായി ബന്ധപ്പെട്ട അടിസ്ഥാന വിദ്യാഭ്യാസം പ്രാഥമിക തലത്തിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കേണ്ടത് ആവശ്യമാണ്.
ലക്ഷ്യങ്ങൾ
വ്യവസായം, വാണിജ്യം, മാനേജ്മെൻ്റ്, അക്കൗണ്ടിംഗ് എന്നീ മേഖലകളിൽ സാങ്കേതിക വൈദഗ്ധ്യം, പ്രായോഗിക കഴിവുകൾ തുടങ്ങിയ കഴിവുകൾ വികസിപ്പിക്കുന്നതിനും, ഒരു വിദ്യാർത്ഥിയെ കരിയറിനായി സജ്ജമാക്കുന്നതിനും അല്ലെങ്കിൽ സ്വന്തമായി ഒരു ബിസിനസ്സ് സംരംഭം ആരംഭിക്കുന്നതിനും സഹായിക്കുന്നു. ഓരോ വിദ്യാർത്ഥിക്കും ബിസിനസ്സിനേയും, സമ്പദ് വ്യവസ്ഥയെയും കുറിച്ചുള്ള പ്രസക്തമായ അറിവ് നേടുന്നതിന് മതിയായ അവസരങ്ങൾ നൽകുകയും, നിലവിലെ ബിസിനസ്സ് പ്രക്രിയകളും സമ്പ്രദായങ്ങളും വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിനും സഹായിക്കുന്നു. ബിസിനസ്സിനായി വിവരസാങ്കേതികവിദ്യ സഹായിക്കുന്നു. ബിസിനസ്സ് അവസരങ്ങൾ തിരിച്ചറിയാനും, അവരുടെ റിസ്ക്-റിട്ടേൺ സാധ്യതകൾ വിശകലനം ചെയ്യാനും, ശക്തമായ ധാർമ്മിക പ്രതിബദ്ധതയോടെ സാമൂഹികമായി അഭിലഷണീയമായ വഴികളിൽ ബിസിനസ്സ് വികസനത്തെ പിന്തുണയ്ക്കാനുമുള്ള കഴിവ് വികസിപ്പിക്കുകയും അതോടൊപ്പം ഒരു സാധാരണക്കാരൻ്റെ നികുതി അടവുകളും അതുമായി ബന്ധപ്പെട്ട നിയമങ്ങളും ഇളവുകളെക്കുറിച്ചും അറിയാനും സാധിക്കുന്നു.
നേട്ടങ്ങൾ
കൊമേഴ്‌സ് വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികൾക്ക് പണം കൈകാര്യം ചെയ്യുന്നതിനും, ബജറ്റിംഗിനും, യുക്തിപരമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിനും ആവശ്യമായ അറിവ് ലഭിക്കുന്നു. വിദ്യാർത്ഥികൾക്ക് വ്യക്തിപരമായ ചെലവുകൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുവാൻ കൊമേഴ്‌സ് വിദ്യാഭ്യാസത്തിലൂടെ സാധിക്കുന്നു. വിദ്യാർത്ഥികളിൽ സമ്പാദ്യത്തിൻ്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ കൊമേഴ്‌സ് വിദ്യാഭ്യാസം സഹായിക്കുന്നു. ഭാവിയിലേക്ക് വേണ്ടി സമ്പാദ്യശീലം വളർത്തിയെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. കൊമേഴ്‌സ് വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികൾ വിവിധ നിക്ഷേപങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നേടുകയും, കാലക്രമേണ അവരുടെ സമ്പത്ത് വർധിപ്പിക്കുന്നതിന് ശരിയായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികൾ അവർക്ക് മുന്നിലുള്ള വിവിധതരം അവസരങ്ങളെക്കുറിച്ച് വിശകലനം ചെയ്യുകയും, വിലയിരുത്തുകയും ചെയ്യുന്നതിനാൽ കൊമേഴ്‌സ് വിദ്യാഭ്യാസം വിമർശനാത്മകചിന്തയെയും, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നു.വിവിധ കരിയറുകളുടെ സാധ്യതകളെയും, പ്രത്യാഘാതങ്ങളെയുംകുറിച്ച് മനസിലാക്കുന്നതിലൂടെ വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസത്തെയും, തൊഴിൽപാതകളെയും കുറിച്ച് ബോധവാന്മാരാക്കുന്നു. കൊമേഴ്‌സ് വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ വിദ്യാർത്ഥികൾ വ്യക്തിപരമായ ചെലവുകൾ നിയന്ത്രിക്കുകയും, മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്ക്കുകയും, അതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്യുന്നു.
ചരി(തം
പല രാജ്യങ്ങളും കൊമേഴ്സ് വിദ്യാഭ്യാസം പ്രാഥമിക പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൈമറി സ്കൂളുകളിൽ കൊമേഴ്സ് വിദ്യാഭ്യാസം സമന്വയിപ്പിക്കുന്നതിന് ഓസ്ട്രേലിയ വിവിധ സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അടിസ്ഥാന സാമ്പത്തിക സാക്ഷരത ആശയങ്ങൾ, ബജറ്റിംഗ്, സേവിംഗ്സ് എന്നിവ പാഠ്യപദ്ധതിയിൽ അവതരിപ്പിക്കുക എന്നതാണ് ഒരു സമീപനം. കൂടാതെ കോമൺവെൽത്ത് ബാങ്കിൻ്റെ ‘സ്റ്റാർട്ട് സ്മാർട്ട്’ പോലുള്ള പ്രോഗ്രാമുകൾ സംവേദനാത്മക പ്രവർത്തനങ്ങളിലൂടെ പണം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ ലക്ഷ്യമിടുന്നു. യു.കെ യിൽ യുവ തലമുറയെ ബജറ്റിംഗ് അടിസ്ഥാന സാമ്പത്തിക ശാസ്ത്രം, ലളിതമായ ബിസിനസ്സ് ആശയങ്ങൾ എന്നിവ പഠിപ്പിക്കുന്നതിനായി വർക്‌ഷോപ്പുകളും, സ്പെഷ്യലൈസ്‌ഡ് പ്രോഗ്രാമുകളും മറ്റും നടപ്പിലാക്കിയിട്ടുണ്ട്. കോർപ്പറേറ്റ് ഗ്രൂപ്പുകൾ സ്പോൺസർ ചെയ്യുന്ന വിദ്യാഭ്യാസ സാമഗ്രികൾ, സ്കൂളുകളും ബിസിനസ്സ് സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം വിദ്യാർത്ഥികളെ സംരംഭകത്വം പഠിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികൾ തുടങ്ങി പ്രാഥമിക വിദ്യാഭ്യാസത്തിലേക്ക് കൊമേഴ്സിനെ സമന്വയിപ്പിക്കാനുള്ള വിവിധ ശ്രമങ്ങൾ യു.എസ് ഇപ്പോഴും നടത്തി കൊണ്ടിരിക്കുന്നു. ഉഡെമി പോലുള്ള എജുടെക്ക് കമ്പനികൾ വിദ്യാർത്ഥികളെ സാമ്പത്തിക സാക്ഷരതയെക്കുറിച്ച് പഠിപ്പിക്കുവാനായി കോഴ്സുകൾ ഓഫർ ചെയ്യുന്നുണ്ട്. ആമസോൺ മുതലായ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ കൊമേഴ്സ് പഠനത്തിനാവശ്യമായ പുസ്തകങ്ങൾ വിൽക്കുന്നുണ്ട്.
ഇന്ത്യയിലെ കൊമേഴ്സ് വിദ്യാഭ്യാസത്തിൻ്റെ നിലവിലെ സ്ഥിതി
ഇന്ത്യയിൽ കൊമേഴ്സ് ഒരു വിദ്യാഭ്യാസധാര എന്ന നിലയിൽ ആദ്യം തെരഞ്ഞെടുക്കുന്നത് ഇൻ്റർമീഡിയറ്റ് തലത്തിലാണ്, അതായത് പ്ലസ്ടു ലെവലിൽ. ബിരുദ തലത്തിൽ കൊമേഴ്സ് എടുക്കുന്ന വിദ്യാർത്ഥികൾക്ക് ബി. കോമും, ബിരുദാനന്തരബിരുദ തലത്തിൽ എം. കോമും നൽകപ്പെടും. കൊമേഴ്സ് ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് ധാരാളം സാധ്യതകൾ തുറക്കുന്നു. പ്രൊഫഷണൽ തലത്തിൽ CA, CS, CMA, Law, MBA തുടങ്ങിയ കോഴ്സുകൾ ഉണ്ട്.
2017-18 വർഷത്തെ ഉന്നത വിദ്യാഭ്യാസ റിപ്പോർട്ടു സംബന്ധിച്ച അഖിലേന്ത്യാ സർവേ പ്രകാരം ബിരുദ തലത്തിലെ ഏറ്റവും ഉയർന്ന എൻറോൾമെൻ്റ് ആർട്സിൽ 36.4%, സോഷ്യൽ സയൻസിൽ 17.1%, എൻജിനീയറിംഗിൽ 14.1%, കൊമേഴ്സിൽ 14.1% എന്നിങ്ങനെയാണ് . ബികോമിലെ ആകെ എൻറോൾമെൻ്റ് 40.14 ലക്ഷമാണ്. അതിൽ 52.5% ആൺകുട്ടികളും, 47.5% പെൺകുട്ടികളുമാണ്. കൊമേഴ്സിൽ 4493 വിദ്യാർത്ഥികൾ പി.എച്ച്.ഡിക്ക് ചേർന്നിട്ടുണ്ട് അതിൽ 46.65% ആൺകുട്ടികളാണ്. 2020-21 ലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള എൻറോൾമെൻ്റ് 3.85 കോടിയിൽ നിന്നും 4.13 കോടിയായി ഉയർന്നു. 2020-21ൽ 10.2 ലക്ഷം വിദ്യാർത്ഥികൾ കൊമേഴ്സ് ബിരുദം നേടി. ഈ ക്രമത്തിൽ 2020-21 വർഷത്തിൽ 1.6 ലക്ഷം വിദ്യാർത്ഥികൾ ബിരുദാനന്തര ബിരുദ കൊമേഴ്സിൽ ചേർന്നു. കൂടാതെ 6476 വിദ്യാർത്ഥികൾ കൊമേഴ്സിൽ പി.എച്ച്.ഡിക്ക് പ്രവേശനം നേടി.
സാധ്യതകൾ
കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക് അവരുടെ കഴിവ് തെളിയിക്കാനും, നന്നായി സമ്പാദിക്കാനും നിരവധി മാർഗങ്ങളുണ്ട്. കൊമേഴ്‌സ് വിദ്യാഭ്യാസം സമ്പദ് വ്യവസ്ഥയുടെ പ്രധാനഭാഗമാണെന്ന് പറയാം. വാണിജ്യ-സാമ്പത്തിക മേഖലകളിൽ നല്ല പരിശീലനം ലഭിച്ച മനുഷ്യവിഭവശേഷി ഉത്പാദിപ്പിക്കുകയാണെങ്കിൽ തീർച്ചയായും എല്ലാ സമ്പദ് വ്യവസ്ഥയും അഭിവൃദ്ധി പ്രാപിക്കും. ബിരുദതലത്തിൽ ബി.കോമിനുശേഷം, ബിരുദാനന്തരബിരുദതലത്തിൽ എം.കോമും, എം.ബി.എയും ചെയ്യാം. കൂടാതെ വിദ്യാർത്ഥികൾക്ക് CA,CS, CMA,CFA,CPA, തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളും പഠിക്കാം. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ നിന്നും പഠിച്ചിറങ്ങുന്ന ഒരു ഉദ്യോഗാർത്ഥിക്ക് വർഷം ശരാശരി 33 മുതൽ 35 ലക്ഷം വരെ ശമ്പളം ലഭിക്കുന്നു. CA, CS, തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകൾ പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വർഷം ഏകദേശം 12 ലക്ഷം മുതൽ 24 ലക്ഷം വരെ തുടക്ക ശമ്പളം ലഭിക്കുന്നു. ഇവ കൂടാതെ കൊമേഴ്‌സ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥിക്ക് ഇൻവെസ്റ്റ്മെൻ്റ് ബാങ്കർ, പേഴ്‌സണൽ ഫിനാൻഷ്യൽ അഡ്വൈസർ, റിസേർച്ച് അനലിസ്റ്റ്, എൻ്റർപ്രെന്യൂർ, ഫിനാൻഷ്യൽ പ്ലാനർ, തുടങ്ങിയ ജോലിസാധ്യതകളും ഉണ്ട്.
രാഷ്ട്രത്തിനുള്ള നേട്ടങ്ങൾ
സാമ്പത്തികമായി സാക്ഷരതയുള്ള ഒരു ജനവിഭാഗം സാമ്പത്തിക സ്ഥിരതയ്ക്ക് സംഭാവന നൽകുകയും, ബുദ്ധിപരമായി സാമ്പത്തിക തീരുമാനങ്ങൾ എടുക്കുകയും, അത് സമ്പദ്‌വ്യവസ്ഥയെ ഉയർത്തുകയും ചെയ്യുന്നു . അതുവഴി നികുതി അടയ്ക്കുന്നതും, സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനും ഉൾപ്പെടെ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്നു. അതോടൊപ്പംതന്നെ, സാമ്പത്തിക വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിനും, സമ്മർദ്ദം കുറയ്ക്കുന്നതിനും, മാനസിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനും സജ്ജരാകുന്നു. അറിവുള്ള ഉപഭോക്താക്കൾ മികച്ച വാങ്ങൽ തീരുമാനങ്ങൾ എടുക്കുകയും, ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുകയും, സാമ്പത്തിക പ്രതിസന്ധികളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. സാമ്പത്തിക വിദ്യാഭ്യാസമുള്ള വ്യക്തികൾ സംരംഭപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, അവർ ശരിയായ തൊഴിൽ പാതകൾ തിരഞ്ഞെടുക്കുകയും, അതിലൂടെ തൊഴിലില്ലായ്‌മ നിരക്ക് കുറയുകയും ചെയ്യുന്നു. അതുവഴി ദാരിദ്ര്യനിരക്ക് കുറയ്ക്കാൻ സാധിക്കുന്നു.
മാർഗ്ഗനിർദ്ദേശങ്ങൾ
കൊമേഴ്സ് വിദ്യാഭ്യാസം വ്യാപാരത്തിൻ്റെയും, ബിസിനസ്സിൻ്റെയും, രാജ്യത്തിൻ്റെ തുടർച്ചയായ വികസനത്തിൻ്റെയും നട്ടെല്ലാണ്. എന്നാൽ ഇന്ത്യയിലെ കൊമേഴ്സ് വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ ഗുണനിലവാരം താരതമ്യപ്പെടുത്തുമ്പോൾ വളരെ പിന്നിലാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ചില മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതായിട്ടുണ്ട്.
സെക്കൻഡറി തലത്തിൽ മറ്റു വിഷയങ്ങളോടൊപ്പം കൊമേഴ്സും ഉൾപ്പെടുത്തണം.
പ്രായോഗിക പരിജ്ഞാനം നൽകുന്ന തരത്തിൽ പരമ്പരാഗത കോഴ്സുകൾ പരിഷ്കരിക്കേണ്ടതുണ്ട്.
നിലവിലെ മാർക്കറ്റ് ട്രെൻഡുകൾ , തൊഴിൽ അവസരങ്ങൾ, പ്രായോഗിക കഴിവുകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഉൾക്കാഴ്ച നൽകുന്നതിന് ബിസിനസ്സുമായും വ്യവസായ വിദഗ്ധരുമായും പങ്കാളിത്തം വളർത്തുക.
ബിസിനസ്സ് ലോകത്തെ വിജയത്തിന് നിർണ്ണായകമായ ആശയവിനിമയം, വിമർശനാത്മക ചിന്ത, പ്രശ്നപരിഹാരം ടീം വർക്ക് തുടങ്ങിയ അത്യാവശ്യമായ സോഫ്റ്റ് സ്കില്ലുകളിൽ പരിശീലനം ഉൾപ്പെടുത്തുക
വിദ്യാർത്ഥികൾക്ക് അവരുടെ അറിവ് പ്രായോഗികമാക്കുവാനും വ്യവസായ അനുഭവം നേടാനും ഇൻ്റേൺഷിപ്പുകൾ പോലെയുള്ള അവസരങ്ങൾ ലഭ്യമാക്കുക
വിദ്യാർത്ഥികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അതിനനുസരിച്ചുള്ള അദ്ധ്യാപന രീതികൾ സ്വീകരിക്കുന്നതിനുമുള്ള സംവിധാനങ്ങൾ നടപ്പിലാക്കുക
നിലവിലെ വ്യവസായ പ്രവണതകൾ സങ്കേതിക മുന്നേറ്റങ്ങൾ ഉയർന്നു വരുന്ന ബിസിനസ്സ് രീതികൾ എന്നിവ പ്രതിഫലിപ്പിക്കുന്നതിന് പതിവായി പാഠ്യ പദ്ധതി പരിഷ്കരിക്കുക.
വിദ്യാർത്ഥികളെ അവരുടെ കരിയറിൽ ഉടനീളം പിന്തുണക്കുന്നതിനു വർക്‌ഷോപ്പുകളും സർട്ടിഫിക്കേഷൻ കോഴ്സുകൾ നെറ്റ്‌വർക്കിംഗ് ഇവൻ്റുകൾ എന്നിവ ക്രമീകരിക്കുക.
എങ്ങനെ നടപ്പിലാക്കാം?
നിലവിലുള്ള വിഷയങ്ങളുമായുള്ള സംയോജനം.
കൊമേഴ്സ് പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം.
കൊമേഴ്സ് വിഷയങ്ങൾ മികവോടെ പഠിപ്പിക്കുന്നതിനായി അദ്ധ്യപകർക്ക് പരിശീലനം കൊടുക്കുക
പ്രായോഗിക പഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക
സാമ്പത്തിക സാക്ഷരത പരിപാടികൾ സജ്ജീകരിക്കുക.
പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം
പ്രൊഫഷണൽ കോഴ്സുകളുമായുള്ള സംയോജനം.
പ്രതിസന്ധികൾ
നിലവിലുള്ള പാഠ്യപദ്ധതിതന്നെ വിദ്യാർത്ഥികൾക്ക് താങ്ങാവുന്നതിലും അധികമാണ്. പാഠ്യപദ്ധതിയിൽ കൊമേഴ്‌സ് വിഷയങ്ങൾ ചേർക്കുന്നതോടെ വിദ്യാർത്ഥികളുടെ പഠനഭാരവും, സമ്മർദ്ദവും വർധിക്കുകയും അതിലൂടെ മറ്റു വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാതെ വരുകയും ചെയ്യും. ധാർമ്മിക ശാസ്ത്രം പോലുള്ള വിഷയങ്ങൾക്ക് പകരം സാമ്പത്തിക സാക്ഷരത പകരുന്ന വിഷയങ്ങൾ ഉൾപ്പെടുത്തുകയാണെങ്കിൽ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും. ഈ മേഖലയിൽ താൽപര്യമില്ലാത്ത വിദ്യാർത്ഥികൾ അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ നിർബന്ധിതരാകുന്നു. കൊമേഴ്‌സ് വിദ്യാഭ്യാസത്തിന് ആവശ്യമായ കൊമേഴ്‌സ് ലാബ്, വിദഗ്‌ധരായ അദ്ധ്യാപകർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഈ പദ്ധതി നടപ്പിലാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഇപ്പോഴത്തെ പാഠ്യപദ്ധതി നൈപുണ്യത്തേക്കാളും ,പരിശീലനത്തേക്കാളും കൂടുതൽ ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ളതാണ്. തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയുമായി യോജിച്ചുപോകാൻ അദ്ധ്യാപകർ പരിശീലിക്കപ്പെടണം.
ലോകം മുഴുവൻ വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്ക് മാറുകയാണ്. ഏതൊരു രാജ്യത്തിൻ്റെയും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ധാർമ്മികവുമായ പുരോഗതിയിൽ വിദ്യാഭ്യാസം ഒരു പ്രധാന പങ്ക് വഹിക്കുന്നു മുകളിൽ പറഞ്ഞ ചർച്ചകളും വിശകലനങ്ങളും ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസ മേഖലയിൽ നവീകരണത്തിൻ്റെ അഭാവമുണ്ടെന്നു വ്യക്തമാക്കുന്നു. ഇന്ത്യയിലെ കൊമേഴ്സ് വിദ്യാഭ്യാസം പുനഃക്രമീകരിക്കേണ്ടത് അനിവാര്യമാണ്. നിലവിൽ കൊമേഴ്സ് മേഖലയിൽ വൈദഗ്ധ്യമുള്ള അദ്ധ്യാപകർ കുറവാണ് കാര്യക്ഷമതയുള്ള അദ്ധ്യാപകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാഹചര്യങ്ങളും വികസിപ്പിക്കേണ്ടത് നയരൂപകർത്താക്കളുടെ ഉത്തരവാദിത്വമാണ്.
സി എ സാബു തോമസ് , ചാർട്ടേർഡ് അക്കൗണ്ടന്റായ ലേഖകൻ , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഫെല്ലോ ചാർട്ടേർഡ് അക്കൗണ്ടന്റ് അംഗ്വത്വത്തോടൊപ്പം CPA ഓസ്‌ട്രേലിയയുടെ ASA ബിരുദവും, ബിസിനെസ്സ് മാനേജ്മെന്റിൽ മാസ്റ്റർ ബിരുദവും ഉണ്ട് .
രംഗമണി അസ്സോസിയേറ്റ്സ്, CEO ആയ ലേഖകൻ TTI എന്റർപ്രൈസസ് മാനേജിങ് ഡയറക്റ്ററും സൗതേൺ ഇന്ത്യ ചാർട്ടേർഡ് അക്കൗണ്ടന്റ്സ് സ്റ്റുഡന്റസ് അസോസിയേഷൻ കോട്ടയം ബ്രാഞ്ചിന്റെ ചെയർമാനും , കോട്ടയം ചാർട്ടേർഡ് അക്കൗണ്ടന്റ്സ് അസോസിയേഷൻ പ്രസിഡന്റുമാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കോട്ടയം ശാഖയുടെ മുൻ ചെയർമാനായിരുന്ന CA സാബു തോമസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ തൃശൂർ ശാഖയുടെ മുൻ ട്രെഷററും , ഇസാഫ് ബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റ് & നാഷണൽ ബാങ്കിങ് ഹെഡും , ഇസാഫ് മൈക്രോഫിനാൻസ് ലിമിറ്റഡിന്റെ മുൻ സിഇഒ യും , കേരളം ഫിനാൻഷ്യൽ കോർപറേഷൻ മുൻ ഫിനാൻഷ്യൽ കൺട്രോളറുമായിരുന്നു
Sources:christiansworldnews
Business
മിന്നൽ വേഗത്തിൽ ഭക്ഷണം തീൻമേശയിലേക്ക്; പുതിയ ആപ്പ് പുറത്തിറക്കി സ്വിഗ്ഗി
ഭക്ഷണ വിതരണ രംഗത്ത് ഒരു പുതിയ പോരാട്ടത്തിന് തിരികൊളുത്തി സ്വിഗ്ഗി. 10-15 മിനിറ്റിനുള്ളിൽ ഭക്ഷണം ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘സ്നാക്ക്’ എന്ന നൂതന ആപ്ലിക്കേഷനാണ് സ്വിഗ്ഗി പുറത്തിറക്കിയിരിക്കുന്നത്. മിന്നൽ വേഗത്തിൽ ഭക്ഷണം വീടുകളിൽ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് വിപണിയിൽ ഒരു നിർണായക ചുവടുവയ്പ്പാണ് ഇത്. നിരവധി കമ്പനികൾ ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ മത്സരം കടുക്കുകയാണ്.
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും സ്വിഗ്ഗിയുടെ സ്നാക്ക് ആപ്പ് ലഭ്യമാണ്. ഫാസ്റ്റ് ഫുഡ്, തയ്യാറാക്കിയ ഭക്ഷണം, പാനീയങ്ങൾ എന്നിവയുടെ വിതരണത്തിലാണ് ആപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ ബംഗളൂരുവിൽ മാത്രമാണ് സ്നാക്കിന്റെ സേവനം ലഭ്യമാകുക. സ്വിഗ്ഗിയുടെ നിലവിലുള്ള ‘ബോൾട്ട്’ സേവനത്തേക്കാൾ എത്രയോ അധികം വേഗത്തിൽ ഭക്ഷണ വിതരണം ചെയ്യുകയാണ് സ്നാക്കിന്റെ പ്രധാന ലക്ഷ്യം. ബ്ലിങ്കിറ്റിന്റെ ബിസ്ട്രോ, സെപ്റ്റോ കഫേ തുടങ്ങിയവരുടെ മാതൃകയിലാണ് സ്നാക്കിന്റെ പ്രവർത്തനം.
സ്വിഗ്ഗിയുടെ വരവോടെ വിപണി കൂടുതൽ ചൂടുപിടിക്കുകയാണ്. സോമാറ്റോയും ഒലയും ഈ രംഗത്ത് ശക്തമായ മത്സരം കാഴ്ചവെക്കുന്നു. 15 മിനിറ്റിനുള്ളിൽ ഭക്ഷണ വിതരണം ചെയ്യുന്ന പുതിയ ഫീച്ചർ സോമാറ്റോ അവരുടെ ആപ്പിൽ അവതരിപ്പിച്ചു കഴിഞ്ഞു. മുംബൈ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഈ ഫീച്ചർ നിലവിൽ ലഭ്യമാണ്. ആപ്പിന്റെ എക്സ്പ്ലോർ വിഭാഗത്തിൽ ’15-മിനിറ്റ് ഡെലിവറി’ എന്ന ടാബിൽ വിവിധതരം ഭക്ഷണങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഒലയും ഈ രംഗത്ത് സജീവമാണ്. ഓല ഡാഷ് എന്ന 10 മിനിറ്റ് സർവീസ് ബംഗളൂരുവിൽ ആരംഭിക്കുകയും പിന്നീട് ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുകയും ചെയ്തു.
വൻകിട കമ്പനികളും ക്വിക്ക് കൊമേഴ്സ് വിപണിയിലേക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ്. കഴിഞ്ഞ വർഷം റിലയൻസ് ജിയോമാർട്ട് വഴി 30 മിനിറ്റിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്ത് ഈ വിപണിയിലേക്ക് പ്രവേശിക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയിരുന്നു. ഫാഷൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ മിന്ത്ര, ബംഗളൂരുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ചില ബ്രാൻഡുകൾക്ക് 30 മിനിറ്റ് ഡെലിവറി സർവീസ് പരീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Sources:azchavattomonline.com
Business
ബാങ്ക് അക്കൗണ്ടിൽനിന്ന് പണം അയക്കുന്നതിന് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുന്നതിനുള്ള നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയമങ്ങൾ 2025 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സാധാരണയായി, യുപിഐ, ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുന്നത്. ഈ പുതിയ മാറ്റങ്ങൾ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുകയും ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുകയും ചെയ്യും.
ആർടിജിഎസിലും എൻഇഎഫ്ടിയിലും പേര് വെരിഫിക്കേഷൻ
പുതിയ നിയമപ്രകാരം, ആർടിജിഎസ്, എൻഇഎഫ്ടി എന്നിവ വഴി പണം അയയ്ക്കുന്ന വ്യക്തിക്ക് പണം സ്വീകരിക്കുന്ന ആളുടെ പേര് വെരിഫൈ ചെയ്യാൻ സാധിക്കും. നിലവിൽ യുപിഐ, ഐഎംപിഎസ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പണം അയയ്ക്കുന്നതിന് മുൻപ് സ്വീകരിക്കുന്ന ആളുടെ പേര് കാണിക്കുന്ന സംവിധാനമുണ്ട്. ഇത് വഴി തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോവുന്നത് ഒരു പരിധി വരെ തടയാൻ സാധിച്ചിട്ടുണ്ട്. ഇതേ സൗകര്യം ഇനി ആർടിജിഎസ്, എൻഇഎഫ്ടി ഇടപാടുകളിലും ലഭ്യമാകും.
എന്തുകൊണ്ട് ഈ മാറ്റം?
ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയിലാണ് ഈ നിർദ്ദേശം ആദ്യമായി വെച്ചത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറയുന്നതനുസരിച്ച്, ആർടിജിഎസ്, എൻഇഎഫ്ടി എന്നിവ വഴി പണം അയയ്ക്കുന്നവർക്ക് സ്വീകരിക്കുന്ന ആളുടെ പേരും അക്കൗണ്ടും വെരിഫൈ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇതിലൂടെ തെറ്റായ നിക്ഷേപങ്ങളും തട്ടിപ്പുകളും ഒരു പരിധി വരെ തടയാനാവും. ലളിതമായി പറഞ്ഞാൽ, ആർടിജിഎസ്, എൻഇഎഫ്ടി വഴി പണം അയയ്ക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ പേര് സ്ക്രീനിൽ കാണിക്കും.
ഉപയോക്താക്കൾക്കുള്ള പ്രധാന നേട്ടങ്ങൾ
ഈ പുതിയ സംവിധാനം ഉപയോക്താക്കൾക്ക് നിരവധി പ്രയോജനങ്ങൾ നൽകുന്നു. ഒന്നാമതായി, പണം അയയ്ക്കുന്നതിന് മുൻപ് സ്വീകരിക്കുന്ന ആളുടെ പേര് ഉറപ്പുവരുത്താൻ സാധിക്കുന്നതിനാൽ തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോവാനുള്ള സാധ്യത കുറയും. രണ്ടാമതായി, തട്ടിപ്പുകളിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാൻ സാധിക്കും. മൂന്നാമതായി, പണമിടപാടുകൾ കൂടുതൽ സുതാര്യമാവുകയും ഉപയോക്താക്കളുടെ വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും. ആർബിഐയുടെ ഈ പുതിയ നീക്കം ഡിജിറ്റൽ പണമിടപാടുകളിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണ്
Sources:azchavattomonline.com
Business
ഡാറ്റ ഉപയോഗിക്കാത്തവര്‍ക്കായി എസ്എംഎസിനും കോളിനും ഇനി പ്രത്യേക പ്ലാനുകള്‍; ട്രായ് ചട്ടം ഭേദഗതി ചെയ്തു
ന്യൂ ഡല്‍ഹി: ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്കായി മൊബൈല്‍ സേവന ദാതാക്കള്‍ വോയ്സ് കോളുകള്‍ക്കും എസ്എംഎസിനും പ്രത്യേക മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ്.
പ്രത്യേക റീചാര്‍ജ് കൂപ്പണുകളുടെ പരിധി 90 ദിവസത്തില്‍ നിന്ന് 365 ദിവസത്തേക്ക് വരെ നീട്ടുകയും ചെയ്ത് താരിഫ് ചട്ടങ്ങള്‍ ട്രായ് ഭേദഗതി ചെയ്തു.
വോയ്സ്, എസ്എംഎസ് എന്നിവയ്ക്ക് മാത്രമായി കുറഞ്ഞത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും ടെലികോം സേവന ദാതാവ് അവതരിപ്പിക്കണം.365 ദിവസം വരെ കാലാവധി വാഗ്ദാനം ചെയ്യുന്നതായിരിക്കണം പ്ലാന്‍’- 2024 ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ (പന്ത്രണ്ടാം ഭേദഗതി) ചട്ടത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഭേദഗതി.
നിലവില്‍ കമ്ബനികള്‍ നല്കുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ മിക്കതും വോയ്സ് കോള്‍, എസ്എംഎസ്, ഇന്റര്‍നെറ്റ്, ഒടിടി സബ്സ്ക്രിപ്ഷന് എന്നിവ കൂട്ടിച്ചേര്‍ത്താണ്. റീച്ചാര്‍ജ് ചെയ്യുന്ന പലര്‍ക്കും ഇതില്ലെല്ലാ സേവനവും ആവശ്യമില്ല. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ പോലും ഇന്റര്‍നെറ്റ് അടങ്ങിയ റീച്ചാര്‍ജ് പ്ലാനുകള്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരക്കാര്‍ക്ക് വേണ്ടി വോയ്സ് കോളും എസ്എംഎസും മാത്രം നല്കുന്ന ഒരു പ്ലാന്‍ എങ്കിലും ഉറപ്പാക്കണമെന്നാണ് ഭേദഗതിയില്‍ പറയുന്നത്.
ഒരാള്‍ക്ക് ഇന്റര്‍നെറ്റ് പ്ലാന്‍ ആവശ്യമില്ലെങ്കില്‍ വോയ്സ് കോളും എസ്എംഎസും മാത്രമുള്ള പ്ലാന്‍ എടുത്താല്‍ മതി. ഡ്യുവല്‍ സിം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് രണ്ടു നമ്ബറിലും ഇന്റര്‍നെറ്റ് സേവനം ആവശ്യമുണ്ടായേക്കില്ല. ഒരു സിം കാര്‍ഡില്‍ വോയ്സ് കോള്‍, എസ്എംഎസ് മാത്രം വേണ്ട വ്യക്തിക്ക് കുറഞ്ഞ നിരക്കില്‍ ഇത് ലഭ്യമാകും. സ്പെഷ്യല്‍ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും കാലാവധിയാണ് പരമാവധി 90 ദിവസമെന്നത് 365 ദിവസമാക്കി ഉയര്‍ത്തിയത്. വാലിഡിറ്റി കൂടിയ പ്ലാനുകള്‍ തെരഞ്ഞെടുത്താല്‍ ഉപയോക്താക്കള്‍ ഇടയ്ക്കിതെ റീച്ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കാം.
Sources:samakalikamalayalam
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden