Life
അജ്‍ഞാത മത്സ്യം തീരത്ത്; ആഴങ്ങളിൽ തിരഞ്ഞപ്പോൾ കണ്ടത് നദിയിലെ നിഗൂഢ ലോകം

ലോകത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ നദി ഏതാണെന്നറിയാമോ കൂട്ടുകാർക്ക്? ആമസോൺ എന്നാണ് ഉത്തരമെങ്കില്‍ തെറ്റി. ഇനി ആ പദവി ആഫ്രിക്കയിലെ കോംഗോ നദിക്കു നൽകേണ്ടി വരും. അത്രയേറെ നിഗൂഢമായ കണ്ടെത്തലുകളാണ് നദിയുടെ ആഴങ്ങളിൽ നിന്നു ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമുള്ള ഒൻപതാമത്തെ നദിയാണ് കോംഗോ. ഏകദേശം 2920 മൈൽ വരും നീളം. ആഫ്രിക്കയിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ നദിയും കോംഗോയാണ്.ഏറ്റവും നീളമുള്ള നദി കൂട്ടുകാർക്കെല്ലാം ഏറെ പരിചിതമായ നൈലും.
കോംഗോ നദിക്ക് ഇപ്പോൾ പുതിയൊരു റെക്കോർഡ് കൂടി സ്വന്തമായിരിക്കുകയാണ്– ലോകത്തിലെ ഏറ്റവും ആഴമുള്ള നദി. ചില ഭാഗങ്ങളിൽ 700 അടി വരെയാണ് ഇതിന്റെ ആഴം കണ്ടെത്തിയിരിക്കുന്നത്. ഇതിലേക്കു നയിച്ചതാകട്ടെ ഏതാനും കുഞ്ഞൻ മീനുകളുടെ മരണവും. ഏതാനും വർഷം മുൻപാണ് കോംഗോ നദിയിലെ ഒരു പ്രത്യേക തീരമേഖലകളിൽ ഒരുതരം മീനുകൾ ചത്തുപൊങ്ങാൻ തുടങ്ങിയതു കണ്ടെത്തിയത്. ദേഹമാകെ വെളുത്ത നിറമായിരുന്നു അവയ്ക്ക്. കാഴ്ചയും ഇല്ലായിരുന്നു.കടലിലും നദികളിലുമെല്ലാം ഏറെ ആഴങ്ങളിൽ കഴിയുന്ന മീനുകളുടെ സ്വഭാവഗുണങ്ങളായിരുന്നു ഈ വെളുത്ത നിറവും കാഴ്ചശക്തിയില്ലാത്തതും.
വെള്ളത്തിനടിയിലെ ഗുഹകളിലും മറ്റും താമസിക്കുന്നതിനാൽ ഇത്തരം മീനുകൾക്ക് ‘കേവ് ഫിഷ്’ എന്നും വിളിപ്പേരുണ്ട്.ലക്ഷക്കണക്കിനു വർഷം വെയിലേൽക്കാതെ ജീവിച്ചാണ് ഇവ ഇരുട്ടിൽ കഴിയാൻ സഹായിക്കുന്ന നിറവും മറ്റും ആർജിച്ചെടുത്തത്. പക്ഷേ കോംഗോ നദിക്കടിയിൽ ഗുഹകളൊന്നുമില്ല. മാത്രവുമല്ല വൻ അടിയൊഴുക്കുകളുമാണ്. വെള്ളത്തിനടിയിൽ വച്ചല്ല തീരത്തേക്കെത്തും മുൻപാണ് മീനുകളെല്ലാം ചത്തതെന്ന് ഒരു ഗവേഷക തിരിച്ചറിഞ്ഞു. അതായത് പെട്ടെന്ന് ആഴങ്ങളിൽ നിന്ന് മുകളിലേക്ക് കുതിച്ചപ്പോഴുണ്ടായ മർദവ്യതിയാനം കാരണം ചത്തതാണ്. ഈ പ്രശ്നം പലപ്പോഴും ആഴങ്ങളിലേക്കു കൂപ്പുകുത്തി തിരികെ വരുന്ന ഡൈവർമാർക്കും സംഭവിക്കാറുണ്ട്. മുകളിലേക്കു കുതിക്കുമ്പോൾ മർദവ്യത്യാസം കാരണം മരണം വരെ മനുഷ്യനും സംഭവിക്കാമെന്നു ചുരുക്കം. അതുതന്നെയാണ് കേവ് ഫിഷിനും സംഭവിച്ചിരിക്കുന്നത്.
നദിക്കടിയിൽ കണ്ടെത്തിയത് ഒരു നിഗൂഢലോകമായിരുന്നു. ചിലയിടത്ത് വെള്ളം കുത്തനെ താഴേക്ക് ഒഴുകുന്നു. ചിലയിടത്ത് മുകളിലേക്കും. ഒരു വെള്ളച്ചാട്ടം കൊണ്ട് അതിരു വരച്ച പോലെയായിരുന്നു ചില മേഖലകൾ. ചിലയിടത്ത് അതിശക്തമായ ചുഴികളായിരുന്നു. അതിനപ്പുറത്തേക്കു കടക്കാൻ പോലുമാകാത്ത അവസ്ഥ. ഇങ്ങനെ നദിക്കടിയിൽ പലതരം ആവാസവ്യവസ്ഥകൾ ചുഴികളാലും അടിയൊഴുക്കുകളാലും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ലോകത്ത് ഇന്നേവരെ കണ്ടെത്താത്ത ജീവികളായിരുന്നു ഓരോയിടത്തും. ഒരു പ്രത്യേക ‘പോക്കറ്റിൽ’ കാണുന്ന ജലജീവികൾ മറ്റെവിടെയും കാണാത്ത അവസ്ഥ. കോംഗോ നദിക്കടിയിൽ ഒളിച്ചിരിക്കുന്ന അസാധാരണ ജീവികളെപ്പറ്റി കൂടുതൽ ഗവേഷണം നടത്താനുള്ള ശ്രമമാണ് ഇനി നടക്കാനിരിക്കുന്നത്. വരുംനാളുകളിൽ അത്യപൂർവ ജീവികളെ കണ്ടെത്തിയെന്ന വാർത്തകളുടെ ഒഴുക്കായിരിക്കുമെന്നു ചുരുക്കം.
കടപ്പാട് :മനോരമ ഓൺലൈൻ
Life
സാങ്കേതിക ന്യായങ്ങള് പറഞ്ഞ് വിദ്യാഭ്യാസ വായ്പ നിഷേധിക്കരുത്: ബാങ്കിന് ഹൈക്കോടതിയുടെ വിമര്ശനം

കൊച്ചി: ഈടു നല്കിയ ഭൂമിയുടെ രേഖകളില് സാങ്കേതിക ന്യായങ്ങള് പറഞ്ഞു വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കിനു ഹൈക്കോടതിയുടെ വിമര്ശനം. രേഖകള് ഹാജരാക്കിയാല് രണ്ടാഴ്ചയ്ക്കകം തുക നല്കാനും സിംഗിള് ബെഞ്ച് നിര്ദേശം നല്‍കി. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിനി ശ്രുതി ന ല്കിയ ഹര്ജിയിലാണ് ഉത്തരവ്.
വായ്പ നിഷേധിച്ച ബാങ്കിന്റെ നടപടി വിദ്യാര്ഥിനിയുടെ പഠനം തുടരാനുള്ള അവസരം നഷ്ടമാക്കുന്നതും അവരുടെ ഭാവി തകര്ക്കുന്നതുമാണെന്നു ഹൈക്കോ ടതി ഉത്തരവില് പറയുന്നു. പഠനത്തില് മിടുക്കരായവര്ക്ക് ഉന്നത പഠനത്തിന് അവസരം ലഭിക്കുന്നതിനു കേന്ദ്രസര്ക്കാരിന്റെ നയപരമായ പദ്ധതിയാണു വി ദ്യാലക്ഷ്മി വായ്പാ പദ്ധതി. വെറും സാങ്കേതികതയുടെ പേരില് പഠനം മുടങ്ങിയാല് ഈ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്ക്കു വിരുദ്ധമാണെന്നും ഹൈക്കോ ടതി വ്യക്തമാക്കി.
ഹര്ജിക്കാരി റഷ്യയില് മെഡിസിനു പഠിക്കാനായി 15 ലക്ഷം രൂപ വിദ്യാലക്ഷ്മി വായ്പാ പദ്ധതി പ്രകാരം സ്റ്റേറ്റ് ബാങ്കിന്റെ ഒറ്റശേഖരമംഗലം ബ്രാഞ്ചില് അപേക്ഷ നല്കിയിരുന്നു. പിതാവിന്റെ പേരിലുള്ള ഭൂമിയാണ് ഈടു നല്കിയത്. 39 വർഷം മുമ്പ് ഭൂമി ഇഷ്ടദാനമായി ലഭിച്ചതിന്റെയും 27 കൊല്ലം മുമ്പുള്ള പവര് ഓഫ് അറ്റോര്ണിയുടെയും ഒറിജിനല് ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് വായ്പാപേക്ഷ നിരസിച്ചു.
ഇവയുടെ സാക്ഷ്യപ്പെടുത്തിയ രേഖ ഹര്ജിക്കാരി നല്കിയിട്ടും ഒറിജിനല് തന്നെ വേണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് അധികൃതര് വായ്പ നിഷേധിച്ചത്. ഫീസ് നല്കുന്നതു വൈകിയാല് പുറത്താക്കേണ്ടി വരുമെന്നു കോളജ് അധികൃതര് ജനുവരി 18ന് ഹര്ജിക്കാരിക്ക് നോട്ടീസ് നല്കിയതും ഹൈക്കോടതി കണക്കിലെടുത്തു.
കടപ്പാട് :കേരളാ ന്യൂസ്
Life
അജ്ഞാതവാഹനം ഇടിച്ച് പരിക്കേറ്റാൽ സൗജന്യ ചികിത്സ, നഷ്ടപരിഹാരവും നൽകും; മാർഗരേഖയായി

അജ്ഞാതവാഹനം ഇടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സയും നഷ്ടപരിഹാരവും നൽകാനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. ഇതിനായി ഇൻഷുറൻസിൽനിന്നു നിശ്ചിത ശതമാനം മാറ്റിവെക്കും. ഒന്നര ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുക. അപകടത്തിൽ പരിക്കേൽക്കുന്നവർക്കെല്ലാം ഈ സൗജന്യത്തിന് അർഹതയുണ്ട്. തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ 0.1 ശതമാനം വർധന വരുത്തിയാണ് നഷ്ടപരിഹാരം നൽകുക.
ദേശീയപാതാവിഭാഗം വിവിധ സേവനങ്ങൾക്ക് സെസ് ഈടാക്കുന്നതും പരിഗണനയിലുണ്ട്. ഇത്തരത്തിൽ സ്വരൂപിക്കുന്ന തുകയിൽനിന്നാകും നഷ്ടപരിഹാരവും സൗജന്യ ചികിത്സയും നൽകുക. എല്ലാ വാഹന ഇൻഷുറൻസ് പോളിസികളിലും നിശ്ചിതശതമാനം മാറ്റിവെച്ച് ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളിടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കും. അധികപ്രീമിയം ഈടാക്കാനും കമ്പനികൾക്ക് അനുമതി നൽകും.
ആശുപത്രികൾ ചികിത്സ നിഷേധിക്കാൻ പാടില്ല. ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനസർക്കാരുകളുടെ സഹായത്തോടെ നൽകാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ചികിത്സ നൽകുന്ന ആശുപത്രികൾക്ക് പിന്നീട് സർക്കാർ തുക നൽകും. ഇതിനായി കാഷ്ലെസ് സംവിധാനമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പരിക്കേറ്റ ആദ്യ മണിക്കൂറുകൾ നിർണായകമാണ്. കൃത്യമായ വൈദ്യപരിചരണം ലഭിച്ചാൽ ജീവൻ രക്ഷിക്കാനാകും. ഉത്തരവാദപ്പെട്ടവർ എത്തുന്നതുവരെ ചികിത്സ വൈകിപ്പിക്കുന്ന പതിവ് ചില ആശുപത്രികളിലുണ്ട്. ഇതൊഴിവാക്കാനാണ് സൗജന്യചികിത്സ നിർബന്ധമാക്കുന്നത്.
Sources:Metro Journal