Media
സ്കൂള്‍ ബാഗുകളുടെ ഭാരം കുറക്കണം; ഗൃഹ പാഠത്തിനും പരിധി; പുതിയ നയവുമായി കേന്ദ്ര സര്‍ക്കാര്‍

സ്കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ ബാഗുകള്‍ക്കായി ‘പോളിസി ഓണ്‍ സ്കൂള്‍ ബാഗ് 2020’ നയം പ്രഖ്യാപിച്ചു. ബാഗുകളുടെ പരമാവധി ഭാരം അഞ്ച് കിലോ ആയി നിജപ്പെടുത്തി.കുട്ടികളുടെ ഭാരത്തിന്റെ പത്തിലൊന്ന് മാത്രമേ പുസ്തകവും ഭക്ഷണവും അടങ്ങിയ ബാഗിന് ഉണ്ടാകാവൂ.
രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്റെ ഭാരം 2.2 കിലോ ആയിരിക്കണം. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ ബാഗിന്റെ പരമാവധി ഭാരമായി നിശ്ചയിച്ചത് 2.5 കിലോയാണ്. ആറ്- ഏഴ് ക്ലാസുകളില്‍ സ്കൂള്‍ ബാഗിന്റെ പരമാവധി ഭാരം 4 കിലോ ആക്കിയിട്ടുണ്ട്. എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ സ്കൂള്‍ ബാഗിന് 4.5 കിലോ വരെ ഭാരം ആകാവൂ. 10 മുതല്‍ 12 വരെ ക്ലാസുകളില്‍ സ്കൂള്‍ ബാഗിന്റെ പരമാവധി ഭാരം അഞ്ച് കിലോ ആക്കിയിട്ടുണ്ട്
നിയമം പാലിക്കാനുള്ള ബാധ്യത സ്കൂള്‍ അധികൃതര്‍ക്കാണ്. രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഗൃഹപാഠം ഒഴിവാക്കാനും കര്‍ശന നിയമം വരും. എല്ലാ ക്ലാസുകളിലും ഗൃഹപാഠം പരമാവധി ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. 10-12 ക്ലാസുകാര്‍ക്ക് രണ്ട് മണിക്കൂറിനുള്ളില്‍ ചെയ്യാവുന്ന ഹോം വര്‍ക്കേ നല്‍കാവൂ. 3-6 ക്ലാസുകള്‍ക്ക് ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ ഹോം വര്‍ക്കേ നല്‍കാവൂ. 6-8 വരെയുള്ള ക്ലാസുകളില്‍ ദിവസേന ഒരു മണിക്കൂര്‍ വീതമുള്ള ഹോം വര്‍ക്കും. കൂടാതെ സ്കൂളുകളില്‍ ലോക്കര്‍ സ്ഥാപിക്കാനും ഡിജിറ്റല്‍ ഭാരമളക്കല്‍ ഉപകരണം സ്ഥാപിക്കാനും നയത്തില്‍ ഉദ്ദേശിക്കുന്നു. കൂടാതെ ട്രോളി ബാഗ് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
Media
കുവൈത്തിൽ വിദേശികൾക്ക് റസിഡൻസ് കാർഡ് ഏർപ്പെടുത്തുന്നു

കുവൈത്തിൽ വിദേശികൾക്ക് സിവിൽ ഐഡി കാർഡിന് പകരം റെസിഡൻസ് കാർഡ് ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട് . സിവിൽ ഐഡി കാർഡ് സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പാണ് റെസിഡൻഷ്യൽ കാർഡ് തയാറാക്കി നൽകുക. വിവിധ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള റെസിഡൻഷ്യൽ നിലവിലുള്ളത് വിലയിരുത്തിയാണ് സമഗ്ര പഠനത്തിന് ശേഷം കുവൈത്തിലും ഈ രീതി നടപ്പാക്കാൻ തീരുമാനിച്ചത്.
പ്രവാസികളുടെ എല്ലാ വിവരങ്ങളും അടങ്ങുന്ന റെസിഡൻഷ്യൽ കാർഡുകൾ വിവിധ മന്ത്രാലയങ്ങളിലും ഏജൻസികളിലും ഉപയോഗപ്പെടുത്താനാവും. സിവിൽ ഇൻഫർമേഷൻ അതോറിറ്റി നൽകുന്ന തിരിച്ചറിയൽ കാർഡുകൾ നിർത്തുന്നതോടെ അതോറിറ്റി ആസ്ഥാനത്തെ തിരക്ക് ഗണ്യമായി കുറക്കാൻ കഴിയും. . സിവിൽഐഡിയുടെ അതേ സ്വഭാവത്തിൽ ഉള്ളതായിരിക്കില്ല റെസിഡൻഷ്യൽ കാർഡ്.
സ്ഥിരമായോ താൽക്കാലികമായോ കുവൈത്ത് വിടുകയോ താമസം മാറുകയോ ചെയ്യുന്ന പ്രവാസികൾ സിവിൽ ഐഡി കാർഡ് ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ട്. റെസിഡൻഷ്യൽ കാർഡുകൾ ഇത്തരം ദുരുപയോഗം തടയും. ഇഖാമ റദ്ദാക്കി വിദേശികൾ നാടുവിടുന്നു സാഹചര്യങ്ങളിൽ റെസിഡൻഷ്യൽ കാർഡുകൾ സ്വാഭാവികമായി റദ്ദാകുകയും ഉപയോഗ ശൂന്യമാകുകയും ചെയ്യും. അതിനിടെ സിവിൽ ഇൻഫർമേഷൻ അതോറിറ്റി സ്ഥാപിതമായ ശേഷം 30 ദശലക്ഷം സിവിൽ ഐഡി കാർഡുകൾ വിദേശികൾക്ക് വിതരണം ചെയ്തതായി പാസി അറിയിച്ചു.
കടപ്പാട് :കേരളാ ന്യൂസ്
Media
വാടക വീട്ടിലുള്ളവര്‍ക്കും ഇനി റേഷന്‍ കാര്‍ഡ് : ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമന്

തൃശൂര്‍: സംസ്ഥാനത്ത് ഇനി മുതല്‍ വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ്. കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ വാടകക്കരാര്‍ കാണിച്ച് അപേക്ഷിച്ചാല്‍ കാര്‍ഡ് ലഭ്യമാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന് നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
വാടക വീട്ടില്‍ താമസിക്കുന്നവര്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ഈ വീട്ടുനമ്പര്‍ ഉപയോഗിച്ച് മറ്റൊരു കുടുംബം റേഷന്‍ കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിയമസഭയില്‍ സബ് മിഷന് അവതരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മന്ത്രി വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും വാടകക്കരാറുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡ് ലഭിക്കുമെന്ന് അറിയിച്ചത്.
ഇതിനു പുറമെ പുറമ്പോക്കിലും റോഡ് വക്കിലും ഷെഡ് കെട്ടി താമസിക്കുന്ന വീട്ടുനമ്പറില്ലാത്ത കുടുംബങ്ങള്‍ക്ക് ” 00″ എന്ന രീതിയില്‍ വീട്ടുനമ്പര്‍ നല്‍കുന്നത് പുന:സ്ഥാപിക്കുവാനും തീരുമാനിച്ചു. കൂടാതെ ഒരു വീട്ടില്‍ത്തന്നെ ഒന്നിലധികം കുടുംബങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേകം റേഷന്‍ കാര്‍ഡുകളും അനുവദിക്കും. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ പ്രത്യേക അന്വേഷണം നടത്തിയാണ് ഇതിന് വേണ്ടിയുള്ള കാര്‍ഡ് അനുവദിക്കുക.