Travel
വനയാത്ര : വിനോദസഞ്ചാര കേന്ദ്രങ്ങളും ,കെ എസ് ആർ ടി സി റൂട്ടുകളും

കേരളത്തിനുള്ളിൽ വന്യമൃഗങ്ങൾ നിറഞ്ഞ ഭീതിജനകമായ കൊടുംകാട്ടിനുള്ളിലൂടെയുള്ള കെഎസ്ആർടിസിയുടെ പ്രധാനപ്പെട്ട റൂട്ടുകൾ ഏതൊക്കെയെന്നു നമുക്ക് നോക്കാം.
മുത്തങ്ങ – വയനാട് ജില്ലയിലെ വയനാട് വന്യജീവി സങ്കേതത്തിലുള്ള ഒരു ഗ്രാമമാണ് മുത്തങ്ങ. സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികളുടെ സുരക്ഷിത മേഖലയായിട്ടാണ് കണക്കാക്കുന്നത്. കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു. വിശാലമായ ഈ മേഖല കടുവയുടെയും പുലിയുടെയും അവയുടെ ഇരകളുടെയും സമ്പന്ന മേഖലയാണ്. സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നൂറുകണക്കിന് സഞ്ചാരികളാണ് മുത്തങ്ങയുടെ വന്യ സൗന്ദര്യം ആസ്വദിക്കാനും മൃഗങ്ങളെ കാണാനുമായി എത്തുന്നത്.
മുത്തങ്ങയിൽ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളിൽ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കാട്ടിൽ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. ബെംഗളൂരു, മൈസൂർ, ഗുണ്ടൽപെട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവ്വീസുകൾ ഇതുവഴി പോകുന്നുണ്ട്. രാത്രി 9.30 മുതൽ രാവിലെ 6 മണിവരെ ഇവിടെ വനപാത അടച്ചിടും. പിന്നീട് പ്രത്യേകം പാസ്സുള്ള കേരള – കർണാടക ആർടിസി ബസ്സുകൾ മാത്രമേ ഇതുവഴി പോകുകയുള്ളൂ. അതും വിരലിലെണ്ണാവുന്നവ മാത്രം.
തോൽപ്പെട്ടി കാടുകളും കടന്നു കുട്ടയിലേക്ക് (വയനാട് ജില്ല) : മൈസൂർ, ബെംഗളൂരു ഭാഗങ്ങളിലേക്ക് പോകുവാനുള്ള മറ്റൊരു റൂട്ടാണ് ഇത്. മുത്തങ്ങയിലെ പോലെ വാഹനങ്ങളുടെ തിരക്ക് ഇവിടെ താരതമ്യേന കുറവായിരിക്കും. ഇവിടെ രാത്രികാല യാത്രാ നിരോധനം നിലവിലില്ലാത്തതിനാൽ മുത്തങ്ങ – ബന്ദിപ്പൂർ വനപാത അടച്ചു കഴിഞ്ഞാൽ കേരള ആർടിസിയുടെ അടക്കം ചില ബസ് സർവ്വീസുകൾ ഇതുവഴിയായിരിക്കും കടന്നുപോകുന്നത്.
കുട്ട എന്നു പറയുന്നത് കേരള – കർണാടക അതിർത്തിയിലെ ഒരു ഗ്രാമമാണ്. തോൽപ്പെട്ടി വനത്തിലൂടെയുള്ള യാത്ര കഴിഞ്ഞു നമ്മൾ എത്തിച്ചേരുന്നത് കുട്ടയിലേക്ക് ആണ്. പകൽ സമയത്ത് മാനന്തവാടിയിൽ നിന്നും കുട്ടയിലേക്ക് ഇതുവഴി കെഎസ്ആർടിസി ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്.
ബാവലി റൂട്ട് (വയനാട് ജില്ല) : മാനന്തവാടി താലൂക്കിൽ തിരുനെല്ലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ബാവലി. മാനന്തവാടിയിൽ നിന്നു പതിനാറ് കിലോമീറ്റർ അകലെയുളള ഈ ഗ്രാമം കേരള-കർണ്ണാടക അതിർത്തിയാണ്. മൂന്നു ഭാഗവും വനവും ഒരു ഭാഗം പുഴയുമാണ് അതിര്. ബാവലി പുഴയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന പാലം കടന്നാൽ കർണ്ണാടകയാണ്. അന്തര്‍ സംസ്ഥാന പാതയായ മാനന്തവാടി – ബാവലി – മൈസൂര്‍ റൂട്ടില്‍ രാത്രികാല യാത്രനിരോധനം നിലവിലുണ്ട്. വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെയാണ് യാത്രാ നിരോധനം.
ബാവലി മുതല്‍ രാജിവ് ഗാന്ധി ദേശീയ ഉദ്യാനം ഉള്‍പ്പെടുന്ന 31 കിലോമീറ്റര്‍ ദൂരം വനപാതയിലൂടെയുള്ള വാഹന ഗതാഗതം വന്യജീവികളുടെ സ്വൈര്യവിഹാരത്തിന് തടസ്സമാകുമെന്ന കാരണത്താലാണ് യാത്രാനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി പകൽ പോയാലും വന്യമൃഗങ്ങളെ കാണാനാകും എന്നാണു അനുഭവസ്ഥർ പറയുന്നത്. കെഎസ്ആർടിസിയുടെ മാനന്തവാടി – ബൈരക്കുപ്പ, കൽപ്പറ്റ – മാനന്തവാടി – മൈസൂർ, തൊട്ടിൽപ്പാലം – ബെംഗളൂരു തുടങ്ങിയ ബസ് സർവ്വീസുകൾ ഇതുവഴിയാണ് കടന്നു പോകുന്നത്.
ചാലക്കുടി – മലക്കപ്പാറ : തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ സ്ഥിതിചെയ്യുന്നതും അതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara). കേരളം – തമിഴ്നാട് അതിർത്തി കൂടിയാണ് ഈ സ്ഥലം. ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഒരു വിനോദസഞ്ചാരകേന്ദ്രമായ മലക്കപ്പാറയിലേയ്ക്ക് ചാലക്കുടിയിൽ നിന്ന് സംസ്ഥാന ഹൈവേ-21 ലൂടെ തുമ്പൂർമൂഴി, അതിരപ്പള്ളി, വാഴച്ചാൽ, ഷോലയാർ വഴി 86 കിലോമീറ്റർ ദൂരമുണ്ട്. വാഴച്ചാൽ കഴിഞ്ഞു കുറച്ചുകൂടി മുന്നോട്ടു പോയാൽ പിന്നെ ജനവാസകേന്ദ്രങ്ങൾ കഴിയും. പിന്നീട് പേടിപ്പെടുത്തുന്ന നിബിഡ വനത്തിലൂടെയായിരിക്കും യാത്ര. എല്ലായ്പ്പോഴും ആനയിറങ്ങുന്ന ഈ റൂട്ടിലൂടെ ചെറു വാഹനങ്ങളിൽ പോകുന്നത് വളരെ സൂക്ഷിച്ചു വേണമെന്ന് ഫോറസ്റ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
അധികം വീതിയില്ലാത്ത വഴിയായതിനാൽ ഇവിടെ മൃഗങ്ങൾക്ക് പെട്ടെന്ന് റോഡിലേക്ക് ഇറങ്ങുവാൻ കഴിയും. യാത്രക്കാരാണെങ്കിൽ പെട്ടെന്ന് ഇത് ശ്രദ്ധിക്കുകയും ഇല്ല. ആനയെക്കൂടാതെ ഉപദ്രവകാരികളായ പുലികൾ ഇറങ്ങുന്ന ഏരിയയും കൂടിയാണിത്. ആയതിനാൽ ഇതുവഴി ബസ്സിൽ യാത്ര ചെയ്യുന്നതാണ് കൂടുതൽ സുരക്ഷിതം. ചാലക്കുടിയിൽ നിന്നും മലക്കപ്പാറ വരെ രാവിലെയും വൈകീട്ടും കെഎസ്ആർടിസിയുടെ ബസ് സർവ്വീസ് ലഭ്യമാണ്. ഇതിൽ വൈകീട്ട് പോകുന്ന ബസ് മലക്കപ്പാറയിൽ സ്റ്റേ ചെയ്യും. കെഎസ്ആർടിസിയെ കൂടാതെ തോട്ടത്തിൽ (എയ്ഞ്ചൽ ഡോൺ) എന്ന രണ്ടു പ്രൈവറ്റ് ബസ്സുകളും ഇതുവഴി സർവ്വീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസി മലക്കപ്പാറ വരേയുള്ളൂവെങ്കിൽ ഇവ വാൽപ്പാറ വരെയുണ്ട്. ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഇവയും സർവ്വീസ് നടത്തുന്നത്. ഏതൊരു സഞ്ചാരിയും പോയിരിക്കേണ്ട റൂട്ടുകളിൽ ഒന്നാണിത്. ഈ റൂട്ടിലും രാത്രിയാത്രാ നിരോധനം നിലവിലുണ്ട്.
മൂന്നാർ – ഉടുമൽപേട്ട് (ഇടുക്കി ജില്ല) : മൂന്നാറിൽ നിന്നും ഉടുമൽപേട്ടിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ? മറയൂർ, ചിന്നാർ വഴിയാണ് മനോഹരമായ ഈ യാത്ര. മറയൂർ കഴിഞ്ഞാൽ പിന്നെ കേരള – തമിഴ്നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വനത്തിലൂടെയാണ് യാത്ര. കേരള ഭാഗത്ത് ഈ കാടിന് ചിന്നാർ എന്നും തമിഴ്നാട് ഭാഗത്ത് ഈ കാടിന് ആനമല (കടുവാ സംരക്ഷണ കേന്ദ്രം) എന്നുമാണ് പേര്. സാധാരണ കാടുകളിൽ നിന്നും വ്യത്യസ്തമായി മുള്‍വ്യക്ഷങ്ങള്‍ നിറഞ്ഞ കാടുകളാണ് ചിന്നാര്‍ സാങ്ച്വറിയുടെ പ്രത്യേകത. പശ്ചിമഘട്ടത്തിലെ മഴനിഴല്‍ പ്രദേശത്തുള്ള ചിന്നാറില്‍ വര്‍ഷത്തില്‍ രണ്ടു മാസം മാത്രമേ മഴ ലഭിക്കാറുളളൂ. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലമാണ് ഇത്.
മൂന്നാറില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ ദൂരെയാണ് ചിന്നാർ. പകൽ വന്യമൃഗങ്ങളെ പൊതുവെ വളരെ കുറവായിരിക്കും ഇതുവഴി കടന്നുപോകുമ്പോൾ കാണുക. എന്നാൽ രാത്രിയിൽ ആന, മ്ലാവ്, കാട്ടുപോത്ത് റോഡിൽ ഇറങ്ങി നടക്കുന്നതൊക്കെ കാണാം. വാഹനങ്ങൾ കുറവായ ഈ റൂട്ടിലൂടെ പോകുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു പേടി തോന്നുമെന്നുള്ളത് സത്യമാണ്. അവിടത്തെ അന്തരീക്ഷത്തിന്റെ പ്രത്യേകതയാണിത്. ഒറ്റയ്ക്ക് ടൂവീലറിൽ ഇതുവഴിയുള്ള യാത്ര കഴിവതും ഒഴിവാക്കുക. മൂന്നാറിൽ നിന്നും ഈ റൂട്ടിലൂടെ കെഎസ്ആർടിസിയുടെ ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. മൂന്നാർ – ഉദുമൽപെട്ട്, കൊട്ടാരക്കര – പഴനി തുടങ്ങിയ സർവീസുകളാണ് ഇതുവഴി കടന്നുപോകുന്നത്.
പത്തനംതിട്ട – ഗവി – കുമളി (പത്തനംതിട്ട ജില്ല) : ഓർഡിനറി എന്ന സിനിമ കാരണം പ്രശസ്തമായ ഒരു കെഎസ്ആർടിസി റൂട്ടാണ് ഗവി. പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും ഇതുവഴി രണ്ടു ബസ്സുകൾ ദിവസേന മൊത്തം നാല് ട്രിപ്പുകൾ നടത്തുന്നുണ്ട്. ഇതിൽ അതിരാവിലെയുള്ള ട്രിപ്പ് ആയിരിക്കും സഞ്ചാരികളെ കൂടുതലും ആകർഷിക്കുന്നത്. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. വെളിച്ചം മരങ്ങളെ കീറിമുറിച്ചു കാടിനുള്ളിലെക്ക് വരാൻ കൊതിക്കുന്ന കോട പെയ്യുന്ന ഗവി കാട്ടിലെ കട്ട ഓഫ്റോഡ് ഡ്രൈവ് ഒക്കെ ആണ് കെ.എസ്.ആർ.ടി.സി നമുക്ക് തരുന്നത്.
വന്യത ആസ്വദിച്ചുകൊണ്ട് കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് നവ്യാനുഭവമായിരിക്കും നൽകുക. പശ്ചിമ ഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടേക്ക് സ്വകാര്യവാഹനങ്ങൾ ഒരു പരിധിയിൽ കഴിഞ്ഞു കടത്തിവിടുന്നതല്ല. അതുകൊണ്ടുതന്നെ കെ.എസ്.ആർ.ടി.സി സർവ്വീസിനാണ് ഈ റൂട്ടിൽ പ്രാമുഖ്യം. മിക്കവാറും ഇതുവഴിയുള്ള യാത്രയ്ക്കിടെ ആനയെ കാണുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില സമയങ്ങളിൽ മരമോ മറ്റോ വീണ് വഴി അടഞ്ഞുപോകുന്ന സാഹചര്യങ്ങൾ വന്നാൽ അവ തരണം ചെയ്യുന്നതിനായി കെഎസ്ആർടിസി ജീവനക്കാരുടെ കയ്യിൽ വെട്ടുകത്തിയും മറ്റ് ആയുധങ്ങളും ഒക്കെയുണ്ടായിരിക്കും
Travel
സ്കൂള്‍ വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ: ഡ്രൈവര്‍മാര്‍ക്ക് വെള്ള ഷര്‍ട്ടും കറുത്തപാൻ്റും യൂണീഫോം

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്കൂൾ ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും വേണ്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്.
കുട്ടികളെ നിന്ന് യാത്രചെയ്യാൻ അനുവദിക്കില്ല. സ്കൂൾ മേഖലയിൽ 30 കിലോമീറ്ററും പൊതുനിരത്തിൽ 50 കിലോമീറ്ററുമാകും വേഗപരിധി.മാത്രമല്ല ഡ്രൈവർമാർക്ക് പത്ത് വർഷം വാഹനമോടിച്ച പരിചയവും ഹെവി വാഹനങ്ങൾ ഓടിച്ച് അഞ്ച് വർഷത്തെ പരിചയവും അത്യാവശ്യമാണ്.
മന്ത്രി ആന്റണി രാജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:
പുതിയ അദ്ധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ നിർദ്ദേശിച്ചത് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും ‘എജുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻ വാഹനം’ എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളിൽ ”ഓൺ സ്കൂൾ ഡ്യൂട്ടി” എന്ന ബോർഡ് വയ്ക്കണം. സ്കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും വാഹനത്തിൽ സ്ഥാപിക്കണം. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്. ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാന്റും ഐഡന്റിറ്റി കാർഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തിലെ ഡ്രൈവർ കാക്കി കളർ യൂണിഫോം ധരിക്കണം.
സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരല്ലന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം. സ്കൂൾ തുറക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യന്ത്രക്ഷമത ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാമ്പുകളിൽ ഹാജരാക്കി പരിശോധന സ്റ്റിക്കർ പതിക്കേണ്ടതാണ്. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ വേണം. അവർ കുട്ടികളെ സുരക്ഷിതമായി ബസിൽ കയറാനും ഇറങ്ങാനും സഹായിക്കണം. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യുവാൻ കുട്ടികളെ അനുവദിക്കരുത്. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കേണ്ടതും മോട്ടോർ വാഹന വകുപ്പ് /പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം. ഡോറുകൾക്ക് ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം. സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്കൂൾ വാഹനത്തിലും സൂക്ഷിക്കണം.
സ്കൂൾ വാഹനങ്ങളിൽ കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള Convex cross view Mirror ഉം വാഹനത്തിനകത്ത് കുട്ടികളെ പൂർണമായി ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള parabolic റിയർവ്യൂ മിററും ഉണ്ടായിരിക്കണം. വാഹനത്തിനകത്ത് Fire extinguisher ഏവർക്കും കാണാവുന്ന രീതിയിൽ ഘടിപ്പിച്ചിരിക്കണം, കൂളിംഗ് ഫിലിം / കർട്ടൻ എന്നിവ പാടില്ല. Emergency exit സംവിധാനം ഉണ്ടായിരിക്കണം. ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/അനദ്ധ്യാപകനെയൊ റൂട്ട് ഓഫീസർ ആയി നിയോഗിക്കേണ്ടതാണ്. സ്കൂളിന്റെ പേരും ഫോൺ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം. വാഹനത്തിന്റെ പുറകിൽ ചൈൽഡ് ലൈൻ (1098) പോലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്സ് (101), മുതലായ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം. സ്കൂൾ വാഹനത്തിലെ ഡ്രൈവിംഗ് രീതികൾ കുട്ടികളെ സ്വാധീനിക്കുന്നതിനാൽ മാതൃകാപരമായി വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം. അടുത്ത അധ്യയന വർഷം അപകടരഹിതമാക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Sources:NEWS AT TIME
Travel
യാത്രക്കിടെ പൈലറ്റ് ബോധംകെട്ടു, യാത്രക്കാരന് വിമാനം താഴെയിറക്കി

ജീവിതത്തിലൊരിക്കലും വിമാനം പറത്തിയിട്ടില്ല എന്ന് മാത്രമല്ല ഒരിക്കലെങ്കിലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഒരാളായിരുന്നു ആ യാത്രക്കാരന്. ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വീട്ടിലേക്ക് പറക്കുകയായിരുന്ന അയാള്‍ അവിചാരിതമായ ഒരു പ്രശ്നത്തില്‍ പെട്ടു. യാത്രചെയ്യുന്ന വിമാനത്തിന്റെ പൈലറ്റ് അപ്രതീക്ഷിതമായി രോഗം വന്ന് അബോധാവസ്ഥയിലായി. സ്വകാര്യാവശ്യത്തിനുള്ള ചെറുവിമാനമായതിനാല്‍ വേറെ പൈലറ്റില്ല. ചെറുവിമാനമായതിനാല്‍ യാത്രക്കാര്‍ തീരെ കുറവ്. അവസാനം അയാള്‍ കോക്പിറ്റിലിരുന്ന് വിമാനം പറത്തേണ്ടി വന്നു. എയര്‍ ട്രാഫിക്് കണ്ട്രോള് റൂമില്‍നിന്നുള്ള നിര്‍ദേശ പ്രകാരം, വിമാനം സുരക്ഷിതമായി റണ്‍വേയില്‍ ഇറക്കുകയും ചെയ്തു.
അമേരിക്കയിലാണ് വിമാനം പറത്തി ഒരു പരിചയവുമില്ലാത്ത യാത്രക്കാരന് സുരക്ഷിതമായി ഒരു ചെറുവിമാനം ലാന്‍ഡ് ചെയ്തത്. താന്‍ സഞ്ചരിച്ച സെസ്ന ലൈറ്റ് എയര്‍ക്രാഫ്റ്റ് ആണ് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ തല്‍സമയ നിര്‍ദേശങ്ങള്‍ അനുസരിച്ച് അദ്ദേഹം നിലത്തിറക്കിയത്. അവിശ്വസനീയം എന്നാണ് എല്ലാം കഴിഞ്ഞശേഷം, എയര്‍ ട്രാഫിക് കണ്ട്രോള് റൂം ഉദ്യോഗസ്ഥന് ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
ബഹാമാസിലെ മാര്‍ഷ് ഹാര്‍ബര്‍ ലിയനാര്‍ഡ് എം തോംസണ്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഫ്ളോറിഡയിലേക്ക് സഞ്ചരിച്ച സെസ്ന 208 കാരവന് വിമാനത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പേര് പുറത്തുവിടാത്ത ഈ യാത്രക്കാരന് ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വീട്ടിലേക്ക് പോവുകയായിരുന്നു. അതിനിടെയാണ് 70 മൈല്‍ വടക്ക് ഫ്ളോറിഡാ തീരപ്രദേശത്തിന് മുകളിലൂടെ പറക്കുമ്പോള്‍ പൈലറ്റ് അസുഖം കാരണം അവശനായത്. ചെറുവിമാനമായതിനാല്‍ മറ്റ് പൈലറ്റ് ഉണ്ടായിരുന്നില്ല. വിമാനം പറത്താനാവാത്ത വിധം പൈലറ്റ് ബോധരഹിതനായതോടെ ഈ യാത്രക്കാരന് കോക്പിറ്റില്‍ ചെന്ന് കണ്‍േട്രാള്‍ റൂമില്‍ എമര്‍ജന്‍സി കോള്‍ ചെയ്യുകയായിരുന്നു.
”എന്റെ പൈലറ്റ് ബോധരഹിതനായി. എങ്ങനെയാണ് ഈ വിമാനം പറത്തേണ്ടത് എന്ന് എനിക്കൊരു ഐഡിയയുമില്ല.”-ഈ സന്ദേശമാണ് അദ്ദേഹം കണ്ട്രോള് റൂമില്‍ നല്‍കിയത്.
എവിടെയാണിപ്പോള്‍ എന്നായിരുന്നു അന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ചോദ്യം. ഫ്ളോറിഡ തീരമേഖലയിലാണ് താനിപ്പോള്‍ ഉള്ളതെന്നും മറ്റൊരു ധാരണയുമില്ലെന്നും അദ്ദേഹം മറുപടി നല്കി.
ചിറകുകളുടെ ലെവല്‍ അതേ പോലെ നിലനിര്‍ത്താനും തീരത്തിനു മുകളിലൂടെ തന്നെ പറക്കാനും അദ്ദേഹം നിര്‍ദേശം നല്കി. അതിനു ശേഷം വിമാനം ലൊക്കേറ്റ് ചെയ്തു.
അതിനുശേഷം എയര്‍ട്രാഫിക് കണ്‍ട്രോളറായ റോബര്‍ട്ട് മോര്ഗന് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം പൈലറ്റ് പരിശീലകനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് സെസ്ന ചെറുവിമാനം പറത്തിയും നല്ല പരിചയമുണ്ടായിരുന്നു. സെസ്ന വിമാനത്തിന്റെ കോക്പിറ്റിന്റെ ചിത്രത്തിന്റെ പ്രിന്റ് ഔട്ട് എടുത്തശേഷം അദ്ദേഹം യാത്രക്കാരന് വേണ്ട നിര്‍ദേശങ്ങള്‍ തല്‍സമയം നല്കിക്കൊണ്ടിരുന്നു. പാം പീച്ച് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ ആ വിമാനം ഇറങ്ങുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്ത അദ്ദേഹം, അവസാനം വരെ യാത്രക്കാരന് പിന്തുണയുമായി കൂടെ നിന്നു.
അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ എല്ലാം അനുസരിച്ച യാത്രക്കാരന് വിമാനം നിയന്ത്രിക്കുകയും വിമാനത്താവള റണ്‍വേയിലേക്ക് വിജയകരമായി അതിറക്കുകയും ചെയ്തു. വിമാനം ഇറക്കുന്നതിനു മുമ്പ് എങ്ങനെയാണ് പവര്‍ കുറക്കുക എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കൂളായി കൈകാര്യം ചെയ്ത യാത്രികന് വിമാനം ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്തു. വിമാനം ലാന്റ് ചെയ്തപ്പോള്‍ യാത്രക്കാരന് ചോദിച്ച ചോദ്യം കണ്ട്രോളര് പിന്നീട് എ ബി സി ചാനലിനോട് ചെറുചിരിയോടെ എടുത്തു പറഞ്ഞു.
”ഞാനിവിടെ എത്തി. ഇനി ഇതെങ്ങനെയാണ് ഒന്ന് ഓഫ് ചെയ്യുക?”
വിമാനം ലാന്റ് ചെയ്തപ്പോള്‍ കണ്ട്രോളര് താഴെയിറങ്ങി യാത്രക്കാരെ ആലിംഗനം ചെയ്തു. അസാധാരണമായ ശാന്തതയോടെയാണ് സംഘര്‍ഷം നിറഞ്ഞ ആ സമയങ്ങള്‍ യാത്രക്കാരന് കൈകാര്യം ചെയ്തതെന്ന് അദ്ദേഹം എ ബി സി ന്യൂസിനോട് പറഞ്ഞു.
വിമാനം നിലത്തിറങ്ങിയ ശേഷം പൈലറ്റിനെ അടിയന്തിര ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ അറിവായിട്ടില്ല.
Sources:azchavattomonline
Travel
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി

ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി.കാല് നടയാത്രക്കാര്‍ക്ക് വേണ്ടിയാണ് വൈറ്റ് ഡ്രാഗണ്‍ എന്ന പാലം തുറന്നത്. 632 മീറ്ററാണ് ഈ പാലത്തിന്റെ നീളം. ചൈനയിലെ ഗാങ്ടോണിലുള്ള 526 മീറ്റന് നീളമുള്ള പാലത്തിന്റെ റെക്കോര്‍ഡ് തിരുത്തി കുറിച്ചു കൊണ്ടാണ് വിയറ്റ്നാമിലെ പാലം റെക്കോര്‍ഡിലേക്ക് നടന്നു കയറുന്നത്.
വരും ആഴ്ചകളില്‍ ഗിന്നസ് വെള്‍ഡ് റെക്കോര്‍ഡ് ഉദ്യോഗസ്ഥര്‍ പാലം പരിശോധിക്കും. കാട്ടില്‍ സമൃദ്ധമായ ഒരു താഴ്്്ന്ന പ്രദേശത്തിന് 150 മീറ്റര്‍ ഉയരത്തിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ തറ ഫ്രാന്‍സില്‍ നിന്നുള്ള ഗ്ലാസിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 450 പേര്‍ക്ക് ഒരേ സമയം കേറാവുന്ന വിധത്തില്‍ കരുത്തുള്ള ഗ്ലാസിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്.
Sources:azchavattomonline
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend