Media
കണ്ണടവയ്ക്കുന്നവര്‍ക്ക് കൊറോണ പകരാന്‍ സാധ്യത കുറവ്; വ്യത്യസ്ത പഠനവുമായി ചൈന

ബീജിംഗ്: കൊറോണ പകരുന്നത് തടയാന്‍ മാസ്കും, സാനിറ്റൈസറും, സാമൂഹിക അകലത്തിനും മാത്രമല്ല കണ്ണടക്കും സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍. കണ്ണട ധരിക്കുന്നവര്‍ക്ക് കൊറോണ പകരാനുള്ള സാധ്യത കുറവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിക്കാതിരിക്കാന്‍ മൂക്കും, വായും മാത്രമല്ല കണ്ണും സംരക്ഷിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ചൈനയില്‍ സൈ്വയ് ചോയില് 277 രോഗികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഗവേഷകര്‍ ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. ദിവസേന കണ്ണട വയ്ക്കുന്ന ഒരാള്‍ക്ക് കണ്ണട വയ്ക്കാത്തവരെ അപേക്ഷിച്ച് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കണ്ണട ധരിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത 5.8 ശ ശതമാനമാണെങ്കില്‍ അല്ലാത്തവര്‍ക്ക് 31.5 ശതമാനമാണെന്നും ഗവേഷകര്‍ പറയുന്നു.
കണ്ണട വയ്ക്കുന്നവര്‍ക്ക് നിരന്തരം കണ്ണില്‍ തൊടാനുള്ള പ്രവണത കുറവായിരിക്കും. ഇക്കാരണത്താല്‍ കൊറോണ വൈറസിന് കൈകളില്‍ നിന്നു കണ്ണുകളിലേക്ക് പടരാനുള്ള സാധ്യത കുറവായിരിക്കും. കൊറോണ രോഗികളുടെ കണ്ണീരില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ചില പഠനങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചികിത്സക്കിടെ നേത്ര രോഗ വിദഗ്ധര്‍ക്കും രോഗം പകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
Media
കണ്ടൽക്കാടിന്റെ സൗന്ദര്യം നടന്നാസ്വദിക്കാൻ ‘അൽ ഗുറം’

അബുദാബി: കണ്ടൽക്കാടിന്റെ കാഴ്ചയാസ്വദിച്ച് നടക്കാൻ അബുദാബിയിൽ പുതിയ പാർക്ക് ‘അൽഗുറം’ തുറന്നു.
ശൈഖ് സായിദ് റോഡിൽ അബുദാബിയിലേക്ക് വരുന്ന ഭാഗത്താണ് വെള്ളക്കെട്ടിനും കണ്ടൽക്കാടിനും അഭിമുഖമായി മനോഹരമായ നടപ്പാതയടക്കമുള്ള പാർക്ക് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി നവീകരണം നടന്നുകൊണ്ടിരുന്ന കോർണിഷാണ് പുതിയ ഒട്ടേറെ സവിശേഷതകളുമായി സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. എല്ലാവർക്കും പ്രവേശിക്കാവുന്ന വിശ്രമ, വ്യായാമ, വിനോദകേന്ദ്രങ്ങൾ അൽ ഗുറം പാർക്കിന്റെ പ്രത്യേകതയാണെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
സന്ദർശകർക്കായി വ്യായാമ, യോഗ ഇടങ്ങൾ, 3.5 കിലോമീറ്റർ നടപ്പാത, സൈക്ലിങ് ട്രാക്കുകൾ എന്നിവയ്ക്കുപുറമേ കയാക്കിങ് ആസ്വദിക്കാനും അവസരമുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ, പുസ്തകങ്ങൾ വായിക്കുന്നതിനുള്ള ഇടങ്ങൾ എന്നിവയും കോർണിഷിൽ ഒരുക്കിയിട്ടുണ്ട്. ഇവിടത്തെ പ്രശസ്തമായ ഡോൾഫിൻ പാർക്ക് നവീകരിച്ചതിന് പുറമേ ബാർബിക്യൂ സ്റ്റേഷനുകളും പൊതുശൗചാലയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കുടുംബങ്ങൾക്കായി ഒട്ടേറെ വിനോദകേന്ദ്രങ്ങളുടെ നിർമാണമാണ് അബുദാബിയിൽ പുരോഗമിക്കുന്നത്. അബുദാബി ക്രൂയിസ് ടെർമിനലിനൊപ്പം റീം ഐലൻഡിലെ അൽ ഫേ പാർക്ക്, മാർസ മിന എന്നിവയും സഞ്ചാരികൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
കടപ്പാട് :കേരളാ ന്യൂസ്
Media
ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നു. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഓൺലൈൻ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരുന്നു. ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കാൻ നിയമ വേണമെന്നാവശ്യപ്പെട്ട് തൃശ്സൂർ സ്വദേശി പോളി വടയ്ക്കൻ നൽകിയ പൊതു താൽപ്പര്യ ഹർജിയിൽ നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നീക്കം.
കടപ്പാട് :കേരളാ ന്യൂസ്