Health
പള്‍സ് പോളിയോ ജനുവരി 31ന്: 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 31നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നടത്തുന്നത്. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് പോളിയോ ബൂത്തുകളിലൂടെ പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്. കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനായി സംസ്ഥാനത്താകെ 24,690ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുക. വാക്സിനേഷന് സ്വീകരിക്കാന്‍ എത്തുന്നവര്‍ മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക,സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. 5 വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി.
തുള്ളിമരുന്ന് ലഭ്യമാകുന്ന സ്ഥലങ്ങള്‍
അങ്കണവാടികള്‍, സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നു പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതാണ്. കൂടാതെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.
രോഗപ്രതിരോധ വാക്സിനേഷന് പട്ടിക പ്രകാരം പോളിയോ പ്രതിരോധ മരുന്ന് നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനത്തില്‍ പ്രതിരോധ തുള്ളിമരുന്ന് നല്‍കേണ്ടതാണ്. എന്തെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ദിനത്തില്‍ വാക്സിന് ലഭിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തുകയും വോളണ്ടിയര്‍മാര്‍ അവരുടെ വീടുകളില്‍ പോളിയോ പ്രതിരോധ തുള്ളിമരുന്ന് എത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.
Health
ഇഎസ്ഐ അംഗങ്ങൾക്ക് ചികിത്സാനുകൂല്യത്തിന് പകുതി ഹാജർ മതി

ന്യൂഡൽഹി: കോവിഡ് കാലത്ത് ഇഎസ്ഐ അംഗങ്ങൾക്ക് ചികിത്സാനുകൂല്യങ്ങൾ, പ്രസവാനുകൂല്യം എന്നിവ ലഭിക്കാനുള്ള ഹാജർ കാലാവധി പകുതിയായി കുറയ്ക്കാൻ ഇഎസ്ഐ ബോർഡ് തീരുമാനിച്ചു. 2020 മാർച്ച് മുതൽ 2021 ജൂൺ വരെയുള്ള കാലത്താണ് ഈ ആനുകൂല്യം ലഭിക്കുക.
തൊഴിലാളികൾക്ക് ചികിത്സാ ആനുകൂല്യം ലഭിക്കാൻ കോൺട്രിബ്യൂഷൻ കാലയളവിൽ 78 ദിവസം ഹാജർ വേണമെന്ന നിബന്ധന 39 ദിവസമാക്കി കുറച്ചു. പ്രസവാനുകൂല്യം ലഭിക്കാൻ 70 ദിവസം ഹാജർ വേണമെന്ന നിബന്ധന 35 ദിവസമായും കുറയ്ക്കാൻ ബോർഡ് തീരുമാനിച്ചു.
ചികിത്സ ചെലവിന്റെ റീഇംപേഴ്സ്മെന്റ്, തൊഴിലാളികളുടെ പരാതികൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ അതതു മേഖലകളിൽ സമിതികൾ രൂപീകരിച്ചു പ്രശ്നങ്ങൾ വിലയിരുത്തും.
കടപ്പാട് :കേരളാ ന്യൂസ്
Health
ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷൻ സൗകര്യം

ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷൻ സൗകര്യം. അരോഗ്യപ്രവർത്തകർക്കുള്ള വാക്സിനുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ പൊതുജനങ്ങൾക്ക് ആപ്പിലൂടെ വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കും. എംപവേർഡ് ഗ്രൂപ്പ് ഓഫ് ടെക്നോളജീസ് ചെയർമാൻ ഡോ. രാം സേവക് ശർമ്മ ഇന്ത്യാ ടുഡേയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“അതെ, പൊതുജനങ്ങൾക്ക് ആപ്പിലൂടെ കൊവിഡ് വാക്സിനായി പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കും. വാക്സിൻ സ്വീകരണത്തിനു ശേഷം സർട്ടിഫിക്കറ്റ് നൽകുന്ന തരത്തിൽ ആപ്പിനെ സജ്ജമാക്കും. രജിസ്ട്രേഷൻ സമയത്ത് എപ്പോൾ, എവിടെവച്ച് വാക്സിനേഷൻ സ്വീകരിക്കണമെന്ന് ആളുകൾക്ക് തിരഞ്ഞെടുക്കാൻ കഴിയും.”- ഡോ. രാം സേവക് ശർമ്മ പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചവരിൽ 0.18 ശതമാനം പേർക്ക് മാത്രമാണ് പാർശ്വഫലമുണ്ടായതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതിൽ 0.002 പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് വളരെ കുറഞ്ഞ നിരക്കാണ്. കൊവിഷീൽഡ്, കൊവാക്സിനും എന്നീ വാക്സിനുകൾ സുരക്ഷിതമാണെന്നും നിതി ആയോഗ് ചെയർമാൻ വി.കെ. പോൾ പറഞ്ഞു.
ഇപ്പോൾ വാക്സിനുകളെ കുറിച്ചുള്ള ആശങ്കയ്ക്കല്ല പ്രാധാന്യം. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം, വെറും 0.18 പേരിൽ മാത്രമാണ് ഇമ്യൂണൈസേഷന് ശേഷം പാർശ്വഫലങ്ങൾ ഉണ്ടായിട്ടുള്ളത്. ഇമ്യൂണൈസേഷനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത് 0.002 പേരെയാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു. ലോകത്ത് വാക്സിനേഷൻ നടന്ന ആദ്യ മൂന്നു ദിവസങ്ങളിലെ കണക്കുകൾ അനുസരിച്ച് ഏറ്റവും കുറച്ച് പാർശ്വഫലങ്ങൾ ഉണ്ടായത് ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.