Travel
ഡ്രൈവിംഗ് ലൈസൻസിൽ വരാൻപോകുന്ന മാറ്റങ്ങളെപ്പറ്റി അറിയാൻ

കേരളത്തിലും ഏകീകൃത പോര്‍ട്ടലിലേയ്ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റാനുള്ള നടപടികൾ നടക്കുന്നു. കേരളത്തിൽ നിന്നുള്ള ഏകദേശം 85 ലക്ഷം ലൈസൻസുകളും കേന്ദ്ര ഡ്രൈവിംഗ് ലൈസന്‍സ് വിതരണ പോര്‍ട്ടലായ സാരഥിയില്‍ എത്തുന്നു. ഇത് വഴി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ രാജ്യത്തെവിടെയും സാധിക്കും. 15 അക്ക നമ്പര്‍ സംവിധാനമാണ് ഡ്രൈവിംഗ് ലൈസൻസിന് നിലവില്‍ വരിക. ആദ്യ രണ്ടക്കങ്ങള്‍ സംസ്ഥാനത്തിന്റെ കോഡ്, പിന്നീടുള്ള രണ്ടക്കങ്ങള്‍ ഓഫീസ് കോഡ്, അടുത്ത നാലക്കങ്ങള്‍ ലൈസന്‍സ് വിതരണം ചെയ്ത വര്‍ഷം, പിന്നീടുള്ള ഏഴക്കങ്ങള്‍ ലൈസന്‍സ് നമ്പര്‍ എന്നിങ്ങനെയായിരിക്കും പുതിയ ഡ്രൈവിംഗ് ലൈസൻസിലെ നമ്പറിന്റെ ഘടന.
അപ്പോൾ സാരഥിയിലേക്ക് മാറുന്ന ആളുകൾക്ക് ഏറ്റവും വലിയ ഉപകാരം എന്താണെന്ന് വച്ചാൽ നിങ്ങൾക്ക് ഇത് പുതുക്കേണ്ട സമയം വരുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് എടുത്ത ഓഫീസിൽ തന്നെ പോയി പുതുക്കണമെന്ന് ഇല്ല, മറിച്ചു ഏത് ഓഫീസിൽ പോയിട്ടാണെങ്കിലും ഇത് ലിങ്ക് ചെയ്യാവുന്നതാണ്. ഇതിലൂടെ സ്ഥലത്ത് ഇല്ലെങ്കിൽ പോലും നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് തന്നെ നിന്ന് അത് ഇന്ത്യയിൽ എവിടെ ആയാലും ലൈസൻസിന് വേണ്ടി അപേക്ഷിക്കാം, പുതുക്കാം, ഒപ്പം പിഴയും അടക്കാം, അങ്ങനെ ഒരുപാട് സൗകര്യങ്ങൾ ഉണ്ട്. പിന്നെ പിഴ വന്നുകഴിഞ്ഞാൽ ഓൺലൈൻ വഴി തന്നെ പെയ്മെൻറ് നടത്താവുന്നതാണ്.
അപ്പോൾ പുതുതായി ലൈസൻസ് എടുക്കാൻ പോകുന്ന ആളുകൾ സെൻട്രൽ ഗവൺമെൻറ് സ്കീം ആയ സാരഥി വഴി അപ്ലൈ ചെയ്യാവുന്നതാണ്, ഇനി നിലവിൽ ലൈസൻസ് ഉള്ളവർക്ക് പുതുക്കേണ്ട സമയത്ത് ഇതുപോലെതന്നെ ചെയ്തിരുന്നാൽ മതിയാകും.
Travel
ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഓരോ രാജ്യത്തും വാഹനം ഓടിക്കുന്നതിന് അതത് രാജ്യത്തെ നിയമപരമായ കടമ്പകള്‍ കടന്നേ മതിയാവൂ. അവിടെ നിയമപരമായി അംഗീകാരമുള്ള ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കണം. ജോലിക്കും വിസിറ്റ് വീസയിലും വിനോദ സഞ്ചാരത്തിനും പഠനത്തിനുമൊക്കെയായി വിദേശത്തെത്തുന്നവരില്‍ ഭൂരിപക്ഷത്തിനും ആദ്യ പ്രതിസന്ധിയും ഇതാണ്. ആറു മാസമെങ്കിലും രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്കു മാത്രമേ മിക്ക രാജ്യങ്ങളിലും ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ പോലുമാവൂ.
എഴുത്തു പരീക്ഷയ്ക്ക് ശേഷം പ്രൊവിഷനല്‍ ലൈസന്‍സ് (ലേണേഴ്സ്) ലഭിച്ചാലേ ഡ്രൈവിംഗ് ക്ലാസുകളില്‍ ചേരാന്‍ കഴിയൂ. നിശ്ചിത ആഴ്ചകളിലെ പഠനത്തിനു ശേഷം അതികഠിനമായ ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കുകയും വേണം വിദേശത്ത് ചെന്നാലുടനെ ലൈസന്‍സ് എടുക്കാമെന്ന് കരുതുകയേ വേണ്ട.
ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്
ഓരോ രാജ്യത്തെയും ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ എവിടെയാണോ പോകുന്നത് അവിടത്തെ നിയമങ്ങള്‍ വാഹനം ഓടിക്കുന്നതിനു മുന്‍പ് മനസിലാക്കിയിരിക്കണം. ചില രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ആറു മാസം വരെ ഉപയോഗിക്കാം. എന്നാല്‍ ഇതു മാത്രം കൊണ്ട് നിയമപരമായ പൂര്‍ണ സുരക്ഷിതത്വം കിട്ടണമെന്നില്ല. ഇവിടെയാണ് ഇന്ത്യയില്‍ നിന്നു തന്നെ സ്വന്തമാക്കാവുന്ന ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന്റെ പ്രസക്തി. ഇന്ത്യയില്‍ ഏതെങ്കിലും വാഹനം ഓടിക്കാനുള്ള സാധുവായ ഡ്രൈവിംഗ് ലൈസന്‍സുള്ളയാളിന് ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന് (ഐഡിപി) അപേക്ഷിക്കാം.
അപേക്ഷകന്റെ മേല്‍വിലാസം ഏത് ആര്‍ടി ഓഫിസിന്റെ പരിധിയിലാണോ അവിടെ നേരിട്ട് അപേക്ഷിക്കുകയായിരുന്നു മുന്‍പ്. എന്നാലിപ്പോള്‍ ഓണ്‍ലൈന്‍, ഓഫ്ലൈന് രീതിയിലാണ് അപേക്ഷിക്കേണ്ടത്. മോട്ടര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റായ പരിവാഹനിലാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്
അപേക്ഷ സമര്‍പ്പിക്കാന്‍ വേണ്ട രേഖകള്‍:
സാധുവായ ഡ്രൈവിംഗ് ലൈസന്‍സ്
സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ട്
സന്ദര്‍ശിക്കുന്ന രാജ്യത്തിന്റെ വീസ
പ്രസ്തുത രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ്
അപേക്ഷിക്കേണ്ടത് എങ്ങനെ?
പരിവാഹൻ വെബ്സൈറ്റിൽ ‘സാരഥി’ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ ‘അപ്ലൈ ഓൺലൈൻ’ ക്ലിക് ചെയ്യുമ്പോൾ ‘സർവീസസ് ഓൺ ഡ്രൈവിങ് ലൈസൻസ്’ ലഭിക്കും. ഇതിൽ ‘ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ്’ സെലക്ട് ചെയ്ത് രേഖകൾ അപ്ലോഡ് ചെയ്യണം. ഇതിന് ശേഷം നിർദിഷ്ട ഫീസ് ഓൺലൈനായി അടയ്ക്കുക. തുടർന്ന് ഇവയുടെ പ്രിന്റ് എടുത്ത ശേഷം ഡ്രൈവിങ് ലൈസൻസിലെ വിലാസമുള്ള സ്ഥലത്തെ ആർടി ഓഫിസിനെ സമീപിക്കണം. രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടാൽ ഇവിടെ നിന്ന് ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് അനുവദിക്കും.
ഒരു വർഷമാണ് ഐഡിപിയുടെ കാലാവധി. ചില രാജ്യങ്ങൾ 6 മാസമേ അനുവദിക്കുന്നുള്ളൂ. എന്നാൽ എവിടെയും ഇന്ത്യയിലെ സാധുവായ ഡ്രൈവിങ് ലൈസൻസ് ഐഡിപിക്ക് ഒപ്പമുണ്ടാകണം. ഇന്ത്യയിൽ ഏത വാഹനം ഓടിക്കാനാണോ ലൈസൻസ് ഉള്ളത് അതേ ഗണത്തിൽ പെട്ട വാഹനം മാത്രമേ ഓടിക്കാനാവൂ.
ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എന്ന പേരിൽ ഓൺലൈനിൽ തട്ടിപ്പുകൾ നടക്കുന്നതിനാൽ ജാഗ്രത പാലിക്കുന്നത് നന്ന്. ഓട്ടമൊബീൽ അസോസിയേഷനുകളുടെയും മറ്റും പേരിൽ ഓൺലൈനിൽ കിട്ടുന്ന ലൈസൻസ് അംഗീകൃതമാണോ എന്ന് ഓരോ രാജ്യത്തും പരിശോധിച്ചാൽ മാത്രമേ അറിയാൻ കഴിയൂ.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
Travel
വാഹന ഉടമസ്ഥാവകാശകൈമാറ്റം പൂർണമായും ഓൺലൈനിലേക്ക്

തിരുവനന്തപുരം:വാഹന ഉടമസ്ഥാവകാശകൈമാറ്റം പൂർണമായും ഓൺലൈനാക്കുന്നു. പഴയരേഖകൾ ഓഫീസിൽ തിരിച്ചേൽപ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കും. പകരം വാഹനം വിൽക്കുന്നയാൾ പുതിയ ഉടമയ്ക്ക് പഴയ ആർ.സി. കൈമാറണം. ഓൺലൈനിൽ സമർപ്പിക്കുന്ന അപേക്ഷ പരിഗണിച്ച് വാഹനം വാങ്ങുന്നയാളുടെ വിലാസത്തിൽ പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. വാഹനവിൽപ്പനയുടെ ഭാഗമായി ആരും ഓഫീസുകളിൽ എത്തേണ്ടാ.
ഓൺലൈനിൽ അപേക്ഷ നൽകിയാലും പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മോട്ടോർവാഹനവകുപ്പ് ഓഫീസിൽ എത്തിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടായിരുന്നു. ഇത് ഇടനിലക്കാർ മുതലെടുക്കുന്നുവെന്നു കണ്ടതിനെത്തുടർന്നാണ് പുതിയസംവിധാനം. തിരിച്ചറിയൽരേഖയായി ആധാർകൂടി നിർബന്ധമാക്കുന്നതോടെ പുതിയസംവിധാനത്തിന് കൂടുതൽ സുതാര്യതയുണ്ടാകും. ആധാറിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ അന്തിമ വിജ്ഞാപനം ഉടനുണ്ടാകും.
ഡ്രൈവിങ് ലൈസൻസിന്റെ കാര്യത്തിൽ വിജയകരമായി നടപ്പാക്കിയ സംവിധാനമാണ് വാഹന ഉടമസ്ഥാവകാശകൈമാറ്റത്തിലും കൊണ്ടുവരുന്നത്. ഇടനിലക്കാരെ ഒഴിവാക്കാൻ ഓൺലൈൻ അപേക്ഷകൾ മുൻഗണനാക്രമത്തിൽ തീർപ്പാക്കുന്ന സംവിധാനം ബുധനാഴ്ചമുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും.
ലൈസൻസ് ഡ്യൂപ്ലിക്കേഷൻ, വിലാസമാറ്റം എന്നിവ മുൻഗണന പ്രകാരമായിരിക്കും പരിഗണിക്കുക. ഒരു അപേക്ഷയിൽ തീർപ്പുകല്പിച്ചശേഷമേ അടുത്ത അപേക്ഷ പരിഗണിക്കൂ. രണ്ടാഴ്ചത്തെ പരീക്ഷണ ഉപയോഗത്തിനുശേഷം മറ്റുസേവനങ്ങൾക്കും മുൻഗണനാക്രമം ബാധകമാക്കും.
കടപ്പാട് :കേരളാ ന്യൂസ്